Connect with us

News

മിസിസിപ്പിയില്‍ അപകടം: വൈറസ് ബാധിത കുരങ്ങുകള്‍ രക്ഷപ്പെട്ടു; അതീവ ജാഗ്രത മുന്നറിയിപ്പ്

കോവിഡ്, ഹെപ്പറ്റൈറ്റിസ് സി, ഹെര്‍പ്‌സ് തുടങ്ങിയ വൈറസുകള്‍ ബാധിച്ച മൂന്ന് റീസസ് മക്കാക്ക് വിഭാഗത്തില്‍പെട്ട കുരങ്ങുകള്‍ പുറത്തുചാടുകയായിരുന്നു.

Published

on

മിസിസിപ്പി (അമേരിക്ക): യുഎസിലെ മിസിസിപ്പിയില്‍ പരീക്ഷണശാലയില്‍ നിന്ന് മറ്റൊരു കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ കുരങ്ങുകളുമായി പോയ ട്രക്ക് മറിഞ്ഞു. അപകടത്തെ തുടര്‍ന്ന് കോവിഡ്, ഹെപ്പറ്റൈറ്റിസ് സി, ഹെര്‍പ്‌സ് തുടങ്ങിയ വൈറസുകള്‍ ബാധിച്ച മൂന്ന് റീസസ് മക്കാക്ക് വിഭാഗത്തില്‍പെട്ട കുരങ്ങുകള്‍ പുറത്തുചാടുകയായിരുന്നു.

സംഭവം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഇന്റര്‍‌സ്റ്റേറ്റ് 59 ഹൈവേയില്‍ നടന്നു. വൈറസ് ബാധിതരായ ഈ കുരങ്ങുകള്‍ അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതോടെ, സമീപ പ്രദേശങ്ങളില്‍ അതീവ ജാഗ്രത നിര്‍ദേശം അധികൃതര്‍ പുറപ്പെടുവിച്ചു.

പൊലീസും ആരോഗ്യ വകുപ്പും ചേര്‍ന്ന് തിരച്ചില്‍ സംഘങ്ങള്‍ രൂപീകരിച്ചു. ആക്രമണ സ്വഭാവമുള്ള ഈ കുരങ്ങുകളെ പിടികൂടാന്‍ വലിയ സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ രണ്ടിനെ വെടിവെച്ച് കൊന്നതായി പൊലീസ് സ്ഥിരീകരിച്ചു. ശേഷിക്കുന്ന ഒന്നിനായി തിരച്ചില്‍ തുടരുകയാണ്.

റീസസ് മക്കാക്ക് വിഭാഗത്തിലെ കുരങ്ങുകള്‍ മനുഷ്യരോട് ഏറെ സാമ്യമുള്ളവയാണ്. ഇവയുടെ ഡി.എന്‍.എയില്‍ മനുഷ്യരുമായി 93 ശതമാനം വരെ സാമ്യമുണ്ട്. മനുഷ്യരക്തത്തിലെ ആര്‍.എച്ച് ഫാക്ടറിനും റീസസിനും സാദൃശ്യമുള്ളതിനാല്‍ മരുന്ന് പരിശോധനകളിലും വാക്‌സിന്‍ വികസനത്തിലും ഇവയെ വ്യാപകമായി ഉപയോഗിക്കുന്നു. കോവിഡ് വാക്‌സിന്‍ ഗവേഷണത്തിലും റീസസ് കുരങ്ങുകള്‍ ഉപയോഗിച്ചിരുന്നു.

റീസസ് കുരങ്ങുകള്‍ ഇന്ത്യ, ചൈന, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതലായി കാണപ്പെടുന്നത്. 1949-ല്‍ അമേരിക്ക നടത്തിയ ബഹിരാകാശ ദൗത്യത്തില്‍ ആദ്യമായി പരീക്ഷണമൃഗമായി ഉപയോഗിച്ചത് റീസസിനെയായിരുന്നു. തുടര്‍ന്ന് 1950-കളിലും 1960-കളിലും യുഎസ്, സോവിയറ്റ് റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ ബഹിരാകാശ പദ്ധതികളിലും ഇവയെ ഉപയോഗിച്ചിരുന്നു.

 

Trending