പനാജി: ലോക്‌സഭയിലേക്കുള്ള വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഗോവയില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറിന് നല്‍കിവന്ന പിന്തുണ പിന്‍വലിക്കുമെന്ന് സഖ്യ കക്ഷിയായ മഹാരാഷ്ട്രവാദി ഗോമണ്ഡക് പാര്‍ട്ടി(എം.ജി.പി) വ്യക്തമാക്കി. സംസ്ഥാനത്തെ രണ്ട് ലോക്‌സഭാ സീറ്റുകളിലും കോണ്‍ഗ്രസിനെ പിന്തുണക്കുമെന്നും എം.ജി.പി നേതാക്കള്‍ പറഞ്ഞു.

ഏപ്രില്‍ 23നാണ് ഗോവയില്‍ വോട്ടെടുപ്പ്. പ്രമോദ് സാവന്ത് സര്‍ക്കാറിന് നല്‍കിവരുന്ന പിന്തുണ പിന്‍വലിച്ച് അടുത്ത ദിവസം തന്നെ ഗവര്‍ണര്‍ മൃദുല സിന്‍ഹക്ക് കത്തു നല്‍കുമെന്ന് എം.ജി.പി നേതാവ് ദീപക് ദാന്‍വില്‍ക്കര്‍ പറഞ്ഞു. മൂന്ന് എം.എല്‍.എമാരുണ്ടായിരുന്ന എം.ജി.പിയിലെ രണ്ട് അംഗങ്ങള്‍ അടുത്തിടെ രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

ഇതിനു പുറമെ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടെ മൂന്ന് അംഗങ്ങളുടേയും മൂന്ന് സ്വതന്ത്രരുടേയും പിന്തുണ ബി.ജെ.പിക്കുണ്ട്. അതുകൊണ്ടുതന്നെ എം.ജി.പി പിന്തുണ പിന്‍വലിച്ചാലും സര്‍ക്കാര്‍ വീഴില്ല. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ രണ്ടു സീറ്റുകളില്‍ ബി.ജെ.പിയുടെ സാധ്യതകളെ പുതിയ രാഷ്ട്രീയ നീക്കം കാര്യമായി സ്വാധീനിക്കും. രണ്ടു മണ്ഡലങ്ങളിലും ബി.ജെ.പി തിരിച്ചടി നേരിടുമെന്നാണ് വിലയിരുത്തല്‍.