ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ളയാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാവട്ടെയെന്ന പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന ഒരു വര്‍ഷം മുമ്പ് നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ളതാണെന്ന് കോണ്‍ഗ്രസ്. ഇപ്പോള്‍ അത് പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ബിജെപിയാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച സാഹചര്യത്തില്‍ പ്രിയങ്ക നടത്തിയ പ്രസ്താവനയാണിതെന്നും സുര്‍ജേവാല പറഞ്ഞു. ബിജെപിക്കും പ്രധാനമന്ത്രി മോദിക്കുമെതിരെ ദിനേന വിമര്‍ശനങ്ങളുന്നയിക്കുന്ന രാഹുല്‍ ഗാന്ധിക്കെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്താനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്നും സുര്‍ജേവാല ആരോപിച്ചു.

അതിനിടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാജിവെച്ച് രാഹുലിന് വേണ്ടി വഴിമാറാന്‍ തയ്യാറായിരുന്നുവെന്നും എന്നാല്‍ രാഹുല്‍ അത് സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും വെളിപ്പെടുത്തി കോണ്‍ഗ്രസ് വക്താവ് ശക്തിസിങ് ഗോവില്‍ രംഗത്തെത്തിയിരുന്നു.