ലക്‌നൗ: ഹാത്രാസിലെ പെണ്‍കുട്ടി പീഡനത്തിനിരയായിട്ടില്ലെന്ന യു.പി പൊലീസിന്റെ വാദം തെറ്റാണെന്ന് വ്യക്തമാക്കി മെഡിക്കല്‍ റിപ്പോര്‍ട്ട്. ഹാത്രാസ് പെണ്‍കുട്ടിയുടെ മേല്‍ അക്രമികള്‍ കടുത്ത ബലപ്രയോഗം നടത്തിയെന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. അലിഗഢ് ജവഹര്‍ ലാല്‍ നെഹ്രു ആശുപത്രിയുടെ മെഡിക്കല്‍ ലീഗല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

പെണ്‍കുട്ടി പീഡനത്തിനിരയായിട്ടില്ലെന്നായിരുന്നു യു.പി പൊലീസിന്റെ വാദം. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം പെണ്‍കുട്ടിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു.

അതേസമയം, പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വിവിധ രാഷ്ട്രീയ നേതാക്കളുടെ സന്ദര്‍ശനം നടക്കുകയാണ്. പ്രിയങ്കക്കും രാഹുലിനും പിന്നാലെ ഭീം ആര്‍മി നേതാവും സിപിഎമ്മും ഹാത്രാസില്‍ എത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാരെ കാണിക്കാതെ അര്‍ദ്ധരാത്രിയില്‍ തന്നെ പൊലീസ് കത്തിച്ചത് വിവാദമായിരുന്നു.