kerala

ഷാഫി പറമ്പിലിനെതിരായ അധിക്ഷേപം; സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്

By webdesk17

October 02, 2025

പാലക്കാട്: ഷാഫി പറമ്പില്‍ എംപിക്കെതിരെ പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പാലക്കാട് നോര്‍ത്ത് പൊലീസ്. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് സി.വി സതീഷാണ് നല്‍കിയ പരാതിയില്‍ പാലക്കാട് എഎസ്പിക്ക് നോര്‍ത്ത് സി ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബി എന്‍ എസ് 356 പ്രകാരം അപകീര്‍ത്തി കേസ് നേരിട്ട് എടുക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കോടതിയുടെ അനുമതിയോടെ കേസെടുക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഷാഫിക്കെതിരെ പറഞ്ഞ കാര്യങ്ങളില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ഇ.എന്‍ സുരേഷ് ബാബു പറഞ്ഞിരുന്നു. കോണ്‍ഗ്രസുകാര്‍ക്ക് പരാതി കൊടുക്കുകയോ നിയമപരമായി മുന്നോട്ടുപോകുകയോ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ഷാഫി ഉടന്‍ ബംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്നാണ് സുരേഷ് ബാബു പറഞ്ഞത്. ഷാഫിയും രാഹുലും ഇക്കാര്യത്തില്‍ കൂട്ടുകച്ചവടം നടത്തുന്നവരാണെന്നും സ്ത്രീവിഷയത്തില്‍ രാഹുലിന്റെ ഹെഡ്മാഷാണ് ഷാഫി പറമ്പിലെന്നുമാണ് സുരേഷ് ബാബു പരിഹസിച്ചത്.