X

തുടര്‍ച്ചയായ തിരിച്ചടികളില്‍ അമ്പരപ്പ് ഗോദയില്‍ വിയര്‍ത്ത് ഇടതുപക്ഷം

കെ.പി ജലീല്‍
പാലക്കാട്

വോട്ടെടുപ്പിന് 11 നാള്‍ മാത്രം ബാക്കിയിരിക്കെ തുടര്‍ച്ചയായ തിരിച്ചടികളില്‍ അമ്പരന്ന് നില്‍ക്കുകയാണ് സംസ്ഥാനത്തെ ഇടതുമുന്നണിയും സര്‍ക്കാരും. ബി.ജെ.പിക്കെതിരായി കോണ്‍ഗ്രസുമായി കൂട്ടുചേരുമ്പോള്‍ ലഭിക്കുമായിരുന്ന മതേതരപ്രതിച്ഛായ മുതലെടുക്കാമെന്ന ആദ്യഘട്ടത്തിലെ അടവുനയം അപ്രതീക്ഷിതമായി കീഴ്‌മേല്‍ മറിഞ്ഞതാണ് സി.പി.എമ്മിനെയും മുന്നണിയെയും ഇപ്പോള്‍ തീര്‍ത്തും പ്രതിരോധത്തിലാക്കിയിരിക്കുന്നത്.
രാഹുല്‍ഗാന്ധിയുടെ വയനാട്ടെ സ്ഥാനാര്‍ത്ഥിത്വം, ബുദ്ധിജീവികളുടെ യു.ഡി.എഫിനുള്ള പിന്തുണ, മഹാപ്രളയം സര്‍ക്കാര്‍ വരുത്തിവെച്ചെന്ന അമികസ് ക്യൂരിയുടെ റിപ്പോര്‍ട്ട്, ദീപനിശാന്തും എ. വിജയരാഘവനും വരുത്തിവെച്ച അനവസരത്തിലുള്ള വാക്‌പ്രേയോഗങ്ങള്‍, കിഫ്ബി പദ്ധതിക്ക് ഫണ്ടിനായി എസ്.എന്‍.സി ലാവലിനുമായി ബന്ധമുള്ള കമ്പനിയെ സമീപിച്ചത്, മാധ്യമങ്ങളുടെ സര്‍വേ ഫലങ്ങള്‍ തുടങ്ങിവയാണ് പ്രചാരണത്തിന്റെആദ്യഘട്ടത്തില്‍ മുന്നിട്ടുനിന്ന സി.പി.എമ്മിന്റെ ആത്മവിശ്വാസത്തിന് കരണത്തടിയായിരിക്കുന്നത്. ഇവയെല്ലാം സ്വയം വരുത്തിവെച്ച വിനയാണെന്നതാണ് കുറ്റബോധത്താല്‍ തലതാഴ്ത്താന്‍ സി.പി.എം നേതൃത്വത്തെ നിര്‍ബന്ധിതമാക്കിയിരിക്കുന്നത്.
രാഹുല്‍ഗാന്ധി വയനാട്ടില്‍ വരുന്നതിനെതിരെ സി.പി.എമ്മിനകത്ത് രൂപംകൊണ്ട അങ്കലാപ്പ് വ്യക്തമാക്കുന്നതായിരുന്നു സി.ിപി.എം മുഖപത്രം ‘പപ്പു’ എന്ന് രാഹുലിനെ ആക്ഷേപിച്ചുകൊണ്ടുള്ള മുഖപ്രസംഗം. ഇത് തിരുത്താന്‍ പാര്‍ട്ടി നിര്‍ബന്ധിതമായതും അതിന്റെ തലേന്ന് മുന്നണികണ്‍വീനര്‍ എ. വിജയരാഘവന്‍ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യഹരിദാസിനെ ലൈംഗികമായി അധിക്ഷേപിച്ച് പ്രസംഗിച്ചതും മുന്നണിയെ മോങ്ങാനിരുന്ന നായയുടെതലയില്‍ തേങ്ങാവീണ അവസ്ഥയിലെത്തിച്ചു. ഏറ്റവുമൊടുവില്‍ തനിക്കെതിരെ സി.പി. എം നടത്തിയ വ്യക്തിപരമായ അധിക്ഷേപത്തിന് മറുപടി പറയില്ലെന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കിയതും മുന്നണിയെ കടുത്ത ആശയദ്രാരിദ്യത്തിലാണ് എത്തിച്ചിരിക്കുന്നത്. ആലത്തൂരില്‍ യൂത്ത്‌കോണ്‍ഗ്രസുകാരിയായ രമ്യഹരിദാസിന്റെ പ്രചാരണത്തിന് ആവേശം കൂട്ടിയതില്‍ ഇടതുസഹയാത്രികയായ തൃശൂരിലെ അധ്യാപിക ദീപനിശാന്തും സഹായിച്ചു. രമ്യ പാടുന്നതിനെ വിമര്‍ശിച്ചതാണ് മുന്നണിയെ സംസ്ഥാനതലത്തില്‍തന്നെ കെണിയിലാക്കിയത്. ഇനിയെന്ത് പറഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിടുമെന്നറിയാത്ത വെട്ടിലാണ് ഇടതുമുന്നണിയും വിശേഷിച്ച് സി.പി.എം നേതൃത്വവും. സീതാറാം യെച്ചൂരി രാഹുലിന് അനുകൂലമായി പരസ്യനിലപാടെടുത്തിരിക്കുന്നത് കേരളഘടകത്തെ വല്ലാതെ വെട്ടിലാക്കിയിട്ടുണ്ട്. മുസ്്‌ലിം ലീഗിനെതിരെ യോഗി ആദിത്യനാഥ് തൊടുത്ത ആക്ഷേപത്തെ നേരിടാന്‍ സി.പി.എം തയ്യാറായില്ലെന്ന് മാത്രമല്ല, അതിനെ പരോക്ഷമായി ന്യായീകരിക്കുന്ന രീതിയില്‍ കഴിഞ്ഞദിവസം പാര്‍ട്ടി നേതാവ് ബൃന്ദകാരാട്ട് നടത്തിയ പ്രസ്താവനയും സി.പി.എം കേരളഘടകത്തെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്.
തിരുവനന്തപുരത്ത് ശശിതരൂരിനെ അനുകൂലിച്ച് പ്രശസ്ത എഴുത്തുകാരന്‍ സക്കറിയയും രാഹുലിനെ പിന്തുണച്ച് പ്രമുഖ സാഹിത്യകാരി എം.ലീലാവതിയും പരസ്യമായി രംഗത്തുവന്നത് സാഹിത്യരംഗം കുത്തകയെന്നഭിമാനിച്ചുവെച്ചവരുടെ നേര്‍ക്കുള്ള പ്രഹരമായി. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ നാടായ കേരളത്തിലേക്ക് രാഹുല്‍ഗാന്ധിയെ നേരോടെ വരവേല്‍ക്കുന്നതാണ് ഉചിതമെന്ന് ഇടകുപക്ഷബുദ്ധിജീവികളും സി.പി.എമ്മിനെ ഉപദേശിച്ചു. ഇതോടെയാണ് രാഹുലിനെ വിമര്‍ശിക്കുന്നത് ദോഷം ചെയ്യുമെന്ന സ്ഥിതിയിലേക്ക് സി.പി.എമ്മിനെ ഇപ്പോഴെത്തിച്ചിരിക്കുന്നത്.
ഇതിനിടെ കഴിഞ്ഞദിവസങ്ങളിലായി മനോരമന്യൂസ് ചാനല്‍പുറത്തുവിട്ട അഭിപ്രായസര്‍വേയും ഇടതിന് മറ്റൊരാഘാതമായി. മാധ്യമങ്ങളിലല്ലെങ്കിലും സംഘടനാരംഗത്ത് വലിയമേല്‍കൈ ഉണ്ടെന്ന് കരുതിയിരിക്കുമ്പോഴാണ് കാസര്‍കോടും തിരുവനന്തപുരവും അടക്കമുള്ള കുത്തകമണ്ഡലങ്ങള്‍കൈവിട്ടുപോകുമെന്ന് മനോരമയുടെ മാര്‍ച്ചിലെ സര്‍വേ നല്‍കിയ സൂചന. സംസ്ഥാനത്തെ 20ല്‍ 15 സീറ്റുകള്‍ വരെ യു.ഡി.എഫ് നേടുമെന്നാണ് പ്രവചനം. പാലക്കാട് , ആലപ്പുഴ, വടകര എന്നിവമാത്രമാണ് എല്‍.ഡി.എഫ് നേടുകയെന്നാണ് സര്‍വേ പറയുന്നത്. മാതൃ’ൂമി സര്‍വേയിലും അഞ്ച് സീറ്റുകള്‍ മാത്രമാണ് ഇടതുമുന്നണിക്ക് പ്രവചിക്കുന്നത്. ഇത് ഇടതുമുന്നണിയുടെ അണികളെ വല്ലാതെ ആവേശം കെടുത്തിയിരിക്കയാണ്. ഒരാഴ്ചക്കുള്ളില്‍ രാഹുല്‍ വീണ്ടുമെത്തുന്നതോടെ ഈ ടെംപോ തുടര്‍ച്ചയായി നിലനിര്‍ത്താന്‍ യു.ഡി.എഫിന് കഴിയും. അതേസമയം പുറമെ ആവേശം കാട്ടുന്നുണ്ടെങ്കിലും അമിതആത്മവിശ്വാസം അപകടമാണെന്ന തിരിച്ചറിവും യു.ഡി.എഫ് നേതൃത്വത്തിനും അണികള്‍ക്കുമുണ്ട്. 16ന് രാഹുല്‍ എത്തുന്നതുവരെ ആവേശം നിലനിര്‍ത്തുകയാണ് യു.ഡി.എഫിന്റെ ഇപ്പോഴത്തെ വെല്ലുവിളി.

web desk 1: