ബ്രിട്ടന്‍ ജിബ്രാള്‍ട്ടറില്‍ നിന്നും ജൂലൈ നാലിന് പിടിച്ച ഇറാന്റെ എണ്ണ കപ്പലിലും മലയാളികള്‍ ഉള്ളതായി സ്ഥിരീകരണം. ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ഈ മാസമാദ്യം ഗ്രേസ് 1 എന്ന ഇറാന്റെ എണ്ണക്കപ്പലാണ് ബ്രിട്ടന്‍ പിടിച്ചെടുത്തിരുന്നത്.

ജൂനിയര്‍ ഓഫീസര്‍മാരായ മൂന്ന് മലയാളികള്‍ എണ്ണ ടാങ്കറിലെ ഉള്ളതായാണ് വിവരം. മലപ്പുറം വണ്ടൂര്‍ ചെട്ടിയാറമ്മല്‍ സ്വദേശി അജ്മല്‍ സാദിഖ്, ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസര്‍കോട് ബേക്കല്‍ സ്വദേശി പ്രജീഷ് എന്നിവരാണ് കപ്പലിലുള്ളത്. ഈ കപ്പല്‍ ഒരു മാസം തടങ്കലില്‍ വയ്ക്കാന്‍ ജിബ്രാള്‍ട്ടര്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. അതേസമയം ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ തൊഴിലാളികളുടെ മൊബൈലുകളും ലാപ്‌ടോപുകളും തിരിച്ച് നല്‍കിയതായാണ് വിവരം.

ഇതിന് പ്രതികാരമെന്നോണമാണ് ബ്രിട്ടിഷ് എണ്ണക്കപ്പല്‍ ഇറാനും പിടിച്ചെടുത്തത്്. ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലും മൂന്ന് മലയാളികളുണ്ട്. എറണാകുളം സ്വദേശികളായ മൂന്ന് പേരാണ് കപ്പലിലുള്ളത്. കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചനെ കൂടാതെ ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ക്യാപ്റ്റനും തൃപ്പൂണിത്തുറയില്‍ നിന്നുള്ള മറ്റൊരാളുമാണ് ഈ കപ്പലിലുള്ള മലയാളികള്‍. ഡിജോ പാപ്പച്ചന്റെ ബന്ധുക്കളെ കപ്പല്‍ കമ്പനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കപ്പലിന്റെ ക്യാപ്റ്റന്‍ എറണാകുളം സ്വദേശിയാണെന്നാണ് വിവരം.

ജൂലൈ നാലിന് ഇറാന്‍ കപ്പല്‍ ബ്രിട്ടന്‍പിടിച്ചെടുത്തതിന് പ്രതികാരമെന്നോണമാണ് ബ്രിട്ടന്റെ കപ്പല്‍ ഇറാന്‍ പിടിച്ചെടുക്കുന്നത്. അന്തര്‍ദേശീയ സമുദ്രനിയമം ലംഘിച്ചുവെന്ന് ആരോപിച്ച് രണ്ട് ദിവസം മുന്‍പാണ് ബ്രിട്ടീഷ് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്.

ഒരുമാസം മുമ്പാണ് കളമശേരി സ്വദേശി ഡിജോ പാപ്പച്ചന്‍ കപ്പലില്‍ ജോലിക്ക് കയറിയത്. ഞായര്‍ പുലര്‍ച്ചെയാണ് കപ്പല്‍ ഇറാന്‍ പിടികൂടിയ വിവരം ഡിജോയുടെ കുടുംബം അറിയുന്നത്. ജോലി ചെയ്തിരുന്ന കമ്പനിയാണ് വിവരം അറിയിച്ചത്. കളമശേരി കുസാറ്റിനടുത്ത് തേക്കാനത്ത് പാപ്പച്ചന്‍ ഡീന ദമ്പതികളുടെ മകനാണ് ഡിജോ. ലണ്ടനിലുള്ള സഹോദരി ദീപയെ ലണ്ടനിലെ കപ്പല്‍ കമ്പനി ഓഫീസില്‍ നിന്നു ബന്ധപ്പെടുന്നുണ്ടെന്ന് കുടുംബം അറിയിച്ചു. മുംബൈയില്‍ നിന്നാണ് ഡിജോ കപ്പലില്‍ ചേര്‍ന്നത്. ദുബൈയിലെ ഫ്യൂജേറാ തുറമുഖത്തു നിന്ന് സൗദിയിലെ ജുബൈല്‍ തുറമുഖത്തേക്ക് പോകുകയായിരുന്ന സ്റ്റെനാ ഇംപെറോയെന്ന ബ്രിട്ടീഷ് എണ്ണക്കപ്പല്‍, ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് ഹോര്‍മുസ് കടലിടുക്കില്‍ നിന്നാണ് പിടികൂടിയത്. ജൂണ്‍ 17ന് ഇന്ത്യയിലും കപ്പലെത്തിയിരുന്നു.

എണ്ണക്കപ്പല്‍ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ജീവനക്കാര്‍ക്ക് ഒരു പ്രയാസവും നേരിടേണ്ടി വരില്ലെന്ന് ഇറാന്‍ ഇന്ത്യക്ക് ഉറപ്പു നല്‍കിയതായാണ് വിവരം. അതേസമയം, ജിബ്രാള്‍ട്ടറില്‍ തടഞ്ഞുവെച്ച തങ്ങളുടെ എണ്ണ കപ്പല്‍ വിട്ടു കിട്ടാതെ ബ്രിട്ടീഷ് കപ്പല്‍ കൈമാറില്ലെന്നാണ് ഇറാന്‍ നല്‍കുന്നത്. കപ്പല്‍ പിടിച്ചെടുത്തത് പ്രതികാര നടപടിയുടെ ഭാഗമായാണെന്നാണ് ഇറാന്‍ വ്യക്തമാക്കിയത്.