കൊച്ചി: സ്വര്‍ണ വ്യാപാര രംഗത്ത് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങള്‍ ഒട്ടേറെ പ്രചാരണത്തിനാണ് ഇടവച്ചിരിക്കുന്നത്. എത്ര കുറച്ചു സ്വര്‍ണം വാങ്ങുന്നതിനും പാനും ആധാറും വേണമെന്നും ജ്വല്ലറികളില്‍ കെവൈസി (നോ യുവര്‍ കസ്റ്റമര്‍) ഫോം പൂരിപ്പിച്ചു നല്‍കണമെന്നും പ്രചാരണമുണ്ടായി. എന്താണ് ഇതിന്റെ വസ്തുത?

ഭീകര പ്രവര്‍ത്തനത്തിന് ഫണ്ട് എത്തുന്നതിനും പണം തടിപ്പും തടയുന്നതിന് ആഗോള ഏജന്‍സിയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) നല്‍കിയ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നടപടികളിലേക്കു കടന്നത്. ഇതനുസരിച്ച് പണംതട്ടിപ്പ് നിരോധന നിയമം (പിഎംഎല്‍) പ്രകാരം കഴിഞ്ഞ ഡിസംബര്‍ 28ന് ഉത്തരവിറക്കി. പത്തു ലക്ഷത്തിനു മുകളില്‍ പണമിടപാടു നടത്തുമ്പോള്‍ കസ്റ്റമറെക്കുറിച്ചുള്ള വിവരങ്ങള്‍ ജ്വല്ലറികള്‍ സൂക്ഷിക്കണമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്.

ആദായനികുതി നിയമപ്രകാരം ഇന്ത്യയില്‍ രണ്ടു ലക്ഷത്തിനു മുകളിലുള്ള ഇടപാടുകള്‍ പണമായി അനുവദനീയമല്ല. അതുകൊണ്ടുതന്നെ പിഎംഎല്‍ വിജ്ഞാപനത്തിലെ പരിധി ഫലത്തില്‍ സ്വര്‍ണ വ്യാപാര രംഗത്ത് വലിയ മാറ്റമുണ്ടാക്കില്ലെന്ന് ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടു ലക്ഷത്തില്‍ താഴെയുള്ള ഇടപാടുകള്‍ക്ക് കെവൈസി നല്‍കേണ്ടതില്ല. കെവൈസി രേഖകള്‍ എന്ന നിലയിലാണ് പാനോ ആധാറോ ആവശ്യപ്പെടുന്നത്. ചെറിയ ഇടപാടുകള്‍ക്ക് ഇവയൊന്നും വേണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

രണ്ടു ലക്ഷത്തിനു മുകളിലുള്ള ഇടപാടുകള്‍ ബാങ്കു വഴിയാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ അതിനു ബാങ്ക് രേഖകള്‍ ഉണ്ടാവും. പത്തു ലക്ഷത്തിനു മുകളില്‍ കെവൈസി വേണമെന്ന നിബന്ധന ജ്വല്ലറികള്‍ക്കു മാത്രമാണ് ബാധകമാവുകയെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.