കോഴിക്കോട്: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍(78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്നുമണിയ്ക്കായിരുന്നു അന്ത്യം. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയാണ്. വയനാട് ജില്ലയുടെ രൂപീകരണകാലംമുതല്‍ ഇവിടെ കേന്ദ്രീകരിച്ച് പ്രവര്‍ത്തച്ചിരുന്ന അദ്ദേഹം രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച ശേഷം കോഴിക്കോട്ടായിരുന്നു വിശ്രമജീവിതം നയിച്ചത്. കോഴിക്കോട് കക്കോടിയിലെ മകന്റെ വീട്ടില്‍വെച്ചാണ് അന്ത്യം.

ബത്തേരിയില്‍ നിന്നും കല്‍പ്പറ്റയില്‍ നിന്നുമായി ആറുതവണ എം.എല്‍.എ ആയിട്ടുണ്ട്. ആന്റണി, ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമായിരുന്നു. 1991 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ കല്‍പ്പറ്റ മണ്ഡലത്തില്‍ നിന്ന് വിജയിച്ച രാമചന്ദ്രന്‍ മാസ്റ്റര്‍ 1995-96 കാലത്ത് എ.കെ ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യ പൊതുവിതരണ മന്ത്രിയായിരുന്നു.

2004ല്‍ ആന്റണി രാജിവെച്ച ശേഷം വന്ന ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യവകുപ്പ് മന്ത്രിയുമായി. സംസ്‌കാരം വൈകീട്ട് അഞ്ച് മണിക്ക് കക്കോടിയിലെ മകന്റെ വീട്ടില്‍.