kerala

വീട്ടമ്മയെ പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

By webdesk13

December 10, 2024

തിരുവനന്തപുരം: പോത്തന്‍കോട് വീട്ടമ്മയെ വീടിനോട് ചേര്‍ന്നുള്ള പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊയ്ത്തൂര്‍കോണം സ്വദേശി മണികണ്ഠ ഭവനില്‍ തങ്കമണി (65) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് തങ്കമണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ട്. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തില്‍ മൂടിയ നിലയിലുമായിരുന്നു.

ഇന്ന് പുലര്‍ച്ചെ തങ്കമണി പൂ പറിക്കാന്‍ പോയിരുന്നുവെന്നാണ് പൊലീസിന്റെ സംശയം. മൃതദേഹത്തിന് സമീപത്ത് പൂക്കള്‍ കിടപ്പുണ്ടായിരുന്നു. തങ്കമണിയുടെ കാതിലുണ്ടായിരുന്ന കമ്മല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. മരണത്തിലെ ദുരൂഹത കണക്കിലെടുത്ത് മംഗലപുരം പൊലീസ് അന്വേഷണം തുടങ്ങി.

സഹോദരിയാണ് തങ്കമണിയെ ആദ്യം മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഡോഗ് സ്‌ക്വാഡ് അടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്. വിശദമായ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.