സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് ഒറ്റയടിക്ക് 400 രൂപകുറഞ്ഞ് 37,840 രൂപയായി. 4730 രൂപയാണ് ഗ്രാമിന്റെ വില. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് 1,929.94 ഡോളറാണ് വില.

സ്വര്‍ണവില ഓരോ ദിവസവും സ്വര്‍ണവില മാറിമറിയുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ ഇടിവിന് പിന്നാലെ ഇന്നലെ പവന് 240 രൂപ വര്‍ധിച്ചിരുന്നു. ആഗസ്റ്റ് 26ന് പവന്‍ വില 38,000 രൂപയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം 240 രൂപവര്‍ധിച്ച് 38,240 രൂപയുമായി. തുടര്‍ന്നാണ് വീണ്ടും പവന് 400 രൂപയുടെ ഇടിവുണ്ടായത്.

ഇതോടെ സ്വര്‍ണവിലയില്‍ ഏറ്റവും ഉയര്‍ന്ന നിലാവരമായ പവന് 42,000 രൂപയില്‍നിന്ന് 37,840 രൂപയിലെത്തി. ആഗസ്‌റ് ഏഴിനാണ് പവന് 42,000 രൂപ എന്ന നിലയിലേക്ക് ഉയര്‍ന്നത്. തുടര്‍ന്ന് സ്വര്‍ണവിലയില്‍ വില കൂടുകയും കുറയുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. പിന്നാലെ വലിയ തോതിലുള്ള ഇടിവാണ് ഇപ്പോള്‍ പ്രകടമായിരിക്കുന്നത്.

ആഗസ്റ്റ് തുടക്കത്തില്‍ പവന്‍ സ്വര്‍ണത്തിന് 39,200 രൂപയായിരുന്നു വില. ആഗസ്റ്റ് 20 ന് പവന് 560 രൂപ കുറഞ്ഞിരുന്നു. എന്നാല്‍ പിന്നീടുള്ള നാല് ദിവസം വിലയില്‍ മാറ്റമുണ്ടായില്ല. ഇക്കഴിഞ്ഞ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പവന് 320 രൂപയും ബുധനാഴ്ച്ച 240 രൂപയും കുറഞ്ഞു. ഏറ്റവും ഉയര്‍ന്ന നിലാവരത്തില്‍ നിന്നും 17 ദിവസംകൊണ്ട് പവനില്‍ 4,160 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണമെത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്ത്യയിലെ സ്വര്‍ണ ഇറക്കുമതി തുടര്‍ച്ചയായി കുറയുകയാണ്. സാമ്പത്തിക മാന്ദ്യത്തിനൊപ്പം കൊവിഡ് വ്യാപനം കൂടി സ്വര്‍ണ വിപണിയെ ബാധിച്ചിട്ടുണ്ട്. അതേസമയം, കോവിഡ് മൂലമുള്ള തകര്‍ച്ച ഒഴിവാക്കാന്‍ ധനശേഖരം സ്വര്‍ണത്തിലേക്ക് മാറ്റിയതോടെയാണ് വില ഉയര്‍ന്ന നിലാവരത്തിലേക്കെത്തിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നവര്‍ കൂടുയതോടെയാണ് രാജ്യാന്തര വിപണിയില്‍ വില കൂടിയത്.

പിന്നാലെ കോവിഡ് വാക്‌സിനിലെ വികാസവും പ്രതീക്ഷയും വിപണിയെ ഉയര്‍ത്തിയതോടെ സ്വര്‍ണവില പതിയെ താഴുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. അമേരിക്കന്‍ ഫെഡ് റിസര്‍വ് മീറ്റിങില്‍ മറ്റ് നിക്ഷേപകര്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടായേക്കും എന്ന് സൂചനകളാണ് താല്‍ക്കാലിക വില ഇടിവിലേയ്ക്ക് നയിച്ചത്. കൂടാതെ പ്രതിസന്ധിഘട്ടത്തില്‍ സ്വര്‍ണത്തെ ആശ്രയിച്ച നിക്ഷേപകര്‍ സ്വര്‍ണം വിറ്റ് ലാഭം എടുക്കുന്നതും വില ഇടിവിന് കാരണമായി. എന്നാല്‍ ഇതുതുടരില്ലെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വില ഉയരുമെന്നുമാണ് വിദഗ്ധരുടെ നിരീക്ഷണം.