X

അയാക്‌സ് താരങ്ങൾ സെമി കളിച്ചത് റമസാൻ വ്രതമെടുത്ത്; ഗോളടിച്ച് ഹക്കീം

ആംസ്റ്റർഡാം: യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ രണ്ടാം പാദത്തിൽ ടോട്ടനം ഹോട്‌സ്പറിനെ നേരിടുമ്പോൾ അയാക്‌സ് താരങ്ങളായ ഹക്കീം സിയെക്കും നുസൈർ മസ്രോയിയും കളിക്കുക റമസാൻ വ്രതമെടുത്തെന്ന് റിപ്പോർട്ട്‌. റമസാൻ പകലിൽ അന്നപാനീയങ്ങൾ കഴിക്കാതിരിക്കാനുള്ള അനുവാദം ടീം മാനേജ്‌മെന്റിൽ നിന്ന് വാങ്ങിയിട്ടുള്ള ഇരുവരും ആംസ്റ്റർഡാം അറീനയിൽ നടക്കുന്ന മത്സരത്തിൽ തുടക്കം മുതലേ കളിച്ചിരുന്നു. ആദ്യപകുതിയിൽ നോമ്പുമുറിക്കാനുള്ള സമയമായപ്പോൾ ഇരുവരും ടച്ച് ലൈനിൽ വന്ന് എനർജി ജെൽ കളിച്ചാണ് വ്രതം അവസാനിപ്പിച്ചത്.

പ്രാദേശിക സമയം 9 മണിക്കാണ് മത്സരം ആരംഭിച്ചത്. നെതർലന്റ്‌സിൽ മഗ്‌രിബ് ബാങ്ക് വിളിക്കുന്നതാകട്ടെ 9.17 നും. മത്സരം 23 മിനുട്ട് പിന്നിട്ടപ്പോൾ പന്ത പുറത്തുപോയ ഉടനെയാണ് ഹക്കീം നുസൈറും ടീം അധികൃതരിൽ നിന്ന് എനർജി ജെൽ വാങ്ങിക്കഴിച്ചത്. 36-ാം മിനുട്ടിൽ ഹക്കീം സിയെക്ക് ഗോൾ നേടുകയും ചെയ്തു. എന്നാൽ രണ്ടാം പകുതിയിൽ ലൂക്കാസ് മോറ നേടിയ ഹാട്രിക്കിന്റെ കരുത്തിൽ 2-3ന് ജയിച്ച് ടോട്ടനം ഹോട്‌സ്പർ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു.

മൊറോക്കോ ദേശീയ ടീം താരമായ ഹക്കീം സിയെക്ക് 2016 മുതൽ അയാക്‌സ് ടീമിലെ സ്ഥിരാംഗമാണ്. ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരെ ഇരുപാദങ്ങളിലും ഗോൾ നേടിയ താരം സെമി ആദ്യപാദത്തിൽ ടോട്ടനത്തിനെതിരായ ഗോളിന് വഴിയൊരുക്കുകയും ചെയ്തു. നെതർലാന്റ്‌സിൽ ജനിച്ചുവളർന്ന അദ്ദേഹം ഡച്ച് യൂത്ത് ടീമുകൾക്കു വേണ്ടി കളിച്ചെങ്കിലും പിന്നീട് തന്റെ മാതാപിതാക്കളുടെ നാടായ മൊറോക്കോയുടെ സീനിയർ ടീമിലാണ് അരങ്ങേറിയത്. 21-കാരനായ നുസൈർ മസ്രോയും മൊറോക്കോ ദേശീയ താരം തന്നെ. അയാക്‌സിന്റെ യൂത്ത് അക്കാദമിയിലൂടെ കളി പഠിച്ച താരം റൈറ്റ് ബാക്കായാണ് കളിക്കുന്നത്. അയാക്‌സ് ഡച്ച് കിരീടം നേടിയ മത്സരത്തിൽ ഇരുവരും സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നു.

ഇസ്ലാം മതാചാരങ്ങൾ അനുഷ്ഠിക്കുന്ന ഹക്കീമും നുസൈറും റമസാൻ പകലുകളിൽ ഭക്ഷണ പാനീയങ്ങൾ കഴിക്കില്ലെന്ന് ആഴ്ചകൾക്കു മുമ്പുതന്നെ ക്ലബ്ബിനെ അറിയിച്ചിരുന്നു. ദൈനംദിന പരിശീലനത്തിൽ പങ്കെടുക്കുമെങ്കിലും മഗ്‌രിബിന് ശേഷം മാത്രമേ ഭക്ഷണം കഴിക്കൂ എന്ന് ഇരുവരും വ്യക്തമാക്കി. നെതർലന്റ്‌സിൽ പുലർച്ചെ 5.01 ന് ആരംഭിക്കുന്ന വ്രതം രാത്രി 9.17 നാണ് അവസാനിക്കുന്നത്.

പ്രൊഫഷണൽ ഫുട്‌ബോളർമാർ മത്സരങ്ങൾക്കു വേണ്ടി നോമ്പ് ഉപേക്ഷിക്കുന്നതിൽ തെറ്റില്ലെന്ന് ഈജിപ്ത് ഗ്രാന്റ് മുഫ്തി ഷൗകി അല്ലം 2017-ൽ വ്യക്തമാക്കിയിരുന്നു. 2018 ലോകകപ്പ് മത്സരങ്ങൾക്കിടെ ഈജിപ്ത് താരങ്ങൾക്ക് നോമ്പെടുക്കാതെ കളിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: