ജോധ്പൂര്‍: ബോളിവുഡ് താരം സല്‍മാന്‍ഖാനെ വധിക്കുമെന്ന് പഞ്ചാബ് അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌നോയി. ജോധ്പൂരില്‍ വെച്ച് കൊല്ലുമെന്നാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് സല്‍മാന്റെ സുരക്ഷ ശക്തമാക്കി.

ലോറന്‍സിനെ ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ഇയാള്‍ സല്‍മാനെതിരെ തിരിഞ്ഞത്. താന്‍ ജോധ്പൂരിലുണ്ടെങ്കില്‍ സല്‍മാനെ തട്ടുമെന്ന് ലോറന്‍സ് പറയുകയായിരുന്നു. സല്‍മാനെ കൊല്ലാനുള്ള ഗുണ്ടാനേതാവിന്റെ താല്‍പ്പര്യത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിവുണ്ടെന്ന് പോലീസ് കമ്മീഷ്ണര്‍ അശോക് രാത്തോഡ് പറയുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സല്‍മാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

രണ്ടു വെടിവെപ്പ് കേസുമായി ബന്ധപ്പെട്ടായിരുന്നു ലോറന്‍സ് ബിഷ്‌നോയിയെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തി വാഹനത്തിലേക്ക് കയറുമ്പോഴായിരുന്നു സല്‍മാനെതിരെയുള്ള വധഭീഷണി.