ന്യൂഡല്‍ഹി: പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ നല്‍കുന്നതിനുള്ള സുപ്രധാന ബില്ല് ലോക്‌സഭ പാസാക്കി. കത്വ, ഉന്നാവ ബലാത്സംഗ കേസുകളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. ശബ്ദ വോട്ടോടെയാണ് ബില്ല് പാസാക്കിയത്. വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ക്രിമിനല്‍ നിയമത്തില്‍ നിയമഭേദഗതി വരുത്തികൊണ്ടുള്ള ഓര്‍ഡിനന്‍സിന് ഏപ്രില്‍ 21ന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇന്നലെ ലോക്‌സഭയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു ആണ് ബില്ല് അവതരിപ്പിച്ചത്. ഭൂരിപക്ഷം അംഗങ്ങളും ബില്ലിനെ അനുകൂലിക്കുകയായിരുന്നു. എന്നാല്‍, ബില്‍ പാസാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച മാര്‍ഗത്തെ ചില പ്രതിപക്ഷ അംഗങ്ങള്‍ എതിര്‍ത്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് ബില്ലെന്ന് കിരണ്‍ റിജ്ജു വ്യക്തമാക്കി. സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള പോരാട്ടമാണ് ബില്ലെന്ന് മന്ത്രി പറഞ്ഞു. ബലാത്സംഗ കേസുകളുടെ അന്വേഷണവും വിചാരണയും വേഗത്തിലാക്കാനും ബില്ലില്‍ നിര്‍ദേശിക്കുന്നുണ്ട്. രണ്ട് മാസങ്ങള്‍ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.