മുംബൈ: ചികിത്സക്ക് സാമ്പത്തിക സഹായം തേടിയ നടന്‍ ഫറാസ് ഖാന്റെ കുടുംബത്തിന് ബോളിവുഡ് താരം സല്‍മാന്‍ഖാന്‍ സഹായം നല്‍കും. ഫറാസ് ഖാന്റെ ആശുപത്രി ബില്‍ അടക്കുമെന്നാണ് സല്‍മാന്‍ അറിയിച്ചിരിക്കുന്നത്. നടി കാശ്‌മേര ഷായാണ് ഇക്കാര്യം ്‌റിയിച്ചത്. ഫറാസ് ഖാന്‍ ഐസിയുവില്‍ ചികിത്സയിലാണെന്നും ദയയുള്ളവര്‍ സാമ്പത്തിക സഹായം നല്‍കിയാല്‍ മാത്രമേ ഫറാസ് ഖാന് ജീവന്‍ നിലനിര്‍ത്താന്‍ കഴിയൂ എന്നും ഫറാസ്ഖാന്റെ സഹോദരന്‍ ഫഹ്മാന്‍ ഖാന്‍ അറിയിച്ചിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ സല്‍മാനെ കാശ്‌മേര ഷാ അഭിനന്ദിച്ചു. നിങ്ങള്‍ തീര്‍ച്ചയായും ഒരു വലിയ മനുഷ്യനാണ്. ഫറാസ് ഖാന്റെ മെഡിക്കല്‍ ബില്ലുകള്‍ അടച്ചതിന് നന്ദി. നടന്‍ ഫറാസ് ഖാന്‍ ഗുരുതരാവസ്ഥയിലാണ്. സല്‍മാന്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കുകയും മറ്റുള്ളവരെ സഹായിക്കുന്നതുപോലെ സഹായിക്കുകയും ചെയ്തു. ഞാന്‍ എല്ലായ്‌പ്പോഴും ഒരു യഥാര്‍ത്ഥ ആരാധകനായി തുടരും. ആളുകള്‍ക്ക് ഈ കുറിപ്പ് ഇഷ്ടമല്ലെങ്കില്‍ ഞാന്‍ കാര്യമാക്കുന്നില്ല. എന്നെ പിന്തുടരാതിരിക്കാന്‍ നിങ്ങള്‍ക്ക് ഒരു ചോയ്‌സ് ഉണ്ട്. ഇതാണ് എനിക്ക് തോന്നുന്നതും അനുഭവപ്പെടുന്നതും. ഈ ചലച്ചിത്രമേഖലയില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും യഥാര്‍ത്ഥ വ്യക്തി അദ്ദേഹമാണെന്ന് ഞാന്‍ കരുതുന്നുവെന്ന് താരം കുറിച്ചു. നിരവധി പേരാണ് സല്‍മാനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുള്ളത്.

ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍ ബാധിച്ചിരിക്കുകയാണ് താരത്തിന്. ഫറാസ് ഖാനിപ്പോള്‍ ബംഗളൂരുവിലെ ഒരു ആശുപത്രിയുടെ ഐസിയുവിലാണ്. അദ്ദേഹത്തിന്റെ സഹോദരന്‍ ഫഹ്മാന്‍ ഖാന്‍ നടന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഫണ്ട് റൈസിങ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെക്കുകയും ചികിത്സയ്ക്കായി സാമ്പത്തിക സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. 25 ലക്ഷം രൂപയാണ് ചികിത്സക്ക് ആവശ്യമായി വരുന്നത്. ‘ഫറാസ് സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ ഒരു അവസരമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന് ഐസിയുവില്‍ ആവശ്യമായ ചികിത്സ ലഭിക്കുകയും വൈദ്യസഹായം ലഭിക്കുകയും ചെയ്താല്‍ മാത്രമേ ഇത് സാധ്യമാകൂ. നിങ്ങളുടെ സഹായത്തോടെയും പിന്തുണയോടെയും മാത്രമേ ഇത് സാധ്യമാകൂ,’ അദ്ദേഹം കുറിച്ചു.

മെഹന്തി (1998), ദുല്‍ഹന്‍ ബാനൂ മെയിന്‍ തെരി (1999), ചന്ദ് ബുജ് ഗയ (2005) തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ഫറാസ് ഖാന്‍.