X

വിദ്യാര്‍ത്ഥികളെയും വിടാത്ത സര്‍ക്കാര്‍ – എഡിറ്റോറിയല്‍

ബജറ്റിലൂടെ 4500കോടി രൂപയുടെ അധികബാധ്യത ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ വിദ്യാര്‍ത്ഥികളുടെയും കഴുത്തിന് പിടിച്ചിരിക്കുകയാണ്. കെ.എസ്.ആര്‍.ടി.സിയിലെ സൗജന്യ യാത്രാ കണസഷന്‍ കട്ട് ചെയ്ത്‌കൊണ്ടാണ് വിദ്യാര്‍ത്ഥികളോടുള്ള യുദ്ധപ്രഖ്യാപനം. അണ്‍ എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളിലെ ബി.പി.എല്‍ വിദ്യാര്‍ത്ഥികള്‍ ഒഴികയുള്ളവരുടെയും ആദായ നികുതിയോ ജി.എസ്.ടി റിട്ടേണോ നലകുന്നവരുടെ മക്കളെയുമാണ് കണ്‍സഷന്‍ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നത്.

യാത്രാ ഇളവിനുള്ള പ്രായ പരിധി 25 ആക്കി നിജപ്പെടുത്തുകയും ചെയ്തിരിക്കുന്നു. സൗജന്യ യാത്രക്ക് മാത്രം വര്‍ഷത്തില്‍ 130 കോടി രൂപ കോര്‍പറേഷന് അധിക ബാധ്യത വരുന്നുണ്ടെന്നും ഇത് സ്ഥാപനത്തിന്റെ തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന ഘടകങ്ങളിലൊന്നാണെന്നും പറഞ്ഞാണ് ഈ കടുംവെട്ട് തീരുമാനത്തിലേക്ക് മാനേജ്‌മെന്റ് നീങ്ങിയിരിക്കുന്നത്.

വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്‌നം നമ്മുടെ നാട്ടിലെ വലിയ ചര്‍ച്ചാവിഷയമാണ്. കുട്ടികള്‍ക്ക് സ്‌കൂളുകളിലും കോളജുകളിലുമെല്ലാം എത്താന്‍ ഇന്നും നരകയാതന തന്നെ അനുഭവിക്കേണ്ട സാഹചര്യമാണുള്ളത്. സ്വകാര്യ ബസുകള്‍ അവരെ രണ്ടാം നിര പൗരന്‍മാരായി കാണുകയും ടിക്കറ്റില്‍ ഇളവ് നല്‍കുന്നു എന്ന കാരണത്താല്‍ യാത്രയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നത് പതിവാണ്.

സീറ്റ് ഒഴിവുണ്ടെങ്കിലും ഇരിക്കാന്‍ പാടില്ല, ബസ് പുറപ്പെടുമ്പോള്‍ മാത്രമേ കയറാന്‍ പാടുള്ളൂ, കണ്‍സഷന്‍ തുക കൃത്യമായല്ല നല്‍കുന്നതെങ്കില്‍ ബാക്കിലഭിക്കില്ല തുടങ്ങിയ അലിഖിത നിയമങ്ങള്‍ അവയില്‍ ചിലതുമാത്രമാണ്. ഇങ്ങനെ ബസുകളുടെ മത്സരയോട്ടത്തിന്റെ ഫലമായി ബലിയാക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ സുഖമമായ യാത്രക്കുള്ള ഏക ആശ്രയം സര്‍ക്കാര്‍ സംവിധാനമായ കെ.എസ്.ആര്‍.ടി.സിയാണ്. എന്നാല്‍ പൊതു ഗതാഗത സംവിധാനവും ഈ രീതിയില്‍ വിദ്യാര്‍ത്ഥികളെ കൈയ്യൊഴുന്ന തീരുമാനത്തിലേക്കെത്തുമ്പോള്‍ അത് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തെ തന്നെ കാര്യമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മാത്രമല്ല സ്റ്റുഡന്റ് ടിക്കറ്റിന്റെ ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് കാലങ്ങളായി സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ തീരുമാനം അവരുടെ ആവശ്യത്തിന് ആക്കം കൂട്ടുകയും ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയും ചെയ്യും.

വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍, സ്വശ്രയം എന്ന് രണ്ടായിത്തിരിക്കുന്ന ഇടതു സര്‍ക്കാറിന്റെ പിന്തിരിപ്പന്‍ നീക്കത്തിനും പുതിയ തീരുമാനം അടിവരയിടുന്നു. യഥാര്‍ത്ഥത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്ത്‌കൊടുക്കുന്നതിലുള്ള സര്‍ക്കാറിന്റെ അപര്യാപ്തതയില്‍ നിന്നാണ് ഈ സംവിധാനങ്ങള്‍ ഉടലെടുത്തത്.

എസ്.എസ്.എല്‍.സിയും പ്ലസ്.ടുവും ഉന്നതമാര്‍ക്കോടെ തന്നെ വിജയിച്ചിട്ടും തുടര്‍ പഠനത്തിന് അവസരം ലഭിക്കാത്ത നമ്മുടെ കുട്ടകള്‍ ഇതര സംസ്ഥാനങ്ങളിലേക്കും അന്യ നാടുകളിലേക്കും കൂട്ടത്തോടെ പലായനം ചെയ്യുകയും നാടിന്റെ പുരോഗതിക്കുവേണ്ടി ഉപയോഗപ്പെടുത്തേണ്ട വിഭവ ശേഷി ചോര്‍ന്നുപോകുകയും ചെയ്യുന്ന സാഹചര്യം വന്നപ്പോഴാണ് 2001 ലെ ആന്റണി സര്‍ക്കാര്‍ വിപ്ലവകരമായ നീക്കത്തിലൂടെ സ്വാശ്രയ വിദ്യാഭ്യാസ സംരംഭത്തിന് തുടക്കമിട്ടത്. എന്നാല്‍ ഈ സംവിധാനത്തിന്റെ ബീജാവാപം മുതല്‍ അതിനെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇടതുപക്ഷം നടത്തിക്കൊണ്ടിരുന്നത്. കാലമെത്ര മാറിയിട്ടും ഈ വരട്ടു തത്വശാസത്രം ഇനിയും ഉപേക്ഷിച്ചിക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ലെന്ന പ്രഖ്യാപനത്തിന്റെ പ്രതിഫലനംകൂടി സ്വാശ്രയ, അണ്‍ എയ്ഡഡ് വിദ്യാര്‍ത്ഥികളെ പൂര്‍ണമായും കണ്‍സഷനില്‍നിന്ന് ഒഴിവാക്കിയിതലൂടെ പ്രകടമാകുന്നു.

ഇതര സംസ്ഥാനങ്ങളും വിട്ട് മറ്റുരാജ്യങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ കുടിയേറ്റം നിയമസഭയില്‍പോലും കനത്ത ചര്‍ച്ചക്കുവഴിവെക്കുമ്പോള്‍ അതിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ കുലങ്കശമായ ചര്‍ച്ചകളുടെയൊന്നും ആവശ്യമില്ലെന്നും കെ.എസ്.ആര്‍.ടി.സിയുടെ പുതിയ തീരുമാനം വിളിച്ചുപറയുന്നു.

പൊതുസംവിധാനങ്ങളെ ലാഭംകൊണ്ടുവരുന്ന വ്യവസായങ്ങളായി കാണുകയും അതിന്റെ സാമൂഹ്യ പ്രസക്തിക്ക് ഒരുവിലയും കല്‍പ്പിക്കാതെ നഷ്ടത്തിലാകുമ്പോള്‍ അടച്ചുപൂട്ടുകയും ചെയ്യുന്ന സമീപനമാണ് നരേന്ദ്രമോദി സര്‍ക്കാറിന്റേത്. പലകാര്യങ്ങളിലും മോദി സര്‍ക്കാറിന്റെ രീതികളെ പകര്‍ത്താന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാര്‍ പൊതു ഗതാഗതത്തിന്റെ കാര്യത്തിലും ഇത് പിന്തുടരുകയാണ്. അത്‌കൊണ്ടാണ് കെ.എസ്.ആര്‍.ടി.സി വാഹന ഗതാഗത രംഗത്ത് നാടിന് നല്‍കുന്ന സംഭാവനകളെ തിരിച്ചറിയാതെ ലാഭ നഷ്ടങ്ങളുടെ കണക്കുനോക്കി അതിനെ വിലയിരിത്തുന്നതും ജീവനക്കാരെയും യാത്രക്കാരെയും ഒരു പോലെ തള്ളിപ്പറയുന്നതും.

ചുരുക്കത്തില്‍ നികുതി വര്‍ധനയിലൂടെയും ഇന്ധന വില വര്‍ധനയിലൂടെയുമെല്ലാം ജീവിതം വഴിമുട്ടിയ നാട്ടിലെ സാധാരണക്കാന്‍ തന്നെയാണ് കെ.എസ്.ആര്‍.ടിസിയുടെ പുതിയ തീരുമാനത്തിന്റെയും പ്രത്യാഘാതം അനുഭവിക്കേണ്ടി വരിക. കാരണം അവരുടെ മക്കള്‍ അമേരിക്കയിലും ഇംഗ്ലണ്ടിലുമൊന്നുമല്ലല്ലോ പഠിക്കുന്നത്.

webdesk13: