X

വിരാത് കോലിയും ഗൗതം ഗാംഭിറും എങ്ങനെ ഇത്ര വലിയ ശത്രുക്കളായി…?

ലക്‌നൗ: ഉറ്റമിത്രങ്ങളായ വിരാത് കോലിയും ഗൗതം ഗാംഭിറും എങ്ങനെ ഇത്ര വലിയ ശത്രുക്കളായി…? 2011 ല്‍ മഹേന്ദ്രസിംഗ് ധോണി ഇന്ത്യക്കായി വാംഖഡെയില്‍ ഏകദിന ലോകകപ്പ് ഉയര്‍ത്തിയ വിഖ്യാത മല്‍സരത്തില്‍ ദീര്‍ഘസമയം ഒരുമിച്ച് കളിച്ച നല്ല സുഹൃത്തുക്കളും ഡല്‍ഹിക്കാരുമായ ഇരുവരും ഇപ്പോള്‍ കണ്ടാല്‍ മിണ്ടില്ല. കോലി രാജ്യാന്തര ക്രിക്കറ്റില്‍ തന്റെ കന്നി ഏകദിന സെഞ്ച്വറി സ്വന്തമാക്കിയ മല്‍സരത്തിലെ മാന്‍ ഓഫ് ദ മാച്ച് പട്ടം സഹതാരത്തിന് സമര്‍പ്പിച്ച താരമാണ് ഗാംഭീര്‍. ഇത്തരത്തിലുള്ള സൗഹൃദം എങ്ങനെ വലിയ ശത്രുതയില്‍ എത്തി. അതിന്റെ പുതിയ പതിപ്പ് മാത്രമായിരുന്നു ലക്‌നൗയിലെ ഐ.പി.എല്‍ മല്‍സര മൈതാനത്ത് കണ്ടത്.പിറകോട്ട് സഞ്ചരിച്ചാല്‍ ശത്രുതയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ മനസിലാവും.

2013 ലെ ഐ.പി.എല്‍. അന്ന് ഗാംഭീര്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നായകന്‍. കോലി ബെംഗളുരു റോയല്‍ ചാലഞ്ചേഴ്‌സ് നായകനും. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ കോലി വേഗം പുറത്താവുന്നു. നിരാശനായി മടങ്ങുന്ന കോലിയുടെ അരികിലെത്തി ഗാംഭീര്‍ എന്തോ പറഞ്ഞു… ഉടന്‍ തന്നെ കോലിയും പ്രതികരിച്ചു. ഇവിടം മുതലാണ് അകലം ആരംഭിക്കുന്നത്. 2016 ലെ ഐ.പി.എല്ലിലും രണ്ട് പേരും ഇടഞ്ഞു. അന്നും വില്ലന്‍ ഗാംഭീറായിരുന്നു. ബെംഗളുരുവും കൊല്‍ക്കത്തയും മല്‍സരിക്കവെ കോലി നോണ്‍ സ്‌ട്രൈകിംഗ് എന്‍ഡിലുണ്ടായിരുന്നു. റണ്ണൗട്ടിന് ഒരു സാധ്യതയും ഇല്ലെന്നിരിക്കെ ഫീല്‍ഡറായ ഗാംഭീര്‍ നോണ്‍ സ്‌ട്രൈകിംഗ് എന്‍ഡിലേക്ക് പന്ത് വലിച്ചെറിഞ്ഞിരുന്നു.

ഈ ശത്രുതക്ക് പിറകെ മഹേന്ദ്രസിംഗ് ധോണിയില്‍ നിന്നും ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകനായി വിരാത് കോലി മാറിയപ്പോള്‍ തനിക്ക് ദേശീയ സംഘത്തില്‍ അവസരം നിഷേധിക്കപ്പെട്ടതായി ഗാംഭീര്‍ കരുതുന്നു. 2014-15 സീസണില്‍ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയന്‍ പര്യടനം നടത്തിയിരുന്നു. ഓപ്പണര്‍ സ്ഥാനത്ത് രോഹിത് ശര്‍മയും ശിഖര്‍ ധവാനും വന്നപ്പോള്‍ മധ്യനിരയില്ലെങ്കിലും ഗാംഭീര്‍ സ്ഥാനം പ്രതീക്ഷിച്ചു. എന്നാല്‍ ക്യാപ്റ്റന്റെ പിന്തുണ കിട്ടിയില്ല. 2016 ല്‍ ന്യുസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള സംഘത്തിലെക്ക് കോലിക്ക് കീഴില്‍ ഗാംഭീര്‍ തിരികെ വന്നുവെങ്കിലും രണ്ട് മല്‍സരങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ ഒഴിവാക്കി. പിന്നീടൊരിക്കലും ഗാംഭീറിന് അവസരവും കിട്ടിയില്ല. അതിന് ശേഷം ഗാംഭീര്‍ രാജ്യാന്തര രംഗം വിട്ടു. കോലിയുമായി പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമാക്കി.

പക്ഷേ ലക്‌നൗ സംഘത്തില്‍ ഉപദേഷ്ടാവായി വന്ന ശേഷം ഗാംഭീര്‍ ശത്രുത വീണ്ടും പരസ്യമാക്കി. ചിന്നസ്വാമി പോരാട്ടത്തില്‍ ലക്‌നൗ ബെംഗളുരുവിനെ തോല്‍പ്പിച്ചപ്പോള്‍ ഗാംഭീര്‍ നടത്തിയ ആഘോഷ പ്രകടനം അതിരുവിട്ടതായിരുന്നു. അതിന് മറുപടിയായാണ് കഴിഞ്ഞ ദിവസം ലക്‌നൗവില്‍ കോലി അതേ ആക്ഷനിലുടെ മറുപടി നല്‍കിയത്. മല്‍സരത്തിന് ശേഷം ലക്‌നൗ ഓപ്പണര്‍ കൈല്‍ മില്‍സുമായി കോലി സംസാരിച്ച് നടക്കവെ ഗാംഭീര്‍ വിന്‍ഡീസുകാരനെ പിടിച്ചു മാറ്റുകയായിരുന്നു ഇതിന് ശേഷമാണ് കോലിയും ഗാംഭീറും നേര്‍ക്കുനേര്‍ വന്നത്. അതിന് മുമ്പ് ലക്‌നൗ താരം നവീന്‍ ഉല്‍ ഹഖുമായും കോലി ഉടക്കിയിരുന്നു. ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് തര്‍ക്കത്തില്‍ നിന്നും ഇവരെ പിടിച്ചുമാറ്റിയത്.

 

webdesk11: