X

ഹജ്ജ്; പതിവുകള്‍ തെറ്റി; കാത്തിരിപ്പുപട്ടികയില്‍ 9193 പേര്‍

കേരളത്തില്‍നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ആദ്യ ഹജ്ജ് വിമാനം ജൂണ്‍ ഏഴിനു പുറപ്പെടാനിരിക്കെ കാത്തിരിപ്പുപട്ടികയിലുള്ളവരുടെ കാര്യത്തില്‍ തീരുമാനമായില്ല. 9193 പേരാണ് സംസ്ഥാനത്ത് കാത്തിരിപ്പുപട്ടികയിലുള്ളത്.

അവസരം ലഭിച്ച തീര്‍ഥാടകര്‍ ഹജ്ജ് യാത്ര റദ്ദാക്കുന്നതിനുസരിച്ചാണ് കാത്തിരിപ്പുപട്ടികയിലുള്ളവര്‍ക്ക് മുന്‍ഗണനാക്രമത്തില്‍ അവസരം ലഭിക്കുക. അവസാന നിമിഷത്തെ ആശയക്കുഴപ്പമൊഴിവാക്കാന്‍ കാത്തിരിപ്പുപട്ടികയില്‍ മുന്‍പന്തിയിലുള്ളവരുടെ പാസ്‌പോര്‍ട്ടും രേഖകളും നേരത്തേ വാങ്ങി സൂക്ഷിക്കാറുണ്ടായിരുന്നു.

ഇത്തവണ ഹജ്ജ് നറുക്കെടുപ്പും പണം സ്വീകരിക്കുന്നതിനുള്ള സമയവുമെല്ലാം വൈകിയതോടെ ഈ പതിവുതെറ്റി. നിലവില്‍ അവസരം ലഭിച്ചവരുടെ പാസ്‌പോര്‍ട്ടും രേഖകളും സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കഴിഞ്ഞദിവസമാണ് കൈമാറിയത്.

10,331 പേര്‍ക്കാണ് അവസരം ലഭിച്ചിരിക്കുന്നത്. മൊത്തം 19,524 പേരാണ് കേരളത്തില്‍നിന്ന് ഹജ്ജിന് അപേക്ഷിച്ചത്. അവസരം ലഭിച്ചവരില്‍ അഞ്ഞൂറോളം പേര്‍ പാസ്‌പോര്‍ട്ടും രേഖകളും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കൈമാറിയില്ലെന്നാണ് അറിയുന്നത്.

ഇതിനു പകരം കാത്തിരിപ്പുപട്ടികയിലുള്ളവര്‍ക്ക് അവസരം ലഭിക്കും. കൂടാതെ മറ്റു സംസ്ഥാനങ്ങളില്‍ റദ്ദാക്കുന്ന സീറ്റുകളുടെ ഒരു വിഹിതവും കേരളത്തിന് ലഭിക്കും. നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കൈമാറിയ പാസ്‌പോര്‍ട്ടുകളുടെ പരിശോധന പൂര്‍ത്തിയാകുന്നതോടെ കാത്തിരിപ്പുപട്ടികയിലുള്ളരില്‍ അവസരം ലഭിക്കാന്‍ സാധ്യതയുള്ളവരുടെ പാസ്‌പോര്‍ട്ടും രേഖകളും വാങ്ങുമെന്നുമാണ് അധികൃതര്‍ പറയുന്നത്.

ഹജ്ജ് തീര്‍ഥാടകര്‍ യാത്രച്ചെലവിലേക്ക് ഇതിനകം രണ്ടു ഗഡുക്കളായി 2,51,800 രൂപ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. വിമാനയാത്രച്ചെലവും താമസസ്ഥലത്തിന്റെ ചെലവുമെല്ലാം കണക്കാക്കി അന്തിമഗഡു ഉടന്‍ പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷ.

webdesk14: