ന്യൂഡല്‍ഹി: കാര്‍ഷിക ബില്‍ പാസാക്കുമ്പോള്‍ പാര്‍ലമെന്റില്‍ എത്തിയില്ലെന്ന വിമര്‍ശനത്തിന് രാഹുല്‍ ഗാന്ധിയുടെ മറുപടി. ചികിത്സക്കായി വിദേശത്ത് പോയ അമ്മക്കൊപ്പമായതിനാലാണ് പാര്‍ലമെന്റിലെത്താന്‍ കഴിയാതിരുന്നതെന്ന് രാഹുല്‍ പറഞ്ഞു. പഞ്ചാബിലെ പട്യാലയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്റെ അമ്മ ചികിത്സക്കായി വിദേശത്തായിരുന്നു. എന്റെ സഹോദരിയുടെ ഓഫീസില്‍ ചിലര്‍ക്ക് കോവിഡ് പോസിറ്റീവായതിനാല്‍ അമ്മയുടെ കൂടെ പോവാന്‍ പറ്റുമായിരുന്നില്ല. അതുകൊണ്ട് ഞാന്‍ അമ്മയുടെ കൂടെയായിരുന്നു. എല്ലാത്തിനുമപ്പുറം ഞാന്‍ അവരുടെ മകനാണ്. അവരെ ശുശ്രൂഷിക്കേണ്ടത് എന്റെ ബാധ്യതയാണ്-രാഹുല്‍ പറഞ്ഞു.

കാര്‍ഷിക ബില്ലിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്കാണ് പഞ്ചാബില്‍ രാഹുല്‍ ഗാന്ധി നേതൃത്വം കൊടുക്കുന്നത്. ഇന്ത്യ-ചൈന തര്‍ക്കത്തില്‍ പ്രധാനമന്ത്രി സമ്പൂര്‍ണ പരാജയമാണെന്നും രാഹുല്‍ വിമര്‍ശിച്ചു. നമ്മുടെ രാജ്യത്തിന്റെ ഭൂമി പിടിച്ചെടുക്കാന്‍ ചൈനക്ക് യാതൊരു ഭയവില്ലെന്ന് രാഹുല്‍ പറഞ്ഞു. അതിന് കാരണം രാജ്യത്ത് അധികാരത്തിലിരിക്കുന്ന വ്യക്തി അദ്ദേഹത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതില്‍ മാത്രമേ ശ്രദ്ധിക്കുന്നൂള്ളൂ എന്ന് അവര്‍ക്കറിയാമെന്നും രാഹുല്‍ പരിഹസിച്ചു.