ന്യൂഡല്‍ഹി: കേന്ദ്ര സാമൂഹ്യ ക്ഷേമ മന്ത്രി രാംദാസ് അതവാലെയ്ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇന്നു രാവിലെയാണ് മന്ത്രിക്കു വൈറസ് ബാധ കണ്ടെത്തിയത്. ശരീരവേദനയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന്​ നടത്തിയ പരിശോധനയിൽ കോവിഡ്​ സ്ഥിരീകരിക്കുകയായിരുന്നു. കോവിഡ്​ പോസിറ്റീവായതിനെ തുടർന്ന്​ അത്തേവാലയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയ ഘട്ടത്തില്‍ അതവാലെയുടെ നേതൃത്വത്തില്‍ ‘ഗോ കൊറോണ ഗോ’ മുദ്രാവാക്യവുമായി ആര്‍പിഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രി മോദിയുടെ നിര്‍ദേശപ്രകാരമുള്ള പാത്രംമുട്ടലും ഉണ്ടായത്. എന്നാല്‍ രാജ്യത്ത്് കോവിഡ് രൂക്ഷമായി വ്യാപിക്കുന്നതിനാണ് പിന്നീട് ജനങ്ങള്‍ സാക്ഷിയായത്.

കോവിഡ് സ്ഥിരീകരിച്ച വിവരം അതവാലെ തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ‘എന്റെ കോവിഡ് പരിശോധനഫലം പോസിറ്റീവാണ്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മെഡിക്കല്‍ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ പ്രവേശിച്ചു. ഈ സമയത്തിനുള്ളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കൊറോണ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. ആശങ്കവേണ്ട. നിലവില്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന പരിപാടികള്‍ റദ്ദാക്കി’, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, നടനും സംവിധായകനുമായ അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം നടത്തിയ നടി പായല്‍ ഘോഷ് എന്‍ഡിഎ ഘടക സഖ്യംകൂടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (എ)യില്‍ ചേരുന്ന ചടങ്ങ് അതവാലെ സംബന്ധിച്ചിരുന്നു. പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനാണ് അതവാലെ. ഇന്നലെയാണ് നടി പായല്‍ ഘോഷ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. അതവാലെയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലായിരുന്നു അംഗത്വമെടുക്കല്‍. നിരവധി പ്രമുഖരും ചടങ്ങില്‍ പ?െങ്കടുത്തിരുന്നു.