Connect with us

Views

ജി.എസ്.ടി നടപ്പായിട്ട് ഒന്നര മാസം; ആശയക്കുഴപ്പം മാറാതെ വാണിജ്യനികുതി വകുപ്പ്

Published

on

 

തിരുവനന്തപുരം: ജി.എസ്.ടി നടപ്പായിട്ട് ഒന്നരമാസം കഴിയുമ്പോളും ജി.എസ്.ടി വകുപ്പിന്റെ(പഴയ വാണിജ്യനികകുതി വകുപ്പ്) പ്രവര്‍ത്തനത്തില്‍ ആശയക്കുഴപ്പം. സംസ്ഥാനമൊട്ടാകെ നിലനില്‍ക്കുന്ന ആശയക്കുഴപ്പം പരിഹരിക്കാന്‍ കഴിയാത്തതിന്റെ കാരണവും വകുപ്പിലെ ഈ അനിശ്ചിതത്വമാണ്. പേര് മാറ്റിയെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും പഴയപേരിലാണ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. ഉദ്യോഗസ്ഥരുടെ ജോലി സംബന്ധിച്ച കാര്യങ്ങളില്‍ ഒരു വ്യക്തതയും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ജി.എസ്.ടി നെറ്റ് വര്‍ക്ക് സോഫ്റ്റ്‌വെയറില്‍ ഉദ്യോഗസ്ഥരുടെ ജോലി സംബന്ധിച്ച കാര്യങ്ങള്‍ പൂര്‍ണതോതില്‍ സജ്ജമാക്കാത്തതാണ് പ്രധാന പ്രശ്‌നം. ഇത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നു. ഉദ്യോഗസ്ഥരുടെ പദവി മാറിയെങ്കിലും ഇപ്പോഴും ബോര്‍ഡില്‍ വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥരായി തുടരുന്നു. വാണിജ്യ നികുതി വകുപ്പിലെ ഇന്റലിജന്‍സ് വിഭാഗത്തിന്റെ പേരും മാറ്റിയിട്ടുണ്ട്. ജി.എസ.്ടി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം എന്ന പേരിലായിരിക്കും ഇനി പ്രവര്‍ത്തിക്കേണ്ടത്. വകുപ്പിലെ ആശയക്കുഴപ്പം കാരണം വ്യാപാരികളും ഉപഭോക്താക്കളും നെട്ടോട്ടമോടുകയാണ്.
മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് ജി.എസ.്ടി ബാധകമാക്കിയതോടെ മത്സ്യഫെഡ് വായ്പയെടുത്ത് വള്ളവും വലയും വാങ്ങാനിരുന്നവര്‍ പ്രതിസന്ധിയിലായി. ഇതുവരെയും നികുതിയില്ലാതിരുന്ന മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് 14 മുതല്‍ 28 ശതമാനം വരെയാണ് ജി.എസ.്ടി. എന്‍ജിന് 28 ശതമാനവും നൂലിനും വലക്കും 14 ശതമാനവുമാണ് ജി.എസ്.ടി. ജി.എസ്.ടി ചുമത്തിയതോടെ ഉപകരണം വാങ്ങാന്‍ വായ്പത്തുക മതിയാകാത്ത സ്ഥിതിയാണ്. മത്സ്യത്തൊഴിലാളി വികസന ക്ഷേമ സംഘങ്ങള്‍ വഴിയാണ് മത്സ്യഫെഡ് വായ്പ നല്‍കുന്നത്. ഒരു തൊഴിലാളിക്ക് പരമാവധി രണ്ട് ലക്ഷം രൂപ വരെ കിട്ടും. പുതിയ വിലയില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ വാങ്ങണമെങ്കില്‍ 40,000 രൂപ സ്വന്തം നിലയില്‍ തൊഴിലാളികള്‍ കണ്ടെത്തണം.
മത്സ്യത്തിന്റെ കുറവും വള്ളങ്ങള്‍ പരിപാലിക്കാനുള്ള ഉയര്‍ന്ന ചെലവും തൊഴിലാളികളെ കടക്കെണിയിലാക്കിയിരിക്കുകയാണ്. നിലവിലെ വായ്പ അടച്ചു തീര്‍ക്കാന്‍ കഴിയാതെ വിഷമിക്കുന്നവരാണ് പുതുതായി വായ്പയെടുക്കുന്നത്. വസ്തു ഈടിന്‍മേലാണ് മത്സ്യഫെഡില്‍ നിന്നു വായ്പ നല്‍കുന്നത്. സ്വന്തം പേരിലുള്ള വസ്തു പണയപ്പെടുത്തി നേരത്തെ വായ്പയെടുത്തവര്‍ ബന്ധുക്കളുടെ വസ്തു ഈടിന്‍മേലാണ് പുതിയ വായ്പയെടുക്കുന്നത്.
ഇവരെയെല്ലാം വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ജി.എസ.്ടി പരിഷ്‌കാരം. ജി.എസ്.ടി നടപ്പാക്കുന്നതിലെ അവ്യക്തത മരുന്ന് വിപണിയെയും പ്രതിസന്ധിയിലാക്കി. ചില മരുന്നുകള്‍ക്ക് വില വര്‍ധിച്ചു. ചില മരുന്നുകള്‍ വിപണിയില്‍ കിട്ടാതായി. നിലവിലെ സ്റ്റോക്ക് വിറ്റഴിക്കാന്‍ മൂന്ന് മാസത്തെ സമയം അനുവദിച്ചത് വ്യാപാരികള്‍ക്ക് ആശ്വാസമായിട്ടുണ്ട്. പല മരുന്നുകള്‍ക്കും 20 ശതമാനം മുതല്‍ മുതല്‍ 30 രൂപ വരെ വില വര്‍ധിച്ചു.

columns

ചരിത്രത്തെ അപനിര്‍മിക്കുന്ന സംഘ്പരിവാര്‍

ചരിത്രത്തെ അപനിര്‍മിക്കുന്നതിനുള്ള തിരക്കിലാണ് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും ഇതിനായുള്ള പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

Published

on

റസാഖ് ആദൃശ്ശേരി

ചരിത്രത്തെ അപനിര്‍മിക്കുന്നതിനുള്ള തിരക്കിലാണ് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും ഇതിനായുള്ള പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. പാഠപുസ്തകങ്ങളില്‍നിന്നും കുട്ടികള്‍ തെറ്റായ ചരിത്രമാണ് പഠിക്കുന്നതെന്നും അവരെ ശരിയായ ചരിത്രം പഠിപ്പിക്കേണ്ടത് ഗവണ്‍മെന്റിന്റെ ധാര്‍മിക ഉത്തരവാദിത്തമാണെന്നും അവര്‍ പറയുന്നു. പൗരാണികകാലം മുതലുള്ള ഇന്ത്യന്‍ സംസ്‌കാരത്തോടും ഈ നാട് ഭരിച്ച ഭരണാധികാരികളോടും യാതൊരു ബഹുമാന ആദരവുകളുമില്ലാത്ത പുതിയ തലമുറ വളര്‍ന്നുവരുന്നതിനു കാരണം ചരിത്രത്തിലെ തെറ്റായ നിര്‍മിതിയാണെന്നാണ് സംഘ്പരിവാര്‍ വാദം. ചരിത്ര ഗവേഷണ കൗണ്‍സിലും ആര്‍.എസ്.എസ് നേതൃത്വത്തിലുള്ള ഭാരതീയ ഇതിഹാസ സങ്കലന യോജനയും ഒന്നിച്ചുചേര്‍ന്ന് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നു.

2014ല്‍ ബി.ജെ.പി അധികാരത്തില്‍ വന്ന നാള്‍ മുതല്‍തന്നെ ഈ പദ്ധതിക്ക് ആക്കം കൂട്ടിയിരുന്നു. പാഠപുസ്തകങ്ങളിലൂടെയുള്ള വര്‍ഗീയവത്കരണമായിരുന്നു അവയിലൊന്ന്. ഹിന്ദുത്വയുടെ ലക്ഷ്യസാക്ഷാത്കാരത്തിനുവേണ്ടി തലമുറകളെ വരുതിയിലാക്കാന്‍ കഴിയുന്ന അധികാര വിദ്യാഭ്യാസ തന്ത്രമാണ് ഇതിന് അവര്‍ പ്രയോഗിക്കുന്നത്. കാവിയുടെ പ്രത്യയശാസ്ത്രം പാഠപുസ്തകങ്ങളില്‍ കുത്തിനിറച്ചുകൊണ്ട് കുട്ടിക്കാലത്തെ പിടിച്ചെടുക്കാനുള്ള ഫാസിസ്റ്റ് ഗൂഢാലോചനയുടെ ഭാഗമായ തന്ത്രം ബി.ജെ. പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. ആര്‍.എസ്.എസ് രൂപകല്‍പ്പനചെയ്ത പുസ്തകങ്ങള്‍ പ്രൈമറി ക്ലാസ് മുതല്‍ സര്‍വകലാശാല തലം വരെ പഠിപ്പിക്കുന്ന തരത്തില്‍ സിലബസുകള്‍ പൂര്‍ണമായും മാറ്റിയെഴുതികൊണ്ടിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസ പദ്ധതിയും സമ്പൂര്‍ണ വര്‍ഗീയവത്കരണം ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ്. ഇക്കാലം വരെ രാജ്യം പിന്തുടര്‍ന്നുപോന്ന സര്‍വ മൂല്യങ്ങളും തകര്‍ക്കുന്നതാണ് ദേശീയ വിദ്യാഭ്യാസ നയം. ഇതിനെതിരെ കേരളത്തില്‍പോലും വേണ്ടത്ര പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിട്ടില്ലയെന്നതാണ് വസ്തുത.

പ്രാചീന ഇന്ത്യയെന്ന മിത്തിന് ഊന്നല്‍ നല്‍കികൊണ്ടുള്ള ചരിത്ര ദര്‍ശനമാണ് ആര്‍.എസ്.എസിന്റെത്. ‘ഇന്ത്യക്കാരനാകുന്നതില്‍ അഭിമാനിക്കുക’ എന്നതാണ് ഈ ചരിത്രദര്‍ശനത്തിന്റെ കാതല്‍. ആര്യന്മാരാണ് ഈ രാജ്യത്തെ ചിരപുരാതന ജനത. ആദിമ മനുഷ്യന്‍ ജന്മം കൊണ്ടത് ഭാരതത്തിലാണ്, ഇത് ദേവന്മാരുടെ ഭൂമിയാണ്, ഏറ്റവും പൗരാണികവും വിശിഷ്ടവുമായ ഭാഷ സംസ്‌കൃതമാണ്, ലോകത്തെ സംസ്‌കാരം പഠിപ്പിച്ചത് ആര്യന്മാരാണ് തുടങ്ങിയവയെല്ലാം ഈ ചരിത്രദര്‍ശനം ഉള്‍കൊള്ളുന്നു. ഇന്ത്യയുടെ സാമൂഹിക രൂപവത്കരണത്തില്‍ മുസ്‌ലിംകള്‍ക്ക് യാതൊരു പങ്കുമില്ല. അവര്‍ രാജ്യത്തെ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തവരാണ്. അടിമത്തത്തിന്റെ കാലഘട്ടമായിരുന്നു മുസ്‌ലിം ഭരണ കാലം, അതിന്റെ സ്വാധീനത്തില്‍നിന്നും മോചനം നേടുകയെന്നതാണ് ദേശീയത. ഈ തരത്തിലുള്ള മിത്തുകളാണ് തങ്ങളുടെ ഗ്രന്ഥങ്ങളിലും പാഠ്യപദ്ധതിയിലും ആര്‍.എസ്.എസ് പ്രചരിപ്പിക്കുന്നത്.

ഇന്ത്യയിലെ മുസ്‌ലിം ഭരണകൂടങ്ങളെ പൈശാചികവത്കരിക്കുകയെന്നത് ആര്‍.എസ്.എസിന്റെ സ്ഥിരം പദ്ധതിയാണ്. മുസ്‌ലിം ഭരണാധികാരമഹത്വം വിളംബരപ്പെടുത്തുന്ന ചരിത്ര സ്മാരകങ്ങളെ അപകീര്‍ത്തിപ്പെടുത്തലും തകര്‍ക്കലും പേര് മാറ്റുന്നതും എല്ലാം അതിനു വേണ്ടിയാണ്. താജ്മഹലും ചെങ്കോട്ടയും മറ്റു പ്രധാനപ്പെട്ട മുസ്‌ലിം ചരിത്ര സ്മാരകങ്ങളും ഹിന്ദു രാജാക്കന്മാരുടെ നിര്‍മിതിയാണെന്ന രീതിയില്‍ ഇന്ത്യാ ചരിത്രം ഇതിനകംതന്നെ തിരുത്തിയെഴുതപ്പെട്ടിട്ടുണ്ട്. പ്രസ്തുത പുസ്തകങ്ങള്‍ ഇംഗ്ലീഷിലും ഹിന്ദിയിലും ഇന്നു ലഭ്യമാണ്. മുസ്‌ലിം ഭരണാധികാരികള്‍ ക്ഷേത്ര ധ്വംസകരായിരുന്നുവെന്നത് സംഘ്ചരിത്ര രചനകളില്‍ ധാരാളം കാണാം. അക്ബറെ പോലും അവര്‍ വെറുതെ വിട്ടിട്ടില്ല. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ ചരിത്ര സ്മാരകങ്ങളിലും പുരാതന മുസ്‌ലിം പള്ളികളിലും ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ഖനനം നടത്തുന്നത് ഇതിനു വേണ്ടിയാണ്. പല സ്ഥലങ്ങളിലും ഇത്തരം പ്രതിമകളും മറ്റും കണ്ടെത്തിയെന്ന വാദവുമായി പള്ളികളുടെയും ചരിത്ര സ്മാരകങ്ങളുടെയും നേരെ അവകാശവാദം ഉന്നയിക്കല്‍ സംഘ്പരിവാര്‍ പതിവാക്കിയിരിക്കുകയാണ്.

ചരിത്ര സ്മാരകങ്ങളുടെയും മറ്റും പേര് മാറ്റുന്നതാണ് മറ്റൊരു രീതി. ഡല്‍ഹിയിലെ ഔറംഗസേബ് റോഡ് എ.പി.ജെ അബ്ദുല്‍ കലാം റോഡ് എന്നാക്കിയത് മുഗളന്മാരുടെ ഓര്‍മകള്‍ മായ്ച്ചുകളയാന്‍ വേണ്ടിയാണ്. യു.പിയില്‍ ഫൈസാബാദ് ജില്ലയെ ശ്രീ അയോധ്യ എന്നാക്കി. ചരിത്ര നഗരമായ അലഹബാദ് പ്രയാഗ് രാജായി മാറി. ഫൈസാബാദ് റെയില്‍വെ സ്റ്റേഷന്‍ അയോധ്യ കന്റോണ്‍മെന്റാണിന്ന്. ഹരിയാനയിലെ ഗുഡ്ഗാവ് ഗുരുഗ്രാമമായും മധ്യപ്രദേശിലെ ഹോഷംഗാബാദ് നര്‍മദാപുരമായും ഹിമാചലിലെ സിംലയെ ശ്യാമളയായും മാറ്റപ്പെട്ടു. ഗുജറാത്തിലെ അഹമ്മദാബാദിനെ കര്‍ണാവതിയാക്കാനുള്ള ശ്രമത്തിലാണ്. രാഷ്ട്രപതി ഭവനിലെ ചരിത്രപ്രസിദ്ധമായ മുഗള്‍ ഗാര്‍ഡന്‍ അമൃത് ഉദ്യാന്‍ ആയിമാറിയിരിക്കുന്നു. ഡല്‍ഹിയില്‍ തന്നെയുള്ള അക്ബര്‍ റോഡും ഹുമയൂണ്‍ റോഡും ഷാജഹാന്‍ റോഡുമല്ലാം പുതിയ പേരുകളില്‍ ഉടന്‍ തന്നെ അറിയപ്പെടും. ഖുതുബുദ്ധീന്‍ ഐബക് നിര്‍മിച്ച ഖുതുബ് മിനാറും നയനമനോഹരമായ താജ്മഹലും ക്ഷേത്രമാണെന്ന അവകാശവാദം സംഘ് ശക്തികള്‍ ഉയര്‍ത്തുന്നുണ്ട്. ചില സംഘ് സംഘടനകള്‍ ഈ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്.

ഇന്ത്യയുടെ ഭൂതകാല ചരിത്രത്തെ മഹത്വവത്കരിക്കുകയും അതിലേക്കുള്ള തിരിച്ചുപോക്ക് മാത്രമാണ് രാജ്യത്തെ രക്ഷിക്കാനുള്ള ഏക പോംവഴിയെന്നും സംഘ്പരിവാര്‍ ഉരുവിട്ടു കൊണ്ടേയിരിക്കുന്നു. മതേതരത്വം പോലും അവര്‍ക്ക് കയ്‌പേറിയതാണ്. ഹിന്ദുത്വമെന്ന പ്രഖ്യാപിത ലക്ഷ്യത്തിനു അത് വിഘാതമായി നില്‍ക്കുന്നുവെന്നതാണ് എതിര്‍പ്പിനുള്ള പ്രധാന കാരണം. ഹിന്ദു ഐക്യത്തെ ചെറുക്കാനായി നെഹ്‌റുവിയന്‍ സാമൂഹിക ചിന്താപദ്ധതിയുടെ ഭാഗമായി ഉപയോഗിക്കപ്പെട്ട രാഷ്ട്രീയ ആയുധമാണ് അവരുടെ കാഴ്ചപ്പാടില്‍ മതേതരത്വം. ഗാന്ധിയേക്കാള്‍, നെഹ്‌റുവിനേക്കാള്‍ പ്രധാനികളായി ആര്‍.എസ്.എസ് ആചാര്യന്മാരെ ഉയര്‍ത്തി കാട്ടുന്നതിനുള്ള കാരണം ഈ ചിന്താഗതിയാണ്. പക്ഷേ, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ തങ്ങളുടെ നേതാക്കന്മാര്‍ കാര്യമായ പങ്കൊന്നും വഹിച്ചിട്ടില്ലെന്ന ചരിത്രവസ്തുത അവരെ തെല്ലെന്നുമല്ല അലട്ടുന്നത്. സ്വാതന്ത്ര്യസമരത്തില്‍ തങ്ങളുടെ പങ്ക് തെളിയിക്കാന്‍ അവരുടെ പക്കല്‍ ഒരു തെളിവ്‌പോലും ഇല്ല. എന്നാല്‍ അടുത്തകാലത്തായി പല സ്വാതന്ത്ര്യസമര സേനാനികളെയും തട്ടിയെടുക്കാനുള്ള ശ്രമത്തിലാണ് സംഘ്പരിവാര്‍. സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാവും ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രിയും ആയിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലായിരുന്നു ആദ്യത്തെ ഇര. ഇപ്പോള്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിനെയാണ് ലക്ഷ്യംവെച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 23ന് കൊല്‍ക്കത്തയില്‍ നേതാജിയുടെ ജന്മദിനം ആര്‍.എസ്.എസ് ആഘോഷിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ നേതാജിയുടെ കാഴ്ചപ്പാടുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സംഘ്പരിവാറുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. അക്കാലത്ത് ബ്രിട്ടീഷ് സര്‍ക്കാരിനെ അവരാഗ്രഹിക്കുന്ന തരത്തില്‍ സേവിക്കാന്‍ തയ്യാറാണെന്നു പറഞ്ഞ് ബ്രിട്ടീഷ് ഗവണ്‍മെന്റിന് മാപ്പപേക്ഷ നല്‍കിയ വി. ഡി സവര്‍ക്കറും ഹിന്ദുമഹാസഭയും ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്യുകയായിരുന്നു. രണ്ടാം ലോക യുദ്ധം കൊടുമ്പിരി കൊള്ളുന്ന സമയത്ത്, 1941ല്‍ ഭഗത്പുരില്‍ ചേര്‍ന്ന ഹിന്ദു മഹാസഭയുടെ 23ാം സമ്മേളനത്തില്‍ സവര്‍ക്കര്‍ ആഹ്വാനം ചെയ്തത് ഓരോ ഹിന്ദുമഹാസഭാപ്രവര്‍ത്തകനും ബ്രിട്ടീഷ് സൈന്യത്തില്‍ ചേര്‍ന്നുകൊണ്ടു യുദ്ധത്തില്‍ ഇംഗ്ലീഷുകാരെ സഹായിക്കാനായിരുന്നു. അതേസമയം നേതാജിയുടെ ഉറച്ച നിലപാട് ഇതിന് വിപരീതമായിരുന്നു. യുദ്ധസാഹചര്യം ഉപയോഗപ്പെടുത്തി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് പ്രഹരമേല്‍പ്പിക്കാനായിരുന്നു അദ്ദേഹം ആഹ്വാനം ചെയ്തത്. ‘ബ്രിട്ടന്‍ ഇപ്പോള്‍ ദുര്‍ബലമായിരിക്കുന്നു. ശത്രു ഏറ്റവും ദുര്‍ബലനായിരിക്കുമ്പോള്‍ അവരെ പരാജയപ്പെടുത്തുക ഏറ്റവും എളുപ്പമായിരിക്കും.’ എന്നതായിരുന്നു നേതാജിയുടെ വീക്ഷണം. ആര്‍.എസ്.എസും ഹിന്ദുമഹാസഭയും ‘ഹിന്ദു രാഷ്ട്ര’ത്തിനു വേണ്ടി വാദിച്ചപ്പോള്‍ നേതാജിയുടെ ലക്ഷ്യം പൂര്‍ണസ്വരാജ് നേടുകയും സോഷ്യലിസം സ്ഥാപിക്കുകയും ചെയ്യുകയെന്നതായിരുന്നു. നേതാജിയും ആര്‍.എസ്.എസും എല്ലാ കാര്യത്തിലും വിരുദ്ധ ധ്രുവങ്ങളിലായിരുന്നു നിലകൊണ്ടിരുന്നതെന്ന് സാരം. നേതാജി മതേതര നിലപാടില്‍നിന്നു കൊണ്ടു ആര്‍.എസ്.എസിനെയും ഹിന്ദുമഹാസഭയെയും വെറുത്തു.

ചരിത്ര പാരമ്പര്യമോ രാജ്യത്തിനു വേണ്ടി ത്യാഗം ചെയ്തതിന്റെ ചരിത്രമോ ഒന്നും ചൂണ്ടി കാണിക്കാനില്ലാത്ത ബി.ജെ.പി, പുതിയ ചരിത്രങ്ങള്‍ മെനയുമ്പോള്‍ 2024 ല്‍ നടക്കാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പും ഈ വര്‍ഷം നടക്കാനിരിക്കുന്ന വിവിധ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളും ജയിച്ചു കയറാന്‍ പുതിയ ആയുധങ്ങള്‍ തേടുകയാണ്. രാജ്യമാകെ ബി.ജെ.പി ദുര്‍ഭരണത്തിനെതിരെ ജനങ്ങളുടെ അസംതൃപ്തി വളരുകയാണ്. ഭരണ നേട്ടങ്ങള്‍ ചൂണ്ടി കാണിക്കാന്‍ അവര്‍ക്കൊന്നുമില്ല. പതിവുപോലെ ‘വര്‍ഗീയത’ തന്നെയായിരിക്കും വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളിലും അവര്‍ ഉയര്‍ത്തുകയെന്ന കാര്യത്തില്‍ സംശയമില്ല. അതിനു ചരിത്രത്തെ തങ്ങള്‍ക്കനുകൂലമാക്കേണ്ടതുണ്ട്. സ്വാതന്ത്ര്യസമരത്തിന്റെ പങ്ക് പറ്റേണ്ടതുണ്ട്. അതിനായി പച്ചകള്ളം പ്രചരിപ്പിക്കുകയും ചരിത്രം വളച്ചൊടിക്കുകയും ചെയ്യുന്നു. സവര്‍ക്കര്‍, ഗോള്‍വാള്‍ക്കര്‍, ശ്യാമപ്രസാദ് മുഖര്‍ജി, മുഞ്ചേ തുടങ്ങിയവരുടെ തികച്ചും പിന്തിരിപ്പനായ ആശയങ്ങളോടു കൂറുപുലര്‍ത്തികൊണ്ടാണ് ഇതെല്ലാം ചെയ്യുന്നത്. നമ്മുടെ സംസ്‌കാരത്തിന്റെ ബഹുസ്വരതയുടെ നിഷേധമാണ് അവരുടെ പ്രവര്‍ത്തനം. ‘നാനാത്വത്തില്‍ ഏകത്വം’ എന്ന സങ്കല്‍പത്തിന് അവിടെ യാതൊരു സ്ഥാനവും ഇല്ല. അവര്‍ക്ക് വേണ്ടത് വെറും ഏകത്വം മാത്രം. ഇത് തിരിച്ചറിയാന്‍ ഇന്ത്യന്‍ ജനതക്ക് സാധ്യമായാല്‍ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തിനു പോറലേല്‍ക്കാതെ കാത്തു സൂക്ഷിക്കാം.

Continue Reading

columns

വിദ്വേഷത്തിന്റെ സംഗീതധാര

. നരേന്ദ്ര മോദിക്കെതിരായ ബി.ബി.സി ഡോക്യുമെന്ററിയുടെ സോഷ്യല്‍ മീഡിയ ലിങ്കുകളെല്ലാം നിമിഷ നേരം കൊണ്ട് നിരോധിക്കപ്പെട്ട അതേ ഇന്ത്യയിലാണ് ഒരു ജനവിഭാഗത്തെ വേട്ടയാടാന്‍ ആഹ്വാനം ചെയ്യുന്ന പാട്ടുകള്‍ ലൈവായി നില്‍ക്കുന്നത്.

Published

on

ഷെരീഫ് സാഗര്‍

‘ഇന്ത്യ ഹിന്ദുക്കളുടേതാണ്/ മുല്ലമാര്‍ പാകിസ്താനിലേക്ക് പോകൂ…’ ഇന്ത്യയില്‍ ലക്ഷക്കണക്കിന് ആരാധകരുള്ള ഒരു ഗായകന്റെ പാട്ടാണിത്. മുല്ലമാര്‍ എന്നത്‌കൊണ്ട് ഉദ്ദേശിച്ചത് മുഴുവന്‍ മുസ്‌ലിംകളെയുമാണ്. ഇതിനേക്കാള്‍ രൂക്ഷമായ വരികളോടെയാണ് മറ്റ് പാട്ടുകള്‍. മതേതര ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയില്‍ ഈ ഗാനം നിരോധിച്ചിട്ടില്ലെന്നു മാത്രമല്ല, ഈ ഗായകനെ കേള്‍ക്കാനായി ലക്ഷങ്ങള്‍ കാത്തിരിക്കുകയും ചെയ്യുന്നു. ഓരോ പാട്ടുകളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറുന്നു. നരേന്ദ്ര മോദിക്കെതിരായ ബി.ബി.സി ഡോക്യുമെന്ററിയുടെ സോഷ്യല്‍ മീഡിയ ലിങ്കുകളെല്ലാം നിമിഷ നേരം കൊണ്ട് നിരോധിക്കപ്പെട്ട അതേ ഇന്ത്യയിലാണ് ഒരു ജനവിഭാഗത്തെ വേട്ടയാടാന്‍ ആഹ്വാനം ചെയ്യുന്ന പാട്ടുകള്‍ ലൈവായി നില്‍ക്കുന്നത്.

‘ഇന്ത്യ സൗണ്ട് ട്രാക് ഓഫ് ഹേറ്റ്’ എന്ന ജര്‍മന്‍ ഡോക്യുമെന്ററി പുറത്തിറങ്ങിയതോടെയാണ് ഇത്തരം പാട്ടുകളെക്കുറിച്ച് ലോകം കൂടുതലായി അറിയുന്നത്. ഹിന്ദുത്വ പോപ്പ് ഗായകര്‍ രാജ്യത്ത് പ്രചരിപ്പിക്കുന്ന വിദ്വേഷത്തിന്റെ സംഗീതധാരയെ തുറന്ന് കാട്ടുകയാണ് ഈ ഡോക്യുമെന്ററി. ജര്‍മന്‍ മാധ്യമമായ ഡച്ച് വെല്ല ആണ് ഡോക്യുമെന്ററി പുറത്തുവിട്ടത്. ഹിന്ദുത്വ പോപ്പ് ഗാനങ്ങള്‍ പെരുകുന്നത് ഇന്ത്യയില്‍ മുസ്‌ലിം വിരുദ്ധ നീക്കങ്ങള്‍ ശക്തിപ്പെടുന്നതിന്റെ സൂചനയായാണ് ഡോക്യുമെന്ററി വിലയിരുത്തുന്നത്.

‘ഞങ്ങളുടെ മതത്തിന് കണ്ണേറുണ്ടാക്കുന്നവരെ വെടിവെച്ചുകൊല്ലും’ എന്നാണ് പാട്ടിലെ മറ്റൊരു വരി. ഹിന്ദിയിലാണ് ഗാനങ്ങള്‍. ഉത്തര്‍പ്രദേശില്‍ വന്‍ ജനപ്രീതിയാണ് ഈ ഗാനങ്ങള്‍ക്ക്. ഈ ഗായകര്‍ എത്തുന്ന വേദികളിലേക്ക് കിലോമീറ്ററുകള്‍ താണ്ടി വന്‍ ജനക്കൂട്ടം ഇരച്ചെത്തുന്നു. 2022ല്‍ മധ്യപ്രദേശിലെ ഖാര്‍ഗോണിലുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായത് ഇത്തരം വിദ്വേഷ ഗാനങ്ങളാണെന്ന് ഡോക്യുമെന്ററിയില്‍ വിശദീകരിക്കുന്നുണ്ട്. രാമനവമിയോടനുബന്ധിച്ച് നടന്ന ആഘോഷപരിപാടികളില്‍ മുസ്‌ലിംകള്‍ക്കെതിരായ ഗാനങ്ങള്‍ നിരന്തരം ആലപിച്ചിരുന്നു. ഈ പാട്ടുകള്‍ പാടിയാണ് മുസ്‌ലിംകളുടെ കടകളും വീടുകളും തീവെച്ച് നശിപ്പിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

സന്ദീപ് ആചാര്യ, പ്രേം കൃഷ്ണവന്‍ഷി, പവന്‍ വര്‍മ തുടങ്ങിയ ഹിന്ദുത്വ പോപ്പ് ഗായകരാണ് ജനകീയരായ വിദ്വേഷ ഗായകര്‍. ‘ജയ് ശ്രീറാം എന്ന് പറയാന്‍ കഴിയില്ലെങ്കില്‍/ ഖബറിസ്ഥാനിലേക്ക് പോകൂ…’ വൈറലായ ഒരു പാട്ടിലെ വരികള്‍ തുടങ്ങുന്നത് ഈ അര്‍ത്ഥത്തിലാണ്. ഇത് സ്ഥിരം കേള്‍ക്കുന്ന ഒരാളുടെ മസ്തിഷ്‌കത്തില്‍ ഹിന്ദുക്കളല്ലാത്തവരോടുള്ള വെറുപ്പ് കിടന്ന് തിളയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ദേശാഭിമാന സംഗീതം എന്ന ഓമനപ്പേരിലാണ് ഈ വിദ്വേഷ ഗാനങ്ങളെല്ലാം വിറ്റുപോകുന്നത്. വിവാഹ വീടുകളില്‍ വരെ ഇത്തരം ഗാനങ്ങളാണ് ആലപിക്കുന്നത്. ‘വാളുകളെടുത്ത് വീടുകളില്‍നിന്ന് പുറത്തിറങ്ങൂ/ ലവ് ജിഹാദ് നടത്തുന്നവരെ അവസാനിപ്പിക്കൂ’ എന്നാണ് മറ്റൊരു വരി. ബാബരി മസ്ജിദും കര്‍സേവയും ഓര്‍മിപ്പിക്കുന്ന പാട്ടുകളുമുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലില്‍ തള്ളേണ്ട കുറ്റമാണ് വര്‍ഷങ്ങളായി ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍, ഇവര്‍ക്കെതിരെ ഇന്നുവരെ ഒരു പൊലീസ് സ്റ്റേഷനിലും എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടില്ല.

വിദ്വേഷം വിറ്റ് ഈ ഗായകര്‍ പ്രതിമാസം യൂട്യൂബില്‍നിന്ന് മാത്രം ലക്ഷങ്ങള്‍ സമ്പാദിക്കുന്നു. ബജ്‌റംഗ്ദള്‍, ഹിന്ദു യുവവാഹിനി, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകളുടെ പിന്തുണയോടെയാണ് ഇവര്‍ ഗാനങ്ങള്‍ പുറത്തിറക്കുന്നത്. മാസത്തില്‍ മൂന്നോ നാലോ ഗാനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. മക്കയില്‍ ശിവലിംഗമുണ്ടെന്ന വാട്‌സ്ആപ്പ് തമാശകള്‍ വരെ ഇവര്‍ പാട്ടിന്റെ വരികളാക്കി മാറ്റിയിട്ടുണ്ട്. വാളുയര്‍ത്തുന്ന ഹിന്ദുവിനെയും ആള്‍ക്കൂട്ടക്കൊലകളും ബാബരി മസ്ജിദുമൊക്കെയാണ് പാട്ടിന്റെ ദൃശ്യങ്ങളായി കൊടുക്കുന്നത്. മുസ്‌ലിം വിരുദ്ധത തങ്ങളുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന വികാരമാണെന്ന് യാതൊരു മടിയും കൂടാതെ സന്ദീപ് ആചാര്യ പറയുന്നുണ്ട്. തന്റെ ഗാനങ്ങള്‍ ഇഷ്ടമില്ലാത്തവര്‍ക്ക് രാജ്യം വിട്ട് പോകാമെന്നാണ് സന്ദീപിന്റെ പ്രതികരണം.

ഹിന്ദുവാദി സംഗീതം, ദേശാഭിമാന ഗീതം എന്നൊക്കെ വിശേഷിപ്പിച്ചുകൊണ്ടാണ് ഇവര്‍ സംഗീതപരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇസ്‌ലാമിക വിരുദ്ധ സംഗീതം കൊണ്ട് പുതിയ പരീക്ഷണം പാട്ടിലൂടെ യുവാക്കളെ സ്വാധീനിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്. യുവാക്കള്‍ ആവേശത്തോടെയാണ് ഈ പാട്ടുകള്‍ സ്വീകരിക്കുന്നതെന്ന് ജര്‍മന്‍ ഡോക്യുമെന്ററി വ്യക്തമാക്കുന്നു. അക്രമത്തെയും വംശീയതയെയും മഹത്വവത്കരിക്കുകയാണ് ഈ ഗാനങ്ങളിലൂടെ ചെയ്യുന്നതെന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ അപൂര്‍വാനന്ദ് പറയുന്നു. ‘മുസ്‌ലിംകളെ കൊല്ലാന്‍ പറയുന്ന ഗാനങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ല’ എന്നാണ് ബി.ജെ.പി വക്താവ് അനില സിങ് ഡോക്യുമെന്ററിയില്‍ പറയുന്നത്. ശ്രദ്ധയില്‍പെട്ടാല്‍ കേസെടുക്കുമെന്നും അവര്‍ പറയുന്നു. ലോകം മുഴുവന്‍ പ്രചരിക്കുന്ന ഗാനങ്ങളെക്കുറിച്ചാണ് ബി.ജെ.പി വക്താവിന്റെ പരാമര്‍ശം.

വൈജാത്യങ്ങളോടുള്ള ഭയം ഫാസിസത്തിന്റെ കടുത്ത ലക്ഷണമായി ഉമ്പര്‍ട്ടോ എക്കോ എണ്ണുന്നുണ്ട്. ഈ ഭയത്തെ ഫാസിസം ഉപയോഗപ്പെടുത്തും. അപരത്വത്തെ പ്രതിഷ്ഠിച്ച് അവരോടുള്ള ശത്രുതയെ പൊലിപ്പിക്കും. ആ പൊലിപ്പിക്കലാണ് ഇത്തരം പാട്ടുകളിലൂടെ നടത്തുന്നത്. ഹിന്ദുത്വ പോപ്പ് ഗായകരുടെ ഓരോ ഗാനങ്ങളും സര്‍വ നാശത്തിന്റെ ഇടിമുഴക്കങ്ങളാണ്. ഇതിങ്ങനെ തുടര്‍ന്നാല്‍ രാജ്യം വലിയ വില കൊടുക്കേണ്ടിവരും. ലോകത്ത് പുരോഗമന സാഹിത്യ പ്രസ്ഥാനം സംഭവിച്ചത് പോലും ഫാസിസത്തിനെതിരായ ചെറുത്ത്‌നില്‍പ് എന്ന നിലയിലാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ വടക്കന്‍ ഇറ്റലിയിലെ വയലേലകളിലെ തൊഴിലാളികള്‍ പാടിയിരുന്ന ബെല്ലാ ചാവു എന്ന് തുടങ്ങുന്ന നാടന്‍ പാട്ട് ഇറ്റലിയില്‍ ഫാസിസത്തിനെതിരായ ചെറുത്ത് നില്‍പ് ഗാനമായിരുന്നു. കലയെയും സാഹിത്യത്തെയും ഫാസിസ്റ്റ് വിരുദ്ധതയുടെ ഇടങ്ങളാക്കി മാറ്റിയാല്‍ മാത്രമേ ഇന്ത്യയിലെ വിദ്വേഷ ഗാനങ്ങള്‍ക്കെതിരായ ചെറുത്ത്‌നില്‍പ് സാധ്യമാവുകയുള്ളൂ.

Continue Reading

columns

വിലയില്ലാത്തത് ജനത്തിന് മാത്രം-എഡിറ്റോറിയല്‍

സാധാരണക്കാരായ ജനങ്ങളെ ഈ നാട്ടില്‍ ജീവിക്കാന്‍ സമ്മതിക്കില്ലെന്ന പ്രഖ്യാപനമാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം ബജറ്റ്.

Published

on

സാധാരണക്കാരായ ജനങ്ങളെ ഈ നാട്ടില്‍ ജീവിക്കാന്‍ സമ്മതിക്കില്ലെന്ന പ്രഖ്യാപനമാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം ബജറ്റ്. നികുതി വര്‍ധനവിന്റെ ഘോഷയാത്രയായി മാറിയ ബജറ്റില്‍ ആശ്വാസിക്കാനുള്ള ഒരു വകയുമില്ല. പെട്രോള്‍ വില വര്‍ധനയില്‍ നിന്നാരംഭിച്ച് വാഹനം, വൈദ്യുതി, വീടുകള്‍, ഭൂമിയുടെ ന്യായ വില എന്നിവയിലെല്ലാം നികുതി വര്‍ധന വരുത്തിയതിലൂടെ വിലക്കയറ്റത്തില്‍നിന്ന് ഒരുമലയാളി പോലും രക്ഷപ്പെടില്ലെന്ന് ധനമന്ത്രി ഉറപ്പുവരുത്തിയിട്ടുണ്ട്. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് രണ്ടു രൂപ വര്‍ധിപ്പിക്കാനുള്ള ഒറ്റത്തീരുമാനം മാത്രം മതി വരും നാളുകളിലെ ജീവിതം ദുസ്സഹമാക്കാന്‍. ഇതോടെ അവശ്യസാധനങ്ങളുടെ വില മുതല്‍ ഓട്ടോ ടാക്‌സി ചാര്‍ജ് വരെയുള്ള സകല സാധനങ്ങളുടെയും സേവനങ്ങളുടെയും വില കുതിച്ചുയരാനൊരുങ്ങിക്കഴിഞ്ഞു. ഇന്ധന വില നിയന്ത്രണം കമ്പനികളെ ഏല്‍പ്പിച്ചതോടെ അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനങ്ങള്‍ പോലും പരിഗണിക്കാതെ അടിക്കടി വില വര്‍ധനവാണു രാജ്യത്തുണ്ടായിക്കൊണ്ടിരിക്കുന്നത്. കോര്‍പറേറ്റുകളുടെ കുഴലൂത്തുകാരായ മോദി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു ഇടപെടലും നടത്താതെ കൈയ്യും കെട്ടി നോക്കിനിന്നപ്പോള്‍ വില വര്‍ധനവിലൂടെ ലഭിക്കുന്ന അധിക വരുമാനം തങ്ങള്‍ക്കുവേണ്ടെന്ന് പ്രഖ്യാപിച്ച് സംസ്ഥാനത്തിന് ആശ്വാസം പകര്‍ന്ന യു.ഡി.എഫിന്റെ ചരിത്രമാണ് കേരളത്തിനുള്ളത്. എന്നാല്‍ ഒന്നും രണ്ടും പിണറായി സര്‍ക്കാറുകളുടെ കാലത്ത് ആ ആശ്വാസം പോലും നല്‍കാന്‍ തയാറായിരുന്നില്ല. അതിനുപുറമെയാണ് സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്ന രീതിയിലുള്ള ഈ ഇരുട്ടടി സര്‍ക്കാര്‍ സമ്മാനിച്ചിരിക്കുന്നത്.

വാഹന നികുതി വര്‍ധനയില്‍ മുപ്പത് ലക്ഷത്തിന് മുകളില്‍ വിലയുള്ള ആഢംബര കാറുകള്‍ക്ക് പോലും ഒരു ശതമാനമാണ് കൂട്ടിയതെങ്കില്‍ അഞ്ചു ലക്ഷം മുതല്‍ 15 ലക്ഷം വരെ വിലയുള്ളവക്ക് രണ്ടു ശതമാനമാണ് വര്‍ധന. സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വിലയിലുള്ള വാഹനങ്ങള്‍ക്ക് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തിയത് ബജറ്റ് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്നതിന് അടിവരയിടുകയാണ്. ആഢംബര കാറുകളുടെ നികുതി വര്‍ധനവില്‍ കരുതല്‍ കാണിച്ചതിലൂടെ തോന്നുമ്പോള്‍ തോന്നുമ്പോള്‍ കാറുകള്‍ മാറ്റിക്കൊണ്ടിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനേയും റിസോട്ടുള്‍പ്പെടെയുള്ള വ്യവസായ സാമ്രാജ്യങ്ങളുടെ അധിപന്മാരായ സി.പി.എം നേതാക്കളെയും ബജറ്റ് മറന്നില്ല എന്ന് ആശ്വസിക്കാം. കേസുകള്‍ക്കുള്ള കോടതി ഫീസ് വര്‍ധന ഈ സര്‍ക്കാറിന്റെ കണ്ണില്‍ ചോരയില്ലായ്മക്കുള്ള ഉദാഹരണമാണ്. ജീവിതത്തിലൊരിക്കലും എത്തിപ്പെടരുതെന്നാഗ്രഹിച്ചിട്ടും സാധാരണക്കാര്‍ കോടതി വരാന്തകള്‍ കയറിയിറങ്ങുന്നുണ്ടെങ്കില്‍ അത് നിവൃത്തികേട്‌കൊണ്ട് മാത്രമാണ്. അത്തരക്കാരില്‍ നിന്നുപോലും പണം പിടിച്ചെടുക്കാനുള്ള തീരുമാനം പിച്ചച്ചട്ടിയില്‍ കൈയ്യിട്ടുവാരുന്നതിന് തുല്യമാണ്. നാട്ടിലെ സാമൂഹ്യ വ്യവസ്ഥിതികളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റത്തിന്റെ ഫലമായി #ാറ്റുകളും അപ്പാര്‍ട്ടുമെന്റുകളും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. #ാറ്റ്, അപ്പാര്‍ട്ടുമെന്റുകളുടെ മുദ്രവില അഞ്ചുമുതല്‍ ഏഴു ശതമാനം വരെ വര്‍ധിപ്പിച്ചതിലൂടെ ഇവിടെയും അടിയേറ്റിരിക്കുന്നത് സാധാരണക്കാര്‍ക്ക് തന്നെയാണ്. രജിസ്‌ട്രേഷന്‍ സമയത്തുള്ള സെസ് വര്‍ധന ക്രയവിക്രയങ്ങള്‍ ദുസ്സഹമാക്കാനേ ഉപകരിക്കൂ.

പ്രതിസന്ധിയിലകപ്പെട്ട ചെറുകിട വ്യാപാരികളും തൊഴിലാളികളെുമെല്ലാം ബജറ്റിനെ പ്രതീക്ഷയോടെയാണ് കണ്ടിരുന്നതെങ്കിലും നിരാശയാണ് ഫലം. യുവാക്കളെ അവഗണിച്ചുതള്ളിയ ധനമന്ത്രി തൊഴിലില്ലായ്മക്ക് പരിഹാരം കാണാനുള്ള ഒരു ശ്രമവും നടത്തുന്നില്ല. ന്യൂനപക്ഷങ്ങളുടെ വക്താക്കളായി സ്വയം പ്രഖ്യാപിച്ചിരിക്കുന്ന സര്‍ക്കാറിന്റെ കപട സ്‌നേഹം ബജറ്റിലും തുറന്നുകാണിക്കപ്പെട്ടു. ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു പ്രധാന പദ്ധതിയും അവതരിപ്പിക്കാതെ അവരെയെല്ലാം വൈകാരിക പ്രകടനങ്ങളില്‍തന്നെ ഇനിയും തളച്ചിടാമെന്ന വ്യാമോഹത്തിലാണ്. നാടിന്റെ സാമ്പത്തികരംഗം തകര്‍ന്നു തരിപ്പണമായിരിക്കുകയാണെന്ന് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ധവള പത്രം ഇറക്കി പ്രതിപക്ഷം വ്യക്തമാക്കിയപ്പോള്‍ അന്ന് അതെല്ലാം നിഷേധിച്ച സര്‍ക്കാര്‍ ഇന്നലെ ബജറ്റിലൂടെ അത് സമ്മതിച്ചിരിക്കുകയാണ്. ഭാവന സമ്പന്നമായ പദ്ധതികള്‍ നടപ്പാക്കുന്നതിനുപകരം കണ്ണും മൂക്കുമില്ലാത്ത നികുതി വര്‍ധനവിലൂടെ ആ തകര്‍ച്ചയെ നേരിടാമെന്ന കണക്കുകൂട്ടലിലൂടെ പിണറായിയും സംഘവും വീണ്ടും അപകടത്തിലേക്ക് തന്നെ നീങ്ങിയിരിക്കുകയാണ്. വരുമാനത്തിലെ കുറവിലൂടെയും നികുതി പിരിവിലെ പരാജയത്തിലൂടെയും ഭരണകൂടം തന്നെയുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള യഥാര്‍ത്ഥ മാര്‍ഗം ഈ രണ്ടു മേഖലയിലും ശ്രദ്ധകേന്ദ്രീകരിക്കുക എന്നതാണ്. അതിനുള്ള ഒരു ശ്രമവും നടത്താതെ മുഴുവന്‍ പാപഭാരവും ജനങ്ങളുടെ തലയില്‍ കെട്ടിവെച്ചിരിക്കുകയാണ്. ജനത്തിന് മാത്രമാണ് ഇടത് ഭരണത്തില്‍ വിലയില്ലാത്തത്.

 

Continue Reading

Trending