അഹമ്മദാബാദ്: ഗുജറാത്തില്‍ പട്ടീദാര്‍ വിഭാഗക്കാര്‍ കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ചു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്ന് മണിക്കൂറുകള്‍ പിന്നിടുന്നതിന് മുമ്പാണ് ആക്രമണമുണ്ടായത്. സൂററ്റിലെ കോണ്‍ഗ്രസ് ഓഫീസ് പട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി അംഗങ്ങള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു.

സ്ഥാനാര്‍ത്ഥി പട്ടികയിലെ എതിര്‍പ്പാണ് ആക്രമണത്തിന് പിന്നില്‍. സ്ഥാനാര്‍ത്ഥി പട്ടികയില്‍ സമ്മതമില്ലാതെ പട്ടീദാര്‍ സമിതി നേതാക്കളുടെ പേര് ഉള്‍പ്പെടുത്തിയതിലെ പ്രതിഷേധമാണ് ഇതെന്നാണ് പറയുന്നത്. പട്ടീദാര്‍ സമിതിയുടെ നേതാക്കളായ ലളിത് വാസൂയ, നീലേഷ് പട്ടേല്‍ എന്നിവരെയാണ് കോണ്‍ഗ്രസ് സമ്മതമില്ലാതെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതിനെതിരെയാണ് പട്ടീദാര്‍ വിഭാഗക്കാരുടെ പ്രതിഷേധം അരങ്ങേറിയത്. കോണ്‍ഗ്രസ് സമ്മതമില്ലാതെയാണ് നേതാക്കളുടെ പേര് ഉള്‍പ്പെടുത്തിയതെന്നും ഇതിനെതിരെ സംസ്ഥാനത്താകമാനം പ്രക്ഷോഭം നടത്താനാണ് പട്ടീദാര്‍ സമിതി തീരുമാനിച്ചിരിക്കുന്നതെന്നും സമിതി വക്താവ് ദിനേഷ് ബംബാനിയ അറിയിച്ചു. സംവരണവുമായി ബന്ധപ്പെട്ട് ഇന്നലെ കോണ്‍ഗ്രസ്സും പട്ടീദാര്‍ വിഭാഗവും തമ്മില്‍ ധാരണയിലെത്തിയിരുന്നു. ഇന്ന് രാജ്‌കോട്ടില്‍ നടക്കാനിരിക്കുന്ന പരിപാടിയില്‍ ഇത് പ്രഖ്യാപിക്കാനിരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം. ഇന്നത്തെ യോഗത്തില്‍ ഹാര്‍ദ്ദിക് പട്ടേല്‍ പങ്കെടുക്കില്ലെന്നാണ് വിവരം.

20 പട്ടേല്‍ വിഭാഗക്കാരടക്കം 77 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതപ്പെടുന്ന ശക്തി സിങ് ഗോഹില്‍ കച്ചിലെ മാണ്ഡ്‌ലി മണ്ഡലത്തിലും അര്‍ജുന്‍ മോദ് വാദിയ പോര്‍ബന്ദറിലും മത്സരിക്കും. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ്. ഡിസംബര്‍ 9നും 14 നുമായി രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഡിസംബര്‍ 18നറിയാം. ഹാര്‍ദ്ദിക് പട്ടേല്‍, ജിഗ്‌നേഷ് മേവാനി തുടങ്ങിയ നേതാക്കളെ ഒപ്പം കൂട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നേറാന്‍ ശ്രമിക്കുമ്പോഴാണ് പട്ടീദാര്‍ വിഭാഗക്കാരുടെ അപ്രതീക്ഷിത പ്രതിഷേധം.