X

ഗൗരി ലങ്കേഷ് വധം; അഭിനവ് ഭാരതിലെ അംഗങ്ങള്‍ ബോംബ് നിര്‍മ്മാണ ക്യാമ്പുകളില്‍ പങ്കെടുത്തിരുന്നുവെന്ന് റിപ്പോര്‍ട്ട്

ബാംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷ് വധവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി കര്‍ണ്ണാടക പൊലീസ്. ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരതിലെ നാല് അംഗങ്ങള്‍ 2011 മുതല്‍ 2016വരെ രാജ്യത്ത് സ്‌ഫോടനങ്ങള്‍ നടത്തിയ സനതന്‍ സാന്‍സ്ത്ത ഗ്രൂപ്പുകളുടെ രഹസ്യ ബോംബ് നിര്‍മ്മാണ ക്യാമ്പുകളില്‍ പങ്കെടുത്തിരുവെന്ന് പൊലീസ് അറിയിച്ചു. ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് ബാംഗളൂരു കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പുതിയ വെളിപ്പെടുത്തല്‍.

അഭിനവ് ഭാരതിലെ ഒളിവില്‍ പോയവര്‍ സംജോത എക്‌സ്പ്രസ് സ്‌ഫോടനം, മക്ക മസ്ജിദ് സ്‌ഫോടനം, അജ്മീര്‍ ദര്‍ഗ സ്‌ഫോടനം, മാലേഗാവ് സ്‌ഫോടനം എന്നീ സ്‌ഫോടനങ്ങളുമായി ബന്ധമുള്ളവരാണ്. രാംജി കല്‍സാന്‍ഗ്ര, സന്ദീപ് ഡാന്‍ജെ എന്നിവരെ പിടികിട്ടാപുള്ളികളായി പൊലീസ് പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പിയുടെ ഭോപ്പാല്‍ സ്ഥാനാര്‍ത്ഥി പ്രഗ്യാസിങ് താക്കൂര്‍ മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയാണ്.

ഗൗരി ലങ്കേഷ് വധകേസില്‍ സനാതന്‍ സനസ്തയുമായി ബന്ധപ്പെട്ട മൂന്നുപേര്‍ അറസ്റ്റിലായതായി പൊലീസ് പറയുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബാബാജി, ഗുരുജി എന്നിങ്ങനെ പേരിലുള്ളവര്‍ ക്യാമ്പുകളില്‍ പങ്കെടുത്തതായി പൊലീസിന് വിവരം ലഭിച്ചു. അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ സുരേഷ് നായരാണ് ബാബാജി എന്ന് പൊലീസ് തിരിച്ചറിഞ്ഞു. സംജോത എക്‌സ്പ്രസ് സ്‌ഫോടനവുമായി ബന്ധപ്പെട്ടുള്ള മൂന്നുപേരും ക്യാമ്പുകളില്‍ പങ്കെടുത്തതായി തെളിഞ്ഞിട്ടുണ്ട്. അഞ്ചാമതായി പങ്കെടുത്ത പ്രതാപ് ഹസ്ര എന്നയാള്‍ പശ്ചിമ ബംഗാളിലെ ഹിന്ദുത്വ സംഘടനയായ ഭവാനി സേനയിലെ അംഗമാണ്.

സനതന്‍ സനസ്ത രാജ്യത്ത് 19-ഓളം ബോംബ് നിര്‍മ്മാണ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണ്ണാടക എന്നിവിടങ്ങളിലായി നടത്തിയ ക്യാമ്പുകളില്‍ ഇവര്‍ പങ്കെടുത്തിരുന്നുവെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

chandrika: