X

‘ഗോണ്‍സാലസിന്റെ മുഖത്ത് ഇടിക്കാന്‍ സാധിക്കാത്തതാണ് തന്റെ സങ്കടം’ ; പൊട്ടിത്തെറിച്ച് നെയ്മര്‍

പാരിസ്: ഫ്രഞ്ച് ലീഗ് ഫുട്‌ബോളില്‍ പിഎസ്ജിയും മാഴ്‌സയും തമ്മിലുള്ള മത്സരം കളിയേക്കാളേറെ കണ്ടത് കൈയാങ്കളി ആയിരുന്നു. പി.എസ്.ജിയുടെ സൂപ്പര്‍ താരം നെയ്മര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് ചുവപ്പ് കാര്‍ഡും 12 താരങ്ങള്‍ക്ക് മഞ്ഞക്കാര്‍ഡുമാണ് മത്സരത്തില്‍ ലഭിച്ചത്. നെയ്മറെക്കൂടാതെ പിഎസ്ജിയില്‍ ലെവിന്‍ കുര്‍സാവ, ലിയാന്‍ഡ്രോ പരദേസ് എന്നിവര്‍ക്കും മാഴ്‌സയില്‍ ജോര്‍ദാന്‍ അമാവി, ഡാരിയോ ബെനെഡെറ്റോ എന്നിവര്‍ക്കുമാണ് ചുവപ്പ് കാര്‍ഡ് കിട്ടിയത്. മത്സരത്തില്‍ പിഎസ്ജി ഒരൊറ്റ ഗോളിന് തോല്‍ക്കുകയും ചെയ്തു.

എന്നാല്‍ ഇതിന് പിന്നാലെ മാഴ്‌സ പ്രതിരോധ താരം അല്‍വാരോ ഗോണ്‍സാലസിനെതിരേ ഗുരുതര ആരോപണവുമായി നെയ്മര്‍ രംഗത്തെത്തി. മത്സരത്തിനിടെ ഗോണ്‍സാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചു എന്നാണ് നെയ്മറിന്റെ ആരോപണം. ഇതേ തുടര്‍ന്നാണ് ഗോണ്‍സാലസിന്റെ തലയ്ക്ക് പിന്നില്‍ താന്‍ ഇടിച്ചതെന്നും നെയ്മര്‍ വ്യക്തമാക്കുന്നു.

മത്സരശേഷം തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ നെയ്മര്‍ ഗോണ്‍സാലസിനെ തെറി വിളിച്ച് ബ്രസീല്‍ താരം വീണ്ടും രംഗത്തെത്തി. ഗോണ്‍സാലസിന്റെ മുഖത്ത് ഇടിക്കാത്തതാണ് തന്റെ സങ്കടം എന്നു പറഞ്ഞ നെയ്മര്‍ അസഭ്യമായ വാക്ക് ഉപയോഗിച്ചാണ് മാഴസ പ്രതിരോധ താരത്തെ അഭിസംബോധന ചെയ്തത്. ഇതിനെതിരേ ഗോണ്‍സാലസും രംഗത്തെത്തി. പരാജയം ഉള്‍ക്കൊള്ളാന്‍ നെയ്മര്‍ക്ക് അറിയില്ലെന്നും ഗ്രൗണ്ടില്‍ സംഭവിക്കുന്നത് ഗ്രൗണ്ടില്‍ തീര്‍ക്കാന്‍ അറിയണമെന്നുമായിരുന്നു ഗോണ്‍സാലസിന്റെ മറുപടി.

web desk 3: