കൊച്ചി: മുന്‍ കേരള ഫുട്‌ബോള്‍ താരങ്ങള്‍ കഞ്ചാവുമായി പിടിയില്‍. 16 കിലോ കഞ്ചാവുമായി പിടിയിലായത് അണ്ടര്‍ 19 കേരള ടീം അംഗമായിരുന്ന ഷെഫീഖ്, അണ്ടര്‍ 16 പാലക്കാട് ജില്ലാടീം അംഗമായിരുന്ന ഫിറോസ് എന്നിവരാണ്. ഇവരുവരും മലപ്പുറം വളാഞ്ചേരി സ്വദേശികളാണ്. ഇവരിപ്പോള്‍ സെവന്‍സ് ഫുട്‌ബോള്‍ കളിക്കാരാണ്.

ശനിയാഴ്ച്ചയാണ് സംഭവം. ആന്ധ്രയില്‍ നിന്നാണ് ഇവര്‍ കഞ്ചാവുമായെത്തിയത്. എറണാംകുളത്ത് ട്രെയിന്‍മാര്‍ഗ്ഗം എത്തിച്ച കഞ്ചാവുമായി കലൂര്‍ ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോഴാണ് പൊലീസ് പിടിയിലാവുന്നത്. മലപ്പുറത്തുനിന്നൊരാള്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരത്തിനടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കഴിഞ്ഞ രണ്ടു ദിവസമായി ബസ് സ്റ്റാന്റും പരിസരവും കര്‍ശന നിരീക്ഷണത്തിലായിരുന്നു.

ആന്ധ്രയില്‍ നിന്നും എറണാകുളത്ത് എത്തിക്കുന്നതിന് ഇവര്‍ക്ക് 10000 രൂപയാണ് ലഭിക്കുന്നത്. ആന്ധ്രയില്‍ 5000 രൂപക്ക് ലഭിക്കുന്ന കഞ്ചാവിന് ഇവിടെ 30,000-ഓളം രൂപയുടെ വിലയുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും കോടതി റിമാന്റ് ചെയ്തു.