Connect with us

kerala

അടിമാലി മണ്ണിടിച്ചില്‍: ബിജുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സംസ്‌കാര ചടങ്ങുകള്‍ ഉച്ചകഴിഞ്ഞ്

Published

on

അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച ബിജുവിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ തറവാട് വീട്ടിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. അപകടം നടന്ന അടിമാലി ലക്ഷം വീടിന് സമീപത്താണ് തറവാട് വീടുള്ളത്.

മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികളില്‍ പൂര്‍ത്തിയായി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കൈമാറുന്ന മൃതദേഹം ബന്ധുക്കള്‍ കൂമ്പന്‍പാറയിലെ തറവാട് വീട്ടിലേക്ക് കൊണ്ടുപോകും. അതേസമയം, അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബിജുവിന്റെ ഭാര്യ സന്ധ്യയെ സംസ്‌കാര ചടങ്ങില്‍ പങ്കെടുപ്പിക്കാനായി കൂമ്പന്‍പാറയിലേക്ക് എത്തിക്കാനാണ് ശ്രമം. ഡോക്ടര്‍മാരുടെ അഭിപ്രായം കൂടി തേടിയ ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. കൂടാതെ, കോട്ടയത്ത് നഴ്‌സിങ് വിദ്യാര്‍ഥിയായ മകള്‍ അടിമാലിയില്‍ എത്തേണ്ടതുണ്ട്.

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയ്ക്കായി മണ്ണെടുപ്പ് നടന്ന അടിമാലി കൂമ്പന്‍പാറയില്‍ ശനിയാഴ്ച രാത്രി പത്തരയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ലക്ഷം വീട് നിവാസിയായ ബിജുവും ഭാര്യ സന്ധ്യയുമാണ് അപകടത്തില്‍പ്പെട്ടത്. ആറര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനിടെ ബിജുവിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണും കോണ്‍ക്രീറ്റ് പാളികളും നീക്കി. 3.27ഓടെയാണ് സന്ധ്യയെ പുറത്തെടുത്തത്. കാലിന് ഗുരുതര പരിക്കേറ്റ സന്ധ്യ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്.

ശനിയാഴ്ച പകല്‍ ഉന്നതി കോളനിക്ക് മുകള്‍ ഭാഗത്ത് വലിയ വിള്ളല്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് 22ഓളം കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിപാര്‍പ്പിച്ചിരുന്നു. അവശ്യസാധനങ്ങള്‍ എടുക്കാന്‍ ബിജുവും ഭാര്യ സന്ധ്യയും വീട്ടിലെത്തിയപ്പോഴാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.

Trending