കണ്ണിമ വെട്ടാതെ, പരിഭവമില്ലാതെ കേരളം കാത്തിരുന്നത് ആ നിമിഷത്തിനായിരുന്നു.. ആദ്യ രണ്ട് കളികളില്‍ വേദനിപ്പിച്ചെങ്കിലും ഹൃദയം കൊടുത്ത് സ്‌നേഹിച്ച മലയാളികള്‍ക്കറിയാമായിരുന്നു ഇവര്‍ തിരിച്ചു വരുമെന്ന്.

എതിരാളികള്‍ പോലും ഭയക്കുന്ന ഈ ഫുട്‌ബോള്‍ ആരാധകരോട് വിജയത്തില്‍ കുറഞ്ഞൊന്നും നല്‍കി സമാധാനിപ്പിക്കാന്‍ ആവുമായിരുന്നില്ല- ഹ്യൂസിനും കൂട്ടര്‍ക്കും. ആ ജയത്തിന് വേണ്ടിത്തന്നെയാണ് മത്സരത്തിന്റെ ആദ്യ നിമിഷം മുതല്‍ മഞ്ഞപ്പട ഇരമ്പിയാര്‍ത്തത്. എതിര്‍ ഗോള്‍മുഖം നിരന്തരം റെയ്ഡ് ചെയ്ത് ചോപ്രയും റാഫിയുമെല്ലാം ആരാധകര്‍ക്ക് ഉത്സവ വിരുന്നൊരുക്കി.

ആദ്യ പകുതി മിക്കവാറും കളി മുംബൈ പോസ്റ്റില്‍ തന്നെയായിരുന്നെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നത് ആരാധകരെയും കളിക്കാരെയും മാനസിക സമ്മര്‍ദത്തിനടിപ്പെടുത്തിയിരുന്നു. എന്നാല്‍, രണ്ടാം പകുതിയുടെ 58ാം മിനിറ്റില്‍ സ്റ്റേഡിയത്തെ ആവേശത്തിരമാലയിലാഴ്ത്തി ആ ഗോളെത്തി. ചോപ്രയുടെ കിടിലന്‍ ഗോള്‍. ഗാലറി പൊട്ടിത്തെറിച്ച നിമിഷത്തില്‍ ചോപ്ര ഓടി, വേലിക്ക് മുകളിലൂടെ ഗാലറിയിലേക്ക്. അല്ലെങ്കിലും ഈ ഗോള്‍ ആര്‍ത്തലച്ച കാണികള്‍ക്കല്ലാതെ പിന്നെ ആര്‍ക്ക് സമര്‍പ്പിക്കാനാണ് ബ്ലാസ്‌റ്റേര്‍സ്.