X
    Categories: Views

ഗള്‍ഫ് പ്രതിസന്ധി: സെപ്തംബറില്‍ ജിസിസി യോഗത്തിനായുള്ള നീക്കങ്ങള്‍ സജീവം

 

ദോഹ: സെപ്തംബറില്‍ ജിസിസി യോഗം സംഘടിപ്പിക്കുന്നതിനായി നയതന്ത്രനീക്കങ്ങള്‍ സജീവമായി നടക്കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് ലുല്‍വ അല്‍ഖാതിര്‍.ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുകയാണ് യോഗത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതു നടക്കുമോ എന്നതില്‍ ഉറപ്പുപറയാനാവില്ലെന്നും പന്ത് ഇപ്പോള്‍ ഉപരോധരാജ്യങ്ങളുടെ കോര്‍ട്ടിലാണെന്നും അവര്‍ പറഞ്ഞു.
ഇപ്പോഴത്തെ നയതന്ത്ര നീക്കങ്ങള്‍ക്കു മുന്‍കൈയെടുത്തിരിക്കുന്നതും സഹോദരരാജ്യമായ കുവൈത്ത് ആണ്. സെപ്റ്റംബറില്‍ ആറു ജിസിസി രാജ്യങ്ങളെയും ഒരു വേദിയിലെത്തിക്കാനാണ് ശ്രമം. എന്നാല്‍ ഇതു സാധ്യമാകുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. യോഗം നടക്കുമോ ഇല്ലയോ എന്നത് ഉപരോധ രാജ്യങ്ങളുടെ നിലപാടിനെ ആശ്രയിച്ചായിരിക്കും.
നിര്‍ഭാഗ്യവശാല്‍ അവരുടെ മുന്‍സമീപനങ്ങള്‍ പ്രവചാനീതമായിരുന്നുവെന്നും അല്‍ഖാതിര്‍ ചൂണ്ടിക്കാട്ടി. ഉപരോധത്തിന്റെ ഒരു വര്‍ഷം: സത്യവും മിഥ്യയും എന്ന വിഷയത്തില്‍ ഖത്തര്‍ സര്‍വകലാശാല സംഘടിപ്പിച്ച സെമിനാറില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണ് അവര്‍ ഈ വിശദീകരണം നല്‍കിയത്. വംശീയ വേര്‍തിരിവ് തുടച്ചുനീക്കുന്നതിനായുള്ള യുഎന്‍ കമ്മിറ്റിയില്‍ പരാതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങളിലാണ് ഖത്തര്‍ എന്നും അവര്‍ പറഞ്ഞു. ഏകപക്ഷീയ ഉപരോധംമൂലം ഖത്തരി കുടുംബങ്ങള്‍ക്കുണ്ടായ കഷ്ടനഷ്ടങ്ങള്‍ക്കു പരിഹാരം ലക്ഷ്യമിട്ടാണിത്. ഐക്യരാഷ്ട്ര സംഘടനയുടെ വംശീയവിവേചന നിര്‍മാര്‍ജന സമിതി(സിഇആര്‍ഡി)ക്കു പരാതി നല്‍കും. ഉപരോധത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ പൂര്‍ണമായി മറികടക്കാനായെങ്കിലും സാമൂഹ്യപ്രത്യാഘാതങ്ങള്‍ക്കും വംശീയ വിവേചനത്തിനും പരിഹാരം കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് സിഇആര്‍ഡിക്കു പരാതി നല്‍കുന്നതെന്ന് അവര്‍ വിശദീകരിച്ചു.
ഗള്‍ഫ് പ്രതിസന്ധി ദീര്‍ഘിക്കുന്നത് മേഖലയുടെ സുരക്ഷ കൂടുതല്‍ ദുര്‍ബലമാക്കും, എങ്കിലും നല്ലൊരു നാളെ മുന്നിലുണ്ടെന്ന പ്രത്യാശ ഖത്തറിനു നഷ്ടപ്പെട്ടിട്ടില്ല. പൗരന്മാരുടെ ഒരു അവകാശവും അടിയറവയ്ക്കില്ല. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ രാജ്യാന്തര കോടതികളില്‍ ഇതിനകം നല്‍കിയിട്ടുള്ള വ്യവഹാരങ്ങള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകും. വ്യാപാര തര്‍ക്കങ്ങളില്‍ ലോകവ്യാപാര സംഘടന(ഡബ്ല്യുടിഒ)യില്‍ നല്‍കിയിട്ടുള്ള കേസുകളിലും നിയമനടപടി ഊര്‍ജിതമാക്കും. ഏതു പ്രതിസന്ധിയിലും ജിസിസി സംവിധാനം ഉറച്ചനിലപാടാണ് നേരത്തെ സ്വീകരിച്ചത്.
എന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി ജിസിസിയുടെ നിലനില്‍പിനേയും മേഖലയുടെ സുരക്ഷിതത്വത്തേയും അപകടകരമായ വിധത്തില്‍ ബാധിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി.

chandrika: