കമ്മ്യൂണിസത്തിന്റെ ഇസ്‌ലാമിനോടുള്ള ഒടുങ്ങാത്ത പകയെ സംസ്ഥാന ഭരണത്തെ ആയുധമാക്കി എടുത്തു വീശുന്നതിരായ ചെറുത്തുനില്‍പ്പിന്റെ കാഹളം മുഴക്കി മുസ്്‌ലിംലീഗ് വഖഫ് സംരക്ഷണ റാലി ഇന്ന്. സച്ചാര്‍ സമിതി റിപ്പോര്‍ട്ട് അട്ടിമറി, പൗരത്വ പ്രക്ഷോഭകരെ വേട്ടയാടല്‍, വെള്ളം ചേര്‍ത്ത സംവരണ നയം എന്നിവയുടെ തുടര്‍ച്ചയായി വഖഫ് ബോര്‍ഡിലെ സര്‍ക്കാറിന്റെ കടന്നു കയറ്റവും തുടങ്ങി പിണറായി സര്‍ക്കാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരായ താക്കീതാവുന്ന സമ്മേളനത്തിലേക്ക് സംസ്ഥാനത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നും പതിനായിരങ്ങള്‍ കോഴിക്കോട് കടപ്പുറത്തേക്ക് ഒഴുകിയെത്തും. വൈകിട്ട് മൂന്നോടെ സമ്മേളന നഗരിക്ക് നിശ്ചിത അകലത്തിലെത്തുന്ന പ്രവര്‍ത്തകര്‍ ചെറു പ്രകടനങ്ങളായി ഒഴുകി സമ്മേളന നഗരിയില്‍ മനുഷ്യ സാഗരം തീര്‍ക്കും.

വൈകിട്ട് നാലോടെ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുസ്‌ലിംലീഗ് ദേശീയ സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും. തമിഴ്‌നാട് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുറഹിമാന്‍ എക്‌സ് എം.പി മുഖ്യാഥിതിയാവും. സമ്മേളന നഗരിയില്‍ നേരിട്ടെത്തി നേതാക്കള്‍ ഒരുക്കങ്ങള്‍ വിലയിരുത്തി. സംഘാടക സമിതി യോഗത്തില്‍ ചെയര്‍മാന്‍ ഡോ.എം.കെ മുനീര്‍, ജനറല്‍ കണ്‍വീനര്‍ പി.എം.എ സലാം, ട്രഷറര്‍ എം.സി മായിന്‍ ഹാജി, സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.കെ ബാവ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സംസ്ഥാന സെക്രട്ടറിമാരായ കെ.എം ഷാജി, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, സി.പി ചെറിയ മുഹമ്മദ്, ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, പി.കെ ഫിറോസ്, പാറക്കല്‍ അബ്ദുല്ല, ടി.പി അശ്‌റഫലി, പി. ഇസ്മായില്‍, അഡ്വ. നാലകത്ത് സൂപ്പി, എം.എ റസാഖ് മാസ്റ്റര്‍, എന്‍.സി അബൂബക്കര്‍, ഹനീഫ മൂന്നിയൂര്‍, ടി.പി.എം ജിഷാന്‍, എം.സി ഖമറുദ്ദീന്‍, മിസ്ഹബ് കീഴരിയൂര്‍, സിജിത്ത് ഖാന്‍, കെ. മൊയ്തീന്‍ കോയ, അഫ്‌നാസ് ചേറോട് തുടങ്ങിയവര്‍ സംബന്ധിച്ചു.