ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകയും, ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാളെ കൂടി എസ്.ഐ.ടി സംഘം പിടികൂടി. കുടക് ജില്ലയിലെ മടിക്കേരിയില്‍ നിന്നുമാണ് രാജേഷ് ബംഗ്ര (50) എന്നയാളെ എസ്.ഐ.ടി സംഘം അറസ്റ്റു ചെയ്തത്. മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ബംഗ്രയെ ആഗസ്റ്റ് ആറു വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ടാഴ്ചക്കിടെ ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് എസ്.ഐ.ടി സംഘം പിടികൂടുന്ന നാലാമത്തെയാളാണ് ബംഗ്ര. കഴിഞ്ഞ ആഴ്ച അമിത് ബഡ്ഢി, ഗണേഷ് മിസ്‌കിന്‍, ആയുര്‍വേദ പ്രാക്ടീഷണറായ മോഹന്‍ നായക് എന്നിവരെ ഹുബ്ബള്ളിയില്‍ നിന്നും എസ്.ഐ.ടി സംഘം പിടികൂടിയിരുന്നു. ഗൗരി ലങ്കേഷ് വധ ഗൂഡാലോചനയില്‍ രാജേഷ് ബംഗ്രയുടെ പങ്കിനെ കുറിച്ച് എസ്.ഐ.ടി സംഘം വെളിപ്പെടുത്തിയിട്ടില്ല. അതേ സമയം മുഖ്യപ്രതികളായ അമോല്‍ കാലെ, അമിത് ദേഗ്‌വേകര്‍ എന്നിവരുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. ഗൗരി ലങ്കേഷ് വധക്കേസില്‍ കെ.ടി നവീന്‍ കുമാര്‍, സുദിത് കുമാര്‍ എന്ന പ്രവീണ്‍, അമോല്‍ കാലെ, അമിത് ദേഗ് വേകര്‍, മനോഹര്‍ യെദവെ, പരശു റാം വാഗ്‌മോറെ എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.