ഇടുക്കി: ഇടുക്കിയില്‍ നാലുമാസം പ്രായമായ പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത് സ്വന്തം അച്ഛനാണെന്ന് കണ്ടെത്തല്‍. ചെറുതോണി ഗാന്ധിനഗര്‍ കോളനി പൂതക്കുഴിയില്‍ അനിലിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റു ചെയ്തു. കുടുംബവഴക്കിനിടെ ഭാര്യയുമായി അരിശം പൂണ്ട അനില്‍ തൊട്ടിലില്‍ കിടന്ന കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. വഴക്കിനിടെ കരഞ്ഞ കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താന്‍ അനില്‍ ശ്രമിച്ചു. കരച്ചില്‍ നിര്‍ത്താതായതോടെ തൊട്ടില്‍ ബലമായി ആട്ടിവിട്ട് സമീപത്തെ കതകില്‍ ഇടിപ്പിക്കുകയായിരുന്നു. അബോധാവസ്ഥയിലായ കുഞ്ഞിനെ കുറേ സമയത്തിനു ശേഷമാണ് ആസ്പത്രിയിലെത്തിച്ചത്. വഴക്കിനെത്തുടര്‍ന്ന് മാനസികാസ്വാസ്ഥ്യമുള്ള ഭാര്യ വീടുവിട്ടിറങ്ങി. പിന്നാലെ അനിലും പുറത്തുപോയി. തിരികെയെത്തിയപ്പോള്‍ അബോധാവസ്ഥയിലുള്ള കുഞ്ഞിനെ ഇയാള്‍ തന്നെ ജില്ലാ ആസ്പത്രിയില്‍ എത്തിച്ചത്. പിന്നീട് കട്ടപ്പന സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ മൃതദേഹ പരിശോധനയിലാണ് കുഞ്ഞിന്റെ തലയോട്ടി പൊട്ടിയതായി കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണ് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ മരണം മാനസികാസ്വാസ്ഥ്യമുള്ള ഭാര്യയുടെമേല്‍ ചുമത്താന്‍ അനില്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. സംശയം തോന്നിയ പൊലീസ് അനിലിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം പുറത്തുവന്നത്.