ഹരിയാനയില്‍ ബിജെപി അധ്യക്ഷന്റെ മകന്‍ പെണ്‍കുട്ടിയെ ശല്യം ചെയ്ത സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്ന് പൊലീസ്. സംഭവ സ്ഥലത്തെ ഒമ്പതോളം സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമായി കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
മുതിര്‍ന്ന ഐഎഎസ് ഓഫീസറുടെ മകളാണ് ബിജെപി അധ്യക്ഷന്‍ സുഭാഷ് ബറാലയുടെ മകനായ വികാസ് തന്നെ അപമാനിക്കാന്‍ ശ്രമിച്ചതായി പരാതിപ്പെട്ടത്. ചണ്ഡിഗഡിലെ സെക്ടര്‍ എട്ടില്‍ നിന്നും പഞ്ച്ഗുള നഗരത്തിലേക്ക് പോകുന്നതിനിടെയാണ് വികാസും സുഹൃത്തായ ആശിഷ് കുമാറും പെണ്‍കുട്ടിയെ പിന്‍തുടരുകയും ശല്യം ചെയ്യുകയും ചെയ്തത്. ഇരുവരും മദ്യപിക്കുകയും തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കഴിഞ്ഞ ദിവസം ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.