അഗര്‍ത്തല: ത്രിപുരയില്‍ കമ്മ്യൂണിസ്റ്റ് ഭരണകാലത്തിന്റെ അവശേഷിപ്പായി സെപ്റ്റിക് ടാങ്കുകളില്‍ മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ കണ്ടേക്കാമെന്നാണ് ത്രിപുരയുടെ ചുമതലയുള്ള ബിജെപി നേതാവ് സുനില്‍ ദ്യോദാറിന്റെ മുന്നറിയിപ്പ്. പുതിയ മന്ത്രിമാര്‍ ഔദ്യോഗിക വസതികളില്‍ താമസം ആരംഭിക്കുന്നതിന് മുമ്പ് അവിടുത്തെ സെപ്റ്റിക് ടാങ്കുകള്‍ വൃത്തിയാക്കണമെന്ന് സുനില്‍ ദ്യോദാര്‍ പറഞ്ഞു. ഔദ്യോഗിക വസതികള്‍ വേണ്ടവിധം വൃത്തിയാക്കാതെ താമസം തുടങ്ങിയാല്‍ ബിജെപി മന്ത്രിമാര്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് പഴി കേള്‍ക്കേണ്ടിവരുമെന്നും ദ്യോദാര്‍ പിന്നീട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. 2005ല്‍ ഒരു സ്ത്രീയുടെ അസ്ഥികൂടം മാണിക് സര്‍ക്കാരിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം നടന്നെങ്കിലും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നില്ല. എല്ലാ മന്ത്രിമാരുടെയും ഔദ്യോഗിക വസതികളിലെ സെപ്റ്റിക് ടാങ്കുകള്‍ വൃത്തിയാക്കിക്കണമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബിനോട് ആവശ്യപ്പെടുകയാണ്. 2005 ജനുവരിയില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന മാണിക് സര്‍ക്കാരിന്റെ വസതിയിലെ സെപ്റ്റിക് ടാങ്കില്‍ ഒരു സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയത് ഓര്‍മ്മയുണ്ടാകുമല്ലോ. ആ കേസ് തേച്ചുമായ്ക്കപ്പെടുകയായിരുന്നു. സുനില്‍ ദ്യോദാര്‍ ട്വിറ്റ് ചെയ്തു.


അതേ സമയം ഏതു വിധേനയുള്ള വൃത്തിയാക്കലോ അന്വേഷണമോ വേണമെങ്കിലും നടത്താമെന്നായിരുന്നു സംസ്ഥാനത്തു നിന്നുള്ള സി.പി.എം നേതാവ് ഗൗതം ദാസിന്റെ പ്രതികരണം.