റോം: ഹിജാബ് മാറ്റാതെ വിമാനത്തില്‍ കയറാനാവല്ലെന്ന് പറഞ്ഞതായി ഇന്ത്യാനേഷ്യക്കാരിയായ മുസ്ലിം യുവതിയുടെ പരാതി. റോമിലെ കായാംപിനോ വിമാനത്താവളത്തിലാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഹിജാബ് ധരിച്ചതിന്റെ പേരില്‍ ദുരനുഭവം നേരിടേണ്ടി വന്നത്.

ഇന്ത്യാനേഷ്യക്കാരിയായ അഘ്‌നിയയോടാണ് ഹിജാബ് എടുത്തുമാറ്റാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. ‘നിങ്ങളെ വിശദമായി പരിശോധിക്കുന്നത് വരെ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്’ എന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഡെയ്‌ലി മെയ്ല്‍ റിപ്പോര്‍ട്ട് ചെയ്തു.

വെയ്ല്‍ ധരിച്ചെത്തിയ കന്യാസ്ത്രീകളെ കടന്നുപോകാന്‍ അനുവദിച്ചു. മുസ്‌ലിം യുവതികളോട് മാത്രമാണ് അവര്‍ക്ക് പ്രശ്‌നമെന്ന് പരാതിക്കാരി പറഞ്ഞു. ഉദ്യോഗസ്ഥര്‍ കയര്‍ക്കുന്നതിന്റെയും നോട്ടീസ് ബോര്‍ഡ് ചൂണ്ടിക്കാട്ടി അതില്‍ പറയുന്ന പോലെ ഹിജാബ് മാറ്റാനും പറയുന്ന വീഡിയോ യുവതി റെക്കോര്‍ഡ് ചെയ്തിരുന്നു.

നിങ്ങള്‍ക്ക് മുടിയില്‍ എന്തുവേണമെങ്കിലും ഒളിപ്പിക്കാന്‍ കഴിയും. ഹിജാബ് മാറ്റിയില്ലെങ്കില്‍ എന്തെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോയെന്ന് എങ്ങനെ മനസ്സിലാവും എന്നൊക്കെ ഉദ്യോഗസ്ഥ ചോദിക്കുന്നതായി വീഡിയോവില്‍ കാണാം. എന്നാല്‍ തന്നെ പ്രത്യകമായി ലക്ഷ്യമിടുന്നുവെന്ന് ആരോപിച്ച് ഹിജാബ് മാറ്റാന്‍ യുവതി തയാറായില്ല.

പിന്നീട് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്ത യുവതി താന്‍ ഭീകരവാദിയല്ലെന്നും തനിക്കൊന്നും മറക്കാനില്ലെന്നും അവര്‍ ആ പോസ്റ്റില്‍ കുറിക്കുന്നു.