ഡല്‍ഹി: ജിഎസ്ടിയില്‍ കേന്ദ്രസര്‍ക്കാര്‍ നിയമം ലംഘിച്ചെന്ന് സിഎജിയുടെ സുപ്രധാന കണ്ടെത്തല്‍. സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട ജിഎസ്ടി കോമ്പന്‍സേഷന്‍ ഫണ്ടിലേയ്ക്ക് നികുതി എത്തുന്നത് തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ തുക വകമാറ്റി ഉപയോഗിച്ചിക്കുകയായിരുന്നു. 2017-18 , 2018-19 സാമ്പത്തിക വര്‍ഷമാണ് സര്‍ക്കാര്‍ നിയമം ലംഘിച്ചത്.

2017-18 , 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 47,272 കോടി രൂപയെങ്കിലും ഈ വിധത്തില്‍ കേന്ദ്രം കൈക്കലാക്കിയെന്നാണ് റിപ്പോര്‍ട്ടില്‍ സിഎജി പറയുന്നു.കേന്ദ്രത്തിന്റെ വീഴ്ചയല്ല മറിച്ച് കോമ്പന്‍സേഷന്‍ ഫണ്ടില്‍ തുകയില്ലാത്തതാണ് സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം നല്‍കാന്‍ വൈകുന്നത് എന്നായിരുന്നു ലോക്‌സഭയില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രസ്താവന. കണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യ (സിഎഫ്‌ഐയില്‍ നിന്ന്, ജിഎസ്ടി വരുമാനം നഷ്ടപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് അറ്റോണി ജനറലിനെ ഉദ്ധരിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞിരുന്നു.

എന്നാല്‍ കോമ്പന്‍സേഷന്‍ ഫണ്ടിലേയ്ക്ക് പണം എത്താത്തത് കേന്ദ്രസര്‍ക്കാരിന്റെ തന്നെ വീഴ്ച കൊണ്ടാണെന്ന് കണ്ടെത്തിയിരിക്കുകയാണ് സിഎജി. പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ച റിപ്പോര്‍ട്ടിലാണ് സിഎജിയുടെ സുപ്രധാനമായ നിഗമനം.
‘2018-19ല്‍, ഫണ്ടിലേക്ക് മാറ്റുന്നതിന് 90,000 കോടി രൂപ ബജറ്റ് വകയിരുത്തിയിരുന്നു, അത്രതന്നെ തുക നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കാനും തീരുമാനമായിരുന്നു. എന്നാല്‍, ജിഎസ്ടി നഷ്ടപരിഹാര സെസ്സായി 95,081 കോടി രൂപ ഈ വര്‍ഷം സ്വരൂപിച്ചെങ്കിലും റവന്യൂ വകുപ്പ് 54,275 കോടി രൂപ മാത്രമാണ് ഫണ്ടിലേക്ക് മാറ്റിയത്,’ വിശദമായി റിപ്പോര്‍ട്ട് പറയുന്നു.ജിഎസ്ടി നഷ്ടപരിഹാര സെസിന്റെ കാര്യത്തില്‍ അക്കൗണ്ടിങ് നടപടിക്രമങ്ങളുടെ ലംഘനവും സിഎജി ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്.