നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ്് കമ്മിറ്റിയുടെ നേതൃത്യത്തിലുള്ള ഹജ് തീര്‍ഥാടകര്‍ക്ക് നെടുമ്പാശ്ശേരിയില്‍ നിന്നും യാത്രയാകാന്‍ സൗദി എയര്‍ലൈന്‍സ് ചാര്‍ട്ട് ചെയ്തിരിക്കുന്നത് 29 സര്‍വീസുകള്‍. കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നായി 12145 പേരാണ് ഹജ്ജ് കമ്മിറ്റി വഴി പുണ്യനഗരിയിലേക്ക് യാത്രയാകുന്നത്. കേരളത്തില്‍ നിന്നുള്ള 11272 പേര്‍ക്ക് പുറമെ ലക്ഷദ്വീപില്‍ നിന്നുള്ള 276 പേരും മാഹിയില്‍ നിന്നുള്ള 147 പേരും മക്കയിലേക്ക് യാത്രയാകാന്‍ നെടുമ്പാശ്ശേരിയിലെത്തും .410 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. നിലവിലെ ഷെഡ്യുള്‍ പ്രകാരം 11890 പേര്‍ക്കാണ് യാത്ര ചെയ്യാന്‍ കഴിയുക. അധികമുള്ള 255 പേര്‍ക്ക് ഒരു വിമാനം കൂടി അനുവദിക്കും. സഊദി എയര്‍ലൈന്‍സ് തയ്യാറാക്കിയിരിക്കുന്ന വിമാന ഷെഡ്യൂള്‍ അനുസരിച്ച് 2,3,4,5,6,8,16 തീയതികളില്‍ ഓരോ വിമാനവും, 1,7,10,12,14,15 തീയതികളില്‍ രണ്ട് വിമാനങ്ങള്‍ വീതവും, 11,13 തീയതികളില്‍ മൂന്നു വിമാനങ്ങളും, 9 ആം തീയതി നാല് വിമാനങ്ങളുമാണ് സര്‍വീസ് നടത്തുക. നെടുമ്പാശ്ശേരിയില്‍ നിന്നും തീര്‍ഥാടകരുമായി പുറപ്പെടുന്ന വിമാനം ജിദ്ദ വിമാനത്താവളത്തിലാണ് ഇറങ്ങുക. അവിടെ നിന്നും റോഡ് മാര്‍ക്ഷം തീര്‍ഥാടകരെ മക്കയില്‍ എത്തിക്കും. ഹജ്ജ് കര്‍മ്മം പൂര്‍ത്തിയായതിനു ശേഷമാണ് സംസ്ഥാനത്ത് നിന്നുള്ള തീര്‍ഥാടകരുടെ മദീന സന്ദര്‍ശനം. സെപ്തംബര്‍ 12 മുതല്‍ 25 വരെ മദീന വിമാനത്താവളത്തില്‍ നിന്നാണ് ഇവരുടെ മടക്കയാത്ര.