അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എങ്കിലും പോരാട്ടത്തിന്റെ വീറും വാശിയും വാനോളം ഉയര്‍ന്നിട്ടുണ്ട്. ഡിസംബര്‍ ആദ്യം രണ്ട് ഘട്ടങ്ങളിലായി ജനവിധി നടക്കുമെന്നാണ് സൂചന. അത് മുന്നില്‍ കണ്ടുള്ള പടയൊരുക്കത്തിലാണ് മുഖ്യ എതിരാളികളായ ബി.ജെ.പിയും കോണ്‍ഗ്രസും.

27 വര്‍ഷമായി അധികാരത്തിന് പുറത്തു നില്‍ക്കുന്ന കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് കളമൊരുങ്ങുമോ? അതോ ഒരിക്കല്‍കൂടി ബി.ജെ.പിയെ തന്നെ തുണക്കുമോ? ഹിമാചല്‍ പ്രദേശിനൊപ്പം ഗുജറാത്തിന്റെയും ഫലം അറിയാന്‍ ഡിസംബര്‍ 18 വരെ കാത്തിരിക്കണം. 182 അംഗ നിയമസഭയില്‍ 150 സീറ്റ് നേടുകയെന്ന ലക്ഷ്യത്തോടെ മിഷന്‍ 150 പ്രഖ്യാപനവുമായാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ദേശീയ പ്രസിഡണ്ട് അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും തന്നെയാണ് ബി.ജെ.പിയുടെ സ്റ്റാര്‍ ക്യാമ്പയിനര്‍മാര്‍. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ കണക്കുകളും ബി.ജെ.പിക്ക് ഒട്ടും പ്രതീക്ഷക്ക് വക നല്‍കുന്നതല്ല. 150 സീറ്റ് പോയിട്ട് അധികാരം നിലനിര്‍ത്തുക എന്നതു തന്നെ ബി.ജെ.പിക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.

ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ കണക്കും കാര്യങ്ങളും ഇങ്ങനെ

22 വര്‍ഷമായി ബി.ജെ.പിയാണ് ഗുജറാത്തില്‍ അധികാരത്തില്‍(1995 മുതല്‍). തുടര്‍ച്ചയായ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ വിജയം ബി.ജെ.പിക്കൊപ്പമായിരുന്നു. ഇതില്‍ രണ്ടു വിജയങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെയായിരുന്നു. 2002ല്‍ 127 സീറ്റിലാണ് ബി.ജെ.പി വിജയിച്ചത്. സംസ്ഥാനത്ത് ബി.ജെ.പി നേടിയ ഏറ്റവും വലിയ വിജയവും ഇതായിരുന്നു. മിഷന്‍ 150ന് അമിത് ഷാ മുന്നോട്ടു വെക്കുന്ന യുക്തി ഇതാണ്. മോദി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 127 സീറ്റില്‍ ജയിക്കാന്‍ കഴിഞ്ഞു. അതുകൊണ്ടുതന്നെ മോദി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ 150 സീറ്റില്‍ ജയിക്കാന്‍ എന്തുകൊണ്ടും കഴിയും. എന്നാല്‍ പറയും പോലെ എളുപ്പമല്ല കാര്യങ്ങളെന്ന് കണക്കുകള്‍ തെളിയിക്കും.

1995-2012: ബി.ജെ.പിക്ക് സീറ്റു കുറഞ്ഞു, വോട്ടു വിഹിതവും

1995ലാണ് ബി.ജെ.പി ഗുജറാത്തില്‍ ആദ്യം അധികാരത്തില്‍ എത്തിയത്. എന്നാല്‍ 1996ല്‍ പാര്‍ട്ടി പിളര്‍ത്തിയ ശങ്കര്‍സിങ് വഗേല കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ചു. തൊട്ടു പിന്നാലെ 18 മാസത്തേക്ക് സംസ്ഥാനം രാഷ്ട്രപതി ഭരണത്തിനു കീഴിലായി. എന്നാല്‍ 1998ലെ തെരഞ്ഞെടുപ്പില്‍ കേശുഭായ് പട്ടേലിന്റെ കീഴില്‍ ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്തി. 2001ല്‍ കേശുഭായ് പട്ടേലിനെ മാറ്റിയാണ് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. 2002ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 127 സീറ്റ് നേടി ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്തി. 49.8 ശതമാനം വോട്ടാണ് അന്ന് ബി.ജെ.പിക്ക് ലഭിച്ചത്. ഗുജറാത്തില്‍ ബി.ജെ.പിക്കു ലഭിച്ച ഏറ്റവും കൂടിയ സീറ്റും ഏറ്റവും ഉയര്‍ന്ന വോട്ടു വിഹിതവും ആയിരുന്നു ഇത്. 2007ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ചെങ്കിലും സീറ്റ് 117 ആയി കുറഞ്ഞു. വോട്ടു വിഹിതത്തിലും ഇടിവുണ്ടായി. 49.1 ശതമാനം. 2012ല്‍ 115 സീറ്റിലേക്ക് ബി.ജെ.പി പിന്നെയും ചുരുങ്ങി. വോട്ടു വിഹിതം 47.85 ശതമാനമായി കുറഞ്ഞു. 2002ല്‍നിന്ന് 2012ല്‍ എത്തുമ്പോള്‍ സീറ്റിലുണ്ടായ കുറവ് 12. വോട്ടു വിഹിതത്തിലെ കുറവ് 1.95 ശതമാനം.

രാഷ്ട്രീയ സാഹചര്യങ്ങള്‍ പ്രതികൂലമാണ് എന്നതാണ് ബി.ജെ.പിക്കു മുന്നിലെ പ്രധാന വെല്ലുവിളി. മോദിക്കു ശേഷം വന്ന ആനന്ദിബെന്‍ പട്ടേലിന് അഴിമതി ആരോപണങ്ങളെതുടര്‍ന്ന് കളമൊഴിയേണ്ടി വന്നതും പകരം വന്ന വിജയ് രൂപാണിക്ക് ജനസമ്മിതി നേടാന്‍ കഴിയാത്തതുമാണ് ആദ്യ പ്രതിസന്ധി തീര്‍ത്തത്. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിന്റെ രാജ്യസഭാ തെരഞ്ഞെടുപ്പ് വിജയമായിരുന്നു അടുത്ത തിരിച്ചടി. ബി.ജെ.പി ക്യാമ്പില്‍ വലിയ നിരാശയും കോണ്‍ഗ്രസ് ക്യാമ്പില്‍ വലിയ ഉണര്‍വ്വും സമ്മാനിച്ചതായിരുന്നു നാടകീയത മുറ്റിയ ഈ തെരഞ്ഞെടുപ്പ് ഫലം.