തെഹ്‌റാന്‍: ഇറാനില്‍ നിന്നുള്ള എണ്ണ കയറ്റുമതി തടയുമെന്ന അമേരിക്കയുടെ ഭീഷണിക്കെതിരെ പുതിയ നീക്കവും ഇറാന്‍ ഭരണകൂടം. എണ്ണ കയറ്റുമതി തടയാനുള്ള അമേരിക്കയുടെ ശ്രമങ്ങളെ പരാജയപ്പെടുത്തുമെന്ന് ഇറാന്റെ ഒന്നാം വൈസ് പ്രസിഡന്റ് ഇസ്്ഹാഖ് ജഹാന്‍ഗിരി പറഞ്ഞു. രാജ്യത്തിന്റെ എണ്ണ കയറ്റുമതി തടയുമെന്ന അമേരിക്കയുടെ ഭീഷണി മറികടക്കാനായി ചില കാര്യങ്ങള്‍ ഇറാന്‍ ആസൂത്രണം ചെയ്്തതായും ഔദ്യോഗിക ടെലിവിഷനിലൂടെയായിരുന്നു ജഹാന്‍ഗിരി അറിയിച്ചു. ദൈവാനുഗ്രഹത്താല്‍ തങ്ങള്‍ക്കാവശ്യമുള്ളത്ര എണ്ണ വില്‍ക്കാന്‍ ഈ പദ്ധതിയുലൂടെ സാധിക്കുമെന്നും സഊദി അറേബ്യക്ക് രാജ്യാന്തര വിപണിയില്‍ ഇറാന്റെ സ്ഥാനം ഒരിക്കലും ഏറ്റെടുക്കാനാവില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

രാജ്യത്തെ എണ്ണ കയറ്റുമതിക്കുള്ള അനുമതി സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനാണ് ഇറാന്‍ ശ്രമം നടത്തുന്നത്. അതേസമയം നവംബര്‍ നാലിനകം ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായും നിര്‍ത്തിയില്ലെങ്കില്‍ ഇറാനുമായി ബിസിനസ് പങ്കാളിത്തമുള്ള രാജ്യങ്ങള്‍ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാന്റെ എണ്ണക്കു പകരമായി സഊദി അറേബ്യ എണ്ണ ഉല്‍പാദനം വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍.