കൊച്ചി: സ്വര്‍ണക്കടത്ത് കേസിന് പിന്നില്‍ മലയാളി വ്യവസായി ആണെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി കെടി റമീസിന്റെ മൊഴി. ദാവൂദ് അല്‍ അറബി എന്ന പേരില്‍ അറിയപ്പെടുന്ന ആളാണ് ഈ വ്യവസായി എന്നും റമീസ് നല്‍കിയ മൊഴി പകര്‍പ്പില്‍ ഉണ്ട്. ഇയാള്‍ 12 തവണ സ്വര്‍ണം കടത്തിയെന്നും റമീസ് മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് റസാഖ് എംഎല്‍എക്കും കാരാട്ട് ഫൈസലിനുമെതിരായ മൊഴി കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കസ്റ്റംസിന്റെ രഹസ്യ റിപ്പോര്‍ട്ടിലാണ് സ്വര്‍ണക്കടത്തില്‍ കാരാട്ട് റസാഖ് എംഎല്‍എക്കും പങ്കാളിത്തമുണ്ടെന്ന മൊഴി പുറത്ത് വന്നത്.

റമീസ് സ്വര്‍ണം കടത്തിയത് റസാഖിനും ഫൈസലിനും വേണ്ടിയാണെന്ന് കേസിലെ പ്രധാന പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യ നല്‍കിയ മൊഴിയാണ് പുറത്ത് വന്നത്. ജൂലായ് എട്ടിനാണ് സന്ദീപിന്റെ ഭാര്യയെ കസ്റ്റംസ് വിളിച്ച് മൊഴിയെടുത്തത്. സ്വപ്‌നയുടെ ഒത്താശയോടുകൂടി സന്ദീപും സരിത്തും റമീസും നടത്തുന്ന സ്വര്‍ണക്കടത്ത് സംബന്ധിച്ച് സൗമ്യക്ക് വ്യക്തമായ വിവരമുണ്ടെന്നാണ് കണ്ടെത്തല്‍.

കാരാട്ട് റസാഖിന് കെ.ടി. റമീസുമായി ഉറ്റബന്ധമെന്ന് സന്ദീപ് നായരുടെ ഭാര്യ മൊഴി നല്‍കി. പ്രതികള്‍ തമ്മിലുള്ള ആശയവിനിമയത്തിലും എംഎല്‍എക്ക് പങ്കുണ്ട്. നിലവില്‍ കേസിലെ പ്രതിയായോ സാക്ഷിയായോ എം.എല്‍.എയെ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം കാരാട്ട് ഫൈസലിനെ നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.