ന്യൂഡല്‍ഹി: ഇന്ത്യ-പാക് വിഷയത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യവുമായി മുന്‍ കേന്ദ്രമന്ത്രിയും ജമ്മു കശ്മീര്‍ മുഖ്യമന്ത്രിമായ ഫാറൂഖ് അബ്ദുല്ലയും പാര്‍ലമെന്റില്‍ രംഗത്ത്. നിയന്ത്രണമേഖലയില്‍ സൈനികരെ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട് ചൈനയുമായി ചര്‍ച്ച നടത്തുകയാണെങ്കില്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പാകിസ്ഥാനുമായി ചര്‍ച്ച നടത്തണമെന്ന ആവശ്യവുമായാണ് കശ്മീരിലെ മുതിര്‍ന്ന നേതാവ് രംഗത്തെത്തിയത്. ലോക്‌സഭയില്‍ സംസാരിച്ച ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

ലഡാക്കില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീര്യമൃത്യു വരിച്ച അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ചൈനയുമായി സമാധാനത്തിന് മോദി സര്‍ക്കാര്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍, അതിര്‍ത്തി സംസ്ഥാനത്തെ നേതാവിന്റെ ചോദ്യം.

‘പ്രശ്‌ന പരിഹാരത്തിനായി ഇന്ത്യ ഇന്ന് ചൈനയുമായി ചര്‍ച്ച നടത്താന്‍ ഒരുങ്ങുകയാണ്. തീര്‍പ്പുകല്‍പ്പിക്കാത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പാകിസ്ഥാനുമായും ചര്‍ച്ച ആരംഭിക്കണം, ഫാറൂഖ് അബ്ദുല്ല ലോകസഭയില്‍ വ്യക്തമാക്കി. കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതിന് പിന്നാലെ ദീര്‍ഘ നാള്‍ തടങ്കലിലായിരുന്ന ദേശീയ കോണ്‍ഫറന്‍സ് പ്രസിഡന്റ്, ശേഷം ആദ്യമായാണ് പാര്‍ലമെന്റില്‍ സംസാരിക്കുന്നത്.

‘അതിര്‍ത്തിയിലെ ഏറ്റുമുട്ടലുകള്‍ വര്‍ദ്ധിക്കുകയും ആളുകള്‍ മരിക്കുകയും ചെയ്യുന്നു …ഇത് കൈകാര്യം ചെയ്യാന്‍ ഒരു മാര്‍ഗം കണ്ടെത്തേണ്ടതുണ്ട്. ചര്‍ച്ചകള്‍ ഒഴികെ …(ലഡാക്ക് അതിര്‍ത്തിയില്‍ നിന്ന്) പിന്മാറാനുള്ള ശ്രമത്തിനായി നിങ്ങള്‍ ചൈനയുമായി സംസാരിക്കുമ്പോള്‍, ഈ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി കണ്ടെത്തുന്നതിന് നമ്മളുടെ (മറ്റ്) അയല്‍ക്കാരോടും സംസാരിക്കണം, ഫാറുഖ് അബ്ദുല്ല ആവശ്യപ്പെട്ടു.

അതേസമയം, കേന്ദ്രഭരണ പ്രദേശമായി മാറിയിട്ടും ജമ്മു കശ്മീരില്‍ യാതൊരു പുരോഗതിയും കണ്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി പാര്‍ലമെന്റില്‍ തുറന്നടിച്ചു. അധികൃതര്‍ 4 ജി സൗകര്യങ്ങള്‍ തടയുന്നതിനാല്‍ വിദ്യാര്‍ത്ഥികളും വ്യാപാരികളും വലിയ ദുരിതമാണ് അനുഭവിക്കുന്നതെന്നും, ഇത് പൊതു താല്‍പ്പര്യത്തിന് വിരുദ്ധമാണെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊലപ്പെട്ട സംഭവത്തില്‍ കരസേന നടത്തിയ അന്വേഷണത്തില്‍ ശ്രീനഗര്‍ എംപി സന്തോഷം പ്രകടിപ്പിച്ചു. മൂന്ന് നിരപരാധികളായ ഷോപിയാന്‍ സ്വദേശികള്‍ കൊല്ലപ്പെട്ടുവെന്ന് സൈന്യം സമ്മതിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. സര്‍ക്കാര്‍ കനത്ത നഷ്ടപരിഹാരം നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,”അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തടങ്കലിൽ കഴിയുമ്പോൾ തനിക്കുവേണ്ടി സംസാരിച്ചതിന് പാർലമെന്റ് അംഗങ്ങളോട് ഫാറൂഖ് അബ്ദുല്ല നന്ദി അറിയിച്ചു.

കാശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഫാറൂഖ് അബ്ദുല്ലയെയും ഉമര്‍ അബ്ദുള്ളയേയും അടക്കം നിരവധി രാഷ്ട്രീയ നേതാക്കളെ കേന്ദ്ര സര്‍ക്കാര്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ചിലാണ് ഫാറൂഖ് അബ്ദുല്ല മോചിതനായത്.