വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി മുന്‍ മോഡല്‍ രംഗത്ത്. രണ്ട് ദശാബ്ദം മുമ്പ് ന്യൂയോര്‍ക്കിലെ യുഎസ് ഓപ്പണ്‍ സ്റ്റാന്റിലെ വിഐപി ബോക്‌സില്‍ വെച്ച് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ചാണ് മുന്‍ മോഡലായ ആമി ഡോറിസ് രംഗത്തെത്തിയത്. ദ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലാണ് ആരോപണം ഉന്നയിച്ചത്.

ട്രംപിന് 51 വയസ്സുള്ളപ്പോഴാണ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് ആമി ഡോറിസിന്റെ ആരോപണം. അന്ന് അവര്‍ക്ക് 24 വയസ്സായിരുന്നു പ്രായം. അതേസമയം മോഡലിന്റെ ആരോപണം ട്രംപിന്റെ അഭിഭാഷകന്‍ തള്ളി. ആരോപണത്തിന് വിശ്വാസ്യതയില്ലെന്നും പൊതുയിടത്ത് നടന്ന സംഭവത്തിന് സാക്ഷികളില്ലേയെന്നും അഭിഭാഷകന്‍ ചോദിച്ചു. അവര്‍ ആരോപിക്കുന്ന സംഭവത്തിന് ശേഷം നിരന്തരമായി അവര്‍ എന്തിനാണ് ട്രംപിനെ വന്നുകണ്ടതെന്നും അഭിഭാഷകന്‍ പറഞ്ഞു.

1997 സെപ്റ്റംബര്‍ അഞ്ചിനാണ് സംഭവം നടന്നതെന്നാണ് ആമി ഡോറിസിന്റെ ആരോപണം. രണ്ട് മക്കളുമായി ഫ്‌ലോറിഡയിലാണ് ഇവരുടെ താമസം. 2016ല്‍ ട്രംപ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഒരുങ്ങിയപ്പോള്‍ വെളിപ്പെടുത്തലിന് തയ്യാറായതാണെന്നും എന്നാല്‍ തന്റെ കുടുംബത്തെയോര്‍ത്ത് പിന്മാറിയതാണെന്നും അവര്‍ പറഞ്ഞു.