X

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ രഹസ്യ അജണ്ടയുണ്ടായിരുന്നോ എന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ രഹസ്യ അജണ്ടയുണ്ടായിരുന്നോ എന്ന് ഹൈക്കോടതി. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പതിനഞ്ചോളം ഹര്‍ജികള്‍ പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം ചോദിച്ചത്.

ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ വിശ്വാസികളാണോ എന്നും എന്തെങ്കിലും തെളിയിക്കാനായാണോ അവര്‍ അവിടെ വന്നതെന്നും ഹൈക്കോടതി ചോദിച്ചു. ഇവര്‍ വിശ്വാസികളാണെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. ഇക്കാര്യത്തില്‍ വിശദമായ വിശദീകരണം രേഖമൂലം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. എല്ലാ വിവരങ്ങളും പേപ്പറില്‍ കാണണമെന്നായിരുന്നു എജിയോടുള്ള ഹൈക്കാടതിയുടെ വാക്കാലുള്ള പരാമര്‍ശം.

ആരുടെ എങ്കിലും നിര്‍ബന്ധപ്രകാരമാണോ യുവതികള്‍ മല കയറിയത്. സര്‍ക്കാരിന് അജണ്ട ഉള്ളവരെ തിരിച്ചറിയാന്‍ സാധിക്കണം. അതിന് സര്‍ക്കാരിന് സാധിക്കുന്നില്ലെങ്കില്‍ പുറത്തു നിന്നുള്ള ഏജന്‍സിയെ കൊണ്ടു വരുമെന്ന മുന്നറിയിപ്പും ഇന്ന് ഹൈക്കോടതിയില്‍ നിന്നും ഉണ്ടായി. ശബരിമല വിശ്വാസികള്‍ക്കുള്ള സ്ഥലമാണെന്നും ഹൈക്കോടതി വാദത്തിനിടെ പറഞ്ഞു.

chandrika: