X

ഭിന്നതക്ക് വിരാമം; ഹമാസും ഫതഹും അനുരഞ്ജന കരാറില്‍ ഒപ്പുവെച്ചു

കൈറോ: ഫലസ്തീന്‍ കക്ഷികളായ ഹമാസും ഫതഹും അനുരഞ്ജന കരാറില്‍ ഒപ്പുവെച്ചു. കെയ്‌റോയില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സമാധാന കരാറില്‍ ഇരുകക്ഷികളും ഒപ്പുവെക്കുന്നത്. ഹമാസ് മേധാവി ഇസ്മാഈല്‍ ഹനിയ്യ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

മൂന്നുദിവസം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനമായത്. ഹമാസിന്റെ പുതിയ മേധാവി സലാഹ് അല്‍അറൂരിയും ഫത്ഹിന്റെ പ്രതിനിധി തലവന്‍ അസ്സാം അല്‍ അഹ്മദും ആണ് കരാറില്‍ ഒപ്പുവെച്ചത്. ഇതനുസരിച്ച് ഹമാസിന്റെ കീഴിലുള്ള ഗാസയുടെ മുഴുവന്‍ നിയന്ത്രണവും ഡിസംബര്‍ ഒന്നോടെ ഫത്ഹിന്റെ കയ്യിലേക്ക് തിരികെ വരുമെന്നാണ് റിപ്പോര്‍ട്ട്. ഗാസ ഈജിപ്ത് അതിര്‍ത്തിയായ റഫയുടെ നീരീക്ഷണ ചുമതല ഫതഹിന് നല്‍കാനും തീരുമാനമായി. വരുന്ന ഡിസംബറോടെ ഗാസയുടെ ചുമതല മുഴുവന്‍ ഫതഹ് നേതൃത്വത്തിലുള്ള സര്‍ക്കാരിന് നല്‍കും. ഗാസയില്‍ ജോലി ചെയ്യുന്നവരുടെ ശമ്പള പ്രശ്‌നം , ജീവനക്കാരുടെ പുനര്‍നിയമനം എന്നിവയടക്കമുള്ള പ്രശ്‌നങ്ങളുടെ പരിഹാരത്തിന് ലീഗല്‍ കമ്മിറ്റിയെ നിയോഗിക്കുന്നതടക്കം ഉടമ്പടി മുന്നോട്ട് വെക്കുന്നുണ്ട്. നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നുവെങ്കിലും വിഭിന്നതകള്‍ അവസാനിപ്പിച്ച് കരാര്‍ അംഗീകരിക്കുന്നതായി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു.

2007-ല്‍ നടന്ന തെരഞ്ഞെടുപ്പോടെയാണ് ഫത്ഹിന് ഗാസയുടെ നിയന്ത്രണം നഷ്ടമായത്. എന്നാല്‍ അധികാര കൈമാറ്റത്തിന് തയ്യാറാണെന്ന് കഴിഞ്ഞ മാസം ഹമാസ് അറിയിച്ചതോടെ അനുരഞ്ജനത്തിനുള്ള വാതില്‍ തുറക്കുകയായിരുന്നു. ഐക്യസര്‍ക്കാര്‍ രൂപം കൊള്ളുന്നതിലൂടെ ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ദുരിതപൂര്‍ണ്ണമായ ജീവിതത്തിനും അറുതിവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

chandrika: