പനാജി: ബീഫ് കഴിക്കുന്നവരെ തൂക്കി കൊല്ലണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ച് സാധ്വി സരസ്വതി. ലൗജിഹാദില്‍ നിന്ന് പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിനായി ആയുധം ശേഖരിക്കാനും മധ്യപ്രദേശില്‍ നിന്നുമുള്ള സാധ്വി സരസ്വതി ആഹ്വാനം ചെയ്തിട്ടുണ്ട്. 2023 ഓടെ ഹിന്ദുരാഷ്ട്രം നിര്‍മ്മിക്കുന്നതിനായി 150ലധികം വരുന്ന ഹിന്ദുസംഘടനകളുടെ നേതൃത്വത്തില്‍ ഗോവയില്‍ നടക്കുന്ന മഹാസംഗമത്തിലാണ് സാധ്വിയുടെ വിദ്വേഷ പ്രസ്താവന. അതേസമയം മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ വിവാദ പ്രസ്താവന നടത്തിയ സാധ്വി സരസ്വതിക്കെതിരെ കേസെടുക്കണമെന്ന് ഗോവ കോണ്‍ഗ്രസ് പ്രസിഡന്റ് ഗീരിഷ് ചോദാന്‍കര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഇക്കാര്യത്തില്‍ മൗനം തുടരുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു. കയ്യടികളോടെയാണ് സാധ്വിയുടെ വിദ്വേഷ പ്രസംഗത്തെ യോഗത്തിലുണ്ടായിരുന്നവര്‍ സ്വീകരിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സനാതന്‍ ധര്‍മ പ്രചാര്‍ സേവാ സമിതി പ്രസിഡന്റാണ് ഇവര്‍. അന്യമതസ്ഥനെ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതല്ല, ഹിന്ദുവിനെ ഹിന്ദുവാക്കുന്നതാണ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അവര്‍ മതേതരത്വത്തിന്റെ ഉടുപ്പ് അണിഞ്ഞിരിക്കുകയാണ്. അവരാണ് ആദ്യം ആക്രമിക്കപ്പെടുക. സ്റ്റാറ്റസ് പാലിക്കുന്നതിന് വേണ്ടി സ്വന്തം അമ്മയുടെ (ഗോമാത), ഇറച്ചി കഴിക്കുന്നവരെ തൂക്കി കൊല്ലണമെന്ന് ഞാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ്. എല്ലാവരുടെയും മുമ്പില്‍ വെച്ച് അവരെ തൂക്കി കൊല്ലണം. അപ്പോഴേ ഗോമാതാവിനെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് എന്ന് എല്ലാവരും മനസിലാക്കൂ. നമ്മള്‍ ആയുധം കൈയിലേന്തിയില്ലെങ്കില്‍, ഭാവിയില്‍ നമ്മള്‍ നശിപ്പിക്കപ്പെടുമെന്നും സരസ്വതി യോഗത്തില്‍ പറഞ്ഞു. ബിജെപി പ്രവര്‍ത്തകരെയും യോഗം വെറുതെ വിട്ടില്ല. സാധ്വി സരസ്വതിക്ക് ശേഷം സംസാരിച്ച സനാതന്‍ സാന്‍സ്തയുടെ വക്താവ് അഭയ് വാര്‍തകാണ് ബിജെപിക്ക് എതിരെ സംസാരിച്ചത്. ഗോവയില്‍ തന്നെ ബീഫ് കഴിക്കുന്നതിനെ അനുകൂലിക്കുന്ന ബിജെപി മന്ത്രിമാരുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഒരു മന്ത്രി ബീഫ് കഴിക്കുമെന്ന് പറയുന്നു. മറ്റൊരു കേന്ദ്ര മന്ത്രിയും ഇത് തന്നെ പറയുന്നു. ഗോ മാതാവ് അവര്‍ക്ക് ഭക്ഷണമാണോയെന്നും അദ്ദേഹം ചോദിച്ചു. തീവ്രഹിന്ദുത്വ സംഘടനയായ ഹിന്ദു ജനജാഗൃതി സമിതിയാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ‘ഹിന്ദുരാഷ്ട്ര സ്ഥാപനത്തിനായുള്ള പദ്ധതി’ തയ്യാറാക്കുന്നതിനായുള്ള ചര്‍ച്ചയാണ് സംഗമത്തിന്റെ പ്രധാന അജണ്ട. ഗോവ കേന്ദ്രമായുള്ള ഹിന്ദു ജനജാഗൃതി സമിതി 2002ലാണ് സ്ഥാപിക്കപ്പെട്ടത്. തീവ്രഹിന്ദുത്വ ഗ്രൂപ്പായ എച്ച്‌ജെഎസ് യുക്തിവാദിയും എഴുത്തുകാരനുമായ നരേന്ദ്ര ധബോല്‍ക്കറുടെ വധത്തിന് ശേഷമാണ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ധബോല്‍ക്കര്‍ വധത്തെത്തുടര്‍ന്ന് എച്ച്‌ജെഎസ് പ്രവര്‍ത്തകനായ വീരേന്ദ്രസിങ് താവ്ഡയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.