ന്യൂഡല്‍ഹി: ആഗസ്റ്റ് കോവിഡ് നിന്നും മുക്തി നേടിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിരീക്ഷണ വിധേയമായി ആശുപത്രിയില്‍ തുടരുന്നത് ഒരു മാസത്തോളമാവുന്നു. ആഗസ്ത് രണ്ടിനാണ് അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തുടര്‍ന്ന് ഗുഡ്ഗാവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

ആഗസ്റ്റ് 14ന് ഷാ കോവിഡില്‍ നിന്നും മുക്തി നേടുകയുമുണ്ടായി. അദ്ദേഹം തന്നെയാണ് കൊവിഡ് മുക്തനായ വിവരവും
ട്വിറ്ററിലൂടെ പുറത്തുവിട്ടത്. എന്നാല്‍ പിന്നാലെ ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

55-കാരനായ അമിത് ഷാക്ക് ഗുരുഗ്രാമിലെ മേദാന്ത മെഡിസിറ്റിയില്‍ നിന്ന് കൊവിഡ് മുക്തനായി തിരികെയെത്തിയതിന് പിന്നാലെയാണ് ശാരീരിക അസ്വസ്ഥ അനുഭവപ്പെട്ടത്. ആഗസ്റ്റ് 18-നാണ് അദ്ദേഹത്തെ ഡല്‍ഹി എയിംസിലെത്തിച്ചത്. കോവിഡില്‍നിന്ന് മുക്തനായ ശേഷമുള്ള ചികിത്സക്കാണ് അമിത് ഷായെ എയിംസില്‍ പ്രവേശിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് ബാധിതനാവുംമുന്നേ ഷാക്ക് മറ്റൊരു രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം, എയിംസില്‍ ചികിത്സയിലായിരുന്ന അമിത് ഷാ സുഖം പ്രാപിച്ചതായി അശുപത്രി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. ആശുപത്രി ഡയറക്ടര്‍ ഡോ. രന്ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം അദ്ദേഹത്തെ നിരീക്ഷിച്ച് വരികയായിരുന്നുവെന്ന് എയിംസ് അറിയിച്ചു. അദ്ദേഹത്തിന് ഉടന്‍ തന്നെ ആശുപത്രി വിടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും എയിംസ് അധികൃതര്‍ അറിയിച്ചു.

കോവിഡ് സ്ഥിരീകരിക്കുന്ന കേന്ദ്ര മന്ത്രിസഭയിലെ ആദ്യ കാബിനറ്റ് മന്ത്രിയായിരുന്നു അമിത് ഷാ. രാം ജന്മ ഭൂമി പൂജക്ക് തൊട്ട് മുമ്പായാണ് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് ശേഷം നാല് കേന്ദ്ര മന്ത്രിമാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആയുഷ് മന്ത്രി ശ്രീപദ് നായികിനാണ് ഏറ്റവുമൊടുവില്‍ കോവിഡ് സ്ഥിരീകരിച്ചത്.