ഇസ്്‌ലാമാബാദ്: തെഹ്‌രികെ ഇന്‍സാഫ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് വനിതാ നേതാവ് പാര്‍ട്ടി വിട്ടു. നവാസ് ശരീഫിന്റെ രാജിയില്‍ കലാശിച്ച നിയമപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി ജനശ്രദ്ധ പിടിച്ചുപറ്റിയ ഇമ്രാന്‍ ഖാന് പുതിയ ആരോപണം തിരിച്ചടിയായി. പാര്‍ട്ടിയിലെ താനുള്‍പ്പെടെയുള്ള വനിതാ അംഗങ്ങള്‍ക്ക് ഇമ്രാന്‍ ഖാന്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്ന് ആരോപിച്ച് അയേഷാ ഗുലാലായ് ആണ് പാര്‍ട്ടി വിട്ടത്. ഇമ്രാന്‍ ഖാന്‍ വ്യക്തിത്വമില്ലാത്ത ആളാണെന്നും മാന്യതയുള്ള സ്ത്രീകള്‍ക്ക് ആ പാര്‍ട്ടിയില്‍ തുടരാന്‍ സാധിക്കില്ലെന്നും അയേഷ ഇസ്്‌ലാമാബാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. എന്നാല്‍ അയേഷയുടെ ആരോപണം പാര്‍ട്ടിയിലെ മറ്റ് വനിതാ അംഗങ്ങള്‍ തള്ളി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതിന്റെ വൈരാഗ്യമാണ് അയേഷയെ ആരോപണമുന്നയിക്കാന്‍ പ്രേരിപ്പിച്ചതെന്ന് അവര്‍ പറഞ്ഞു. നവാസ് ശരീഫിന്റെ പാര്‍ട്ടിയില്‍ ചേരാന്‍ ഇവര്‍ നേരത്തെ ശ്രമം നടത്തിയിരുന്നുവെന്നും മറ്റു വനിതാ നേതാക്കള്‍ പറയുന്നു.