മനുഷ്യരില്‍ പ്രധാനമായും കണ്ടുവരുന്ന രക്തഗ്രൂപ്പുകളാണ് എ, ബി, ഒ. ഇതിന്റെ പോസ്റ്റീവ്, നെഗറ്റീവ് ഗ്രൂപ്പുകളും എബി ഗ്രൂപ്പുകളും പൊതുവെ കണ്ടുവരാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി മറ്റൊരു ഗ്രൂപ്പ് കൂടിയുണ്ട്.

സ്വര്‍ണ രക്തം(Golden blood). ആര്‍എച്ച് നള്‍ (RhNull) എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ രക്തഗ്രൂപ്പ് ലോകത്ത് ഇതുവരെ 43 പേരിലാണ് കണ്ടെത്തിയിട്ടുള്ളത്.

UMH_C_BLOODBANK@1x_KEYVISUAL

കഴിഞ്ഞ 56 വര്‍ഷത്തിനിടെയുള്ള കണക്കുകളാണിത്. നേരത്തെ ബോംബെ എന്ന പേരില്‍ അപൂര്‍വ രക്ത ഗ്രൂപ്പ് കണ്ടെത്തിയിരുന്നു. 1952ല്‍ മുംബൈയില്‍ കണ്ടെത്തിയ ഈ രക്തഗ്രൂപ്പ് 10 ലക്ഷം ആളുകളില്‍ നാലു പേര്‍ക്ക് മാത്രമാണുണ്ടാവുക.

സ്വര്‍ണ രക്തം

മനുഷ്യ ശരീരത്തിലെ രക്തകോശത്തില്‍ 342 ആന്റിജന്‍സ് ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇവ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കും. ആന്റിജന്റെ സാന്നിധ്യവും അസാന്നിധ്യവും പരിഗണിച്ചാണ് ഒരാളുടെ രക്തഗ്രൂപ്പ് നിര്‍ണയിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഒരു വ്യക്തിയുടെ രക്തത്തില്‍ 345 ആന്റിജനുകളില്‍ 160 എണ്ണമെങ്കിലുമുണ്ടാവും. ഇവയില്‍ ആര്‍.എച്ച് സംവിധാനത്തിന്റെ 61 ആന്റിജനുകളുണ്ടാകും.

ഇവ തീരെ ഇല്ലാത്ത രക്തഗ്രൂപ്പുകളാണ് ആര്‍.എച്ച് നള്‍ ഗ്രൂപ്പ് അഥവാ സ്വര്‍ണരക്തം ആയി കണക്കാക്കുന്നത്. ഈ ഗ്രൂപ്പിന്റെ രക്തദാതാക്കളായി വെറും ഒമ്പതു പേരാണ് ലോകത്ത് ഇന്ന് ജീവിച്ചിരിപ്പുള്ളത്്.

ആദ്യമായി കണ്ടെത്തിയത്

1974ല്‍ ജനീവയിലെ യൂണിവേഴ്‌സിറ്റി ആസ്പത്രിയില്‍ തോമസ് എന്ന പത്ത് വയസ്സുകാരനിലാണ് ഈ രക്തഗ്രൂപ്പ് ആദ്യമായി കണ്ടെത്തിയത്.

ആദ്യ പരിശോധനയില്‍ തന്നെ തോമസിന്റെ രക്തഗ്രൂപ്പില്‍ അപൂര്‍വതകള്‍ തിരിച്ചറിഞ്ഞ ഡോക്ടര്‍മാര്‍ ആംസ്റ്റര്‍ഡാം, പാരീസ് എന്നിവിടങ്ങളില്‍ രക്തം അയച്ച് പരിശോധിച്ചതില്‍ നിന്നാണ് ആര്‍എച്ച് ആന്റിജന്‍ ഇല്ലെന്ന് കണ്ടെത്തിയത്.

ഡോക്ടര്‍മാരെ അത്ഭുതപ്പെടുത്തിയെങ്കിലും പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 43 ആളുകളുടെ രക്തത്തില്‍ ഇതേ പ്രതിഭാസം കണ്ടെത്തി.

പ്രയാസമേറി രക്തദാനം

ആര്‍ക്കു വേണമെങ്കിലും ഈ ഗ്രൂപ്പുകാര്‍ക്ക് രക്തം ദാനം ചെയ്യാന്‍ സാധിക്കുമെങ്കിലും ലഭ്യതകുറവാണ് ഏറ്റവും പ്രധാന വെല്ലുവിളി.

ദാതാക്കള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായതാണ് മറ്റൊരു വെല്ലുവിളി. പല രാജ്യങ്ങളും ഇത്തരമൊരു രക്തദാനം അനുവദിക്കുന്നില്ല. അനുവദിച്ചാല്‍ തന്നെ രക്തദാതാക്കള്‍ യാത്രാചെലവുകള്‍ സ്വയം വഹിക്കേണ്ട അവസ്ഥയാണുള്ളത്.

സ്വര്‍ണരക്തക്കാര്‍ക്ക് സാധാരണ ജീവിതം നയിക്കാനാവുമെങ്കിലും ഇവരില്‍ പൊതുവെ രക്തക്കുറവ് കണ്ടെത്താറുണ്ട്. അതിനാല്‍ ഇത്തരം ഗ്രൂപ്പുകാരുടെ ആരോഗ്യത്തില്‍ ഏറെ ശ്രദ്ധ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. യാത്ര വേളകളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.