അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച നോട്ട് നിരോധവും ജിഎസ്ടിയും ഗുജറാത്തില്‍ ബിജെപിയെ തിരിഞ്ഞു കുത്തുന്നു.

പ്രചാരണ വിഷയമായി ഇവ രണ്ടുമയരുമ്പോള്‍ പ്രതിരോധത്തിലാവുകയാണ് ബിജെപി നേതൃത്വം. പ്രചാരണം ഇതര വിഷയങ്ങളിലേക്ക് വഴി തിരിച്ചു വിടാന്‍ മുഖ്യമന്ത്രി വിജയ് രൂപാനി ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഗുജറാത്ത് ചര്‍ച്ച ചെയ്യുന്നത് ജി.എസ്.ടിയും നോട്ട് നിരോധവും തൊഴിലില്ലായ്മയുമാണ്.

ഡിസംബര്‍ ഒമ്പത്, 14 തിയതികളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഈ മൂന്നു വിഷയങ്ങളും ബിജെപിക്ക് നിര്‍ണായകമാകും.

സംസ്ഥാനത്തെ വലിയ വിഭാഗമായ വ്യാപാരികളുടെ അതൃപ്തി പരിഹരിക്കുന്നതിന് തിരക്കിട്ട ശ്രമങ്ങളും ബിജെപി സംസ്ഥാന നേതൃത്വം നടത്തുന്നുണ്ടെന്നാണ് വിവരം.

വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ജി.എസ്.ടിയില്‍ മാറ്റം വരുത്തുമെന്ന വാഗ്ദാനം വരെ സംസ്ഥാന നേതൃത്വം ജനങ്ങള്‍ക്ക് നല്‍കി കഴിഞ്ഞു.

വ്യാപാരികളുടെ അഭിപ്രായങ്ങള്‍ക്ക് അനുസൃതമായി നികുതി നിരക്കില്‍ മാറ്റം വരുത്തുമെന്നാണ് വാഗ്ദാനം. ജിഎസ്ടിയും നോട്ട് നിരോധവും സംബന്ധിച്ച ചര്‍ച്ച കൊഴുപ്പിക്കുന്നതിന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ കോണ്‍ഗ്രസ് പ്രചാരണത്തിനിറക്കിയതും ബിജെപിക്ക് കനത്ത തിരിച്ചടിയാണ്.