kerala

ഗോവിന്ദച്ചാമി പിടിയില്‍; ഒളിച്ചിരുന്നത് കണ്ണൂര്‍ നഗരത്തിലെ വീട്ടിലെ കിണറ്റില്‍

By webdesk17

July 25, 2025

കണ്ണൂര്‍ ജയില്‍ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയില്‍. കണ്ണൂര്‍ നഗരത്തിലെ തളാപ്പില്‍ ഒരു വീട്ടിലെ കിണറില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പൊലീസ് സംഘം വീട് വളഞ്ഞ് ഇയാളെ പിടികൂടി. ഗോവിന്ദച്ചാമിയെ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.

കറുത്ത പാന്റും കറുത്ത ഷര്‍ട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. ഇന്ന് രാവിലെ ജയില്‍ അധികൃതര്‍ സെല്‍ പരിശോധിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത് അറിയുന്നത്.

പുലര്‍ച്ചെ 1.15ഓടെ ഇയാള്‍ ജയില്‍ ചാടിയത്. സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് ഇയാള്‍ പുറത്തെത്തിയത്. വ,്ത്രങ്ങള്‍ കൂട്ടിക്കെട്ടി വടമുണ്ടാക്കി ഇയാള്‍ മതില്‍ ചാടുകയായിരുന്നു.

2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍വച്ച് സൗമ്യ മരിച്ചു.

കേസില്‍ ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സംശയത്തിന്റെ ആനുകൂല്യം കണക്കാക്കിലെടുത്ത് വധശിക്ഷ സുപ്രീം കോടതി 2016 ല്‍ റദ്ദാക്കി ജീവപര്യന്തമായി മാറ്റുകയുമായിരുന്നു.