Connect with us

crime

ത്രിപുരയിൽ ക്ഷേത്രത്തിലെ വിഗ്രഹം നശിപ്പിച്ചെന്ന് ആരോപണം; 12 വീടുകൾ അഗ്നിക്കിരയാക്കി

സംഭവത്തെ തുടർന്ന് ജിറാനിയ സബ്‌ഡിവിഷനിൽ ഭാരതീയ നാഗരിക സുരക്ഷാ സംഹിതയുടെ സെക്ഷൻ 163 പ്രകാരം നിരോധന ഉത്തരവുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Published

on

ത്രിപുരയിലെ റാണിർബസാർ പ്രദേശത്തെ ഒരു ക്ഷേത്രത്തിൽ വിഗ്രഹം വികൃതമാക്കിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അജ്ഞാതർ 12 വീടുകളും നിരവധി വാഹനങ്ങളും കത്തിച്ചതായി റിപ്പോർട്ട്. സംഭവത്തെ തുടർന്ന് ജിറാനിയ സബ്‌ഡിവിഷനിൽ ഭാരതീയ നാഗരിക സുരക്ഷാ സംഹിതയുടെ സെക്ഷൻ 163 പ്രകാരം നിരോധന ഉത്തരവുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിരോധന ഉത്തരവുകൾ പ്രകാരം സ്ഥലത്ത് അഞ്ചോ അതിലധികമോ ആളുകളുടെ ഒത്തുചേരൽ നിരോധിക്കും.

സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണെന്ന് അസിസ്റ്റൻ്റ് ഇൻസ്‌പെക്ടർ ജനറൽ അനന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു. ‘കൈതുർബാരിയിൽ കാളിയുടെ വിഗ്രഹം വികൃതമാക്കിയ നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് ഞായറാഴ്ച വൈകിട്ട് റാണിർബസാറിൽ 12 ഓളം വീടുകൾ അക്രമികൾ അഗ്നിക്കിരയാക്കുകയായിരുന്നു.

ഏതാനും മോട്ടോർ സൈക്കിളുകളും പിക്കപ്പ് വാനുകളും തീയിൽ കത്തിനശിച്ചിട്ടുണ്ട്. ഭാഗ്യവശാൽ, ആളപായമൊന്നും റിപ്പോർട്ട് ചെയ്തില്ല, ജനക്കൂട്ടത്തെ കണ്ട് നിവാസികൾ വീടുകളിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു,’ അദ്ദേഹം പറഞ്ഞു.

ഇൻ്റലിജൻസ് ഡയറക്ടർ ജനറൽ അനുരാഗ് ധങ്കറും വെസ്റ്റ് ത്രിപുര പൊലീസ് സൂപ്രണ്ട് കിരൺ കുമാറും പ്രദേശം സന്ദർശിച്ചിട്ടുണ്ടെന്നും ദാസ് പറഞ്ഞു. വസ്തുവകകൾ നഷ്ടപ്പെട്ടതിൻ്റെ വിലയിരുത്തൽ പൂർത്തിയായാൽ പൊലീസ് സ്വമേധയാ കേസെടുക്കുമെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അക്രമം അഴിച്ചുവിട്ട അജ്ഞാത സംഘത്തെക്കുറിച്ച് വിവരങ്ങൾ ഒന്നും നിലവിൽ ലഭ്യമല്ല. പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. ഓഗസ്റ്റ് 19 മുതൽ 26 പേരുടെ ജീവൻ അപഹരിക്കുകയും 1.17 ലക്ഷം ആളുകളെ ഭവനരഹിതരാക്കുകയും ചെയ്ത വിനാശകരമായ വെള്ളപ്പൊക്കത്തിന്റെ അപകടത്തിൽ നിന്നും ത്രിപുര ഇപ്പോഴും കരകയറിയിട്ടില്ല.

crime

സർക്കാർ ഡോക്ടർ ശസ്ത്രക്രിയക്ക് കൈക്കൂലി ചോദിച്ച സംഭവം; ഡോ. വിനീതിനെതിരെ ഇന്ന് നടപടിയെടുക്കും

ഗൗരവമേറിയ പരാതി അറിഞ്ഞിട്ടും പൂഴ്ത്തിവെച്ച ആശുപത്രി സൂപ്രണ്ടിനെതിരെയും ഡിഎംഒ നൽകിയ അന്വേഷണ റിപ്പോർട്ടിൽ കടുത്ത പരാമർശമുണ്ട്. 

Published

on

കൈക്കൂലി ചോദിച്ചതിൽ പത്തനംതിട്ട അടൂർ ജനറൽ ആശുപത്രിയിലെ അസിസ്റ്റൻറ് സർജൻ ഡോക്ടർ വിനീതിനെതിരെ ആരോഗ്യവകുപ്പ് ഇന്ന് നടപടിയെടുക്കും. ഗൗരവമേറിയ പരാതി അറിഞ്ഞിട്ടും പൂഴ്ത്തിവെച്ച ആശുപത്രി സൂപ്രണ്ടിനെതിരെയും ഡിഎംഒ നൽകിയ അന്വേഷണ റിപ്പോർട്ടിൽ കടുത്ത പരാമർശമുണ്ട്.

സെപ്റ്റബർ 17 നാണ് ഭിന്നശേഷിക്കാരിയായ വിജയശ്രീ സഹദോരിയുമായി അടൂർ ജനറൽ ആശുപത്രിയിലെത്തിയത്. അസി. സർജനായ ഡോ. വിനീതിനെ കണ്ടു. തുടർന്നാണ് ഡോക്ടർ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്തേക്ക് ക്ഷണിച്ചത്. 12 ആയിരം രൂപ കൈക്കൂലിയും ആവശ്യപ്പെട്ടു. പണം നൽകാതെ വന്നപ്പോൾ ചികിത്സ നിഷേധിച്ചെന്നാണ് വിജയശ്രീ പറയുന്നത്.

സെപ്റ്റംബർ 25 ന് അതേ ആശുപത്രിയിലെ മറ്റൊരു സർജനായ ഡോ. ശോഭ ശസ്ത്രക്രിയ നടത്തി. രേഖാമൂലം അന്ന് തന്നെ ആശുപത്രി സൂപ്രണ്ടിന് ശബ്ദരേഖ ഉൾപ്പെടെ പരാതി നൽകിയെന്നാണ് വിജയശ്രീ പറയുന്നത്. കൈക്കൂലി ചോദിക്കുന്ന ശബ്ദരേഖ ഉൾപ്പെടെ എല്ലാം കേട്ടിട്ടും അറിഞ്ഞിട്ടും ആശുപത്രി സൂപ്രണ്ട് നടപടി എടുത്തില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

പരാതി നല്കി രണ്ടാഴ്ച കഴിഞ്ഞും ഒരു വകുപ്പ് തല അന്വേഷണവും സൂപ്രണ്ട് നടത്തിയില്ലെന്നാണ് പരാതിക്കാരി പറയുന്നത്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പരാതി പൂഴ്ത്തിവെച്ചു. ആരോഗ്യമന്ത്രി പറഞ്ഞത് അനുസരിച്ച് ഡോക്ടർ വിനീതിനെതിരായ അന്വേഷണം നടത്തിയ ജില്ലാ മെഡിക്കൽ ഓഫീസർ നൽകിയ റിപ്പോർട്ടിൽ സൂപ്രണ്ട് വരുത്തിയ വീഴ്ചയെ കുറിച്ചും പറയുന്നുണ്ട്. പ്രതിഷേധമുണ്ടായപ്പോഴാണ് ഗുരുതര സ്വഭാവമുള്ള പരാതിയെ അറിഞ്ഞതെന്ന് ഡിഎംഒ പറയുന്നു. വകുപ്പിന് തന്നെ ആകെ നാണക്കേട് ഉണ്ടായ സംഭവത്തിൽ സൂപ്രണ്ട് ഡോ. ജെ. മണികണ്ഠനെതിരെ നടപടി വരുമെന്നാണ് വിവരം.

Continue Reading

crime

രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങി; തിരുവനന്തപുരം നഗരസഭാ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

നഗരസഭയുടെ ആറ്റിപ്ര സോണൽ ഓഫീസിലെ ചാർജ് ഓഫീസറും മുമ്പ്  പ്രധാന ഓഫീസിൽ എൻജിനീയറിങ് വിഭാഗം സൂപ്രണ്ടുമായിരുന്ന ഷിബു കെ. എമ്മിനെയാണ് സസ്പെൻഡ് ചെയ്തത്.

Published

on

ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന് പരാതിയിൽ തിരുവനന്തപുരം നഗരസഭാ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. നഗരസഭയുടെ ആറ്റിപ്ര സോണൽ ഓഫീസിലെ ചാർജ് ഓഫീസറും മുമ്പ്  പ്രധാന ഓഫീസിൽ എൻജിനീയറിങ് വിഭാഗം സൂപ്രണ്ടുമായിരുന്ന ഷിബു കെ. എമ്മിനെയാണ് സസ്പെൻഡ് ചെയ്തത്.

തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്‌ടർ സീറാം സംബശിവ റാവുവാണ് നടപടിയെടുത്തത്. നഗരസഭയുടെ കുറവൻകോണം വാർഡിൽ ഡോ. ആരിഫ സൈനുദ്ദീന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്‍റെ ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് തടസവാദങ്ങൾ ഉന്നയിക്കുകയും ഇതിനായി രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങുകയും ചെയ്തു എന്ന പരാതിയിലാണ് നടപടി. കോർപ്പറേഷൻ ഡെപ്യൂട്ടി സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തിന്‍റെ പശ്ചാത്തലത്തിലാണ് സസ്പെൻഷൻ’ നടപടി.

ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് മാറ്റിനിർത്തി പരാതിയിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് വകുപ്പ് അധികൃതർ അറിയിച്ചു. മുൻ ഡപ്യൂട്ടി സ്പീക്കർ നഫീസത്ത് ബിബിയുടെ മകളുടെ ഭർത്താവിൽ നിന്നാണ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയത്.

Continue Reading

crime

ഒരുമിച്ച് കുളിക്കാനിറങ്ങി, ഒഴുക്കില്‍പ്പെട്ട സുഹൃത്തിനെ രക്ഷിക്കാന്‍ നിന്നില്ല, മരണവിവരം മറച്ചുവെച്ചു; അറസ്റ്റ്

യുവാവിന്റെ മരണത്തിൽ സംശയം തോന്നി ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. 

Published

on

ഒന്നിച്ച് കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കാതിരുന്നതിന് മൂന്ന് പേർ അറസ്റ്റിൽ. ഇരിട്ടിക്ക് സമീപം വട്ട്യറ പുഴയിൽ ഒഴുക്കിൽപ്പെട്ട ചെടിക്കുളം സ്വദേശി തടത്തിൽ ജോബിൻ (33) മരിച്ച സംഭവത്തിലാണ് ജോബിന്റെ മൂന്ന് സുഹൃത്തുക്കൾ അറസ്റ്റിലായത്. യുവാവിന്റെ മരണത്തിൽ സംശയം തോന്നി ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്.

ഇരിട്ടി പയഞ്ചേരി പാറാൽ വീട്ടിൽ കെ കെ. സക്കറിയ (37), വിളക്കോട് നബീസ മൻസിലിൽ പി കെ സാജിർ (46), മുരുങ്ങോടി മുള്ളൻപറമ്പത്ത് വീട്ടിൽ എ കെ സജീർ (40) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സെപ്റ്റംബർ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. ജോബിൻ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാൻ പോയത്.

രാത്രി വൈകിയും ജോബിൻ വീട്ടിൽ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് വട്ട്യറ പുഴക്കരയിൽ ജോബിന്റെ വസ്ത്രം അഴിച്ചുവെച്ച നിലയിൽ കണ്ടത്. ഇരിട്ടി പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ രണ്ടാം ദിവസമാണ് ജോബിന്റെ മൃതദേഹം കണ്ടെത്തിയത്‌.

സുഹൃത്തുക്കളുമൊന്നിച്ച് പുഴക്കടവിൽ എത്തിയ ജോബിൻ കുളിക്കുന്നതിനിടെ ഇവരുമായി വാക്കേറ്റവും ചെറിയ ഉന്തും തള്ളും ഉണ്ടായി. ഈ തള്ളലിനിടയിലാണ് ജോബിൻ ഒഴുക്കിൽപ്പെട്ടത്‌. എന്നാൽ ഇവർ ജോബിനെ സഹായിക്കാതെ രക്ഷപ്പെടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മാത്രമല്ല ജോബിനെ കാണാതായ വിവരം പുറത്തുവന്നതിനു ശേഷവും ഒഴുക്കിൽപ്പെട്ടതിനെക്കുറിച്ച് ആരോടും പറഞ്ഞില്ല.

പുഴക്കരയിൽ നിൽക്കുന്ന സമയത്ത് ജോബിൻ ബന്ധുക്കളെ വിളിച്ച ഫോൺ ആണ് നിർണായകമായത്. താൻ പുഴക്കരയിലാണെന്ന് ജോബിൻ പറഞ്ഞിരുന്നു. കൂടാതെ ഒപ്പമുള്ളവരുടെ പേരും പറഞ്ഞിരുന്നു. ഇതോടെ ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തുവരുന്നത്. അപകടത്തിൽ പെട്ടയാളെ രക്ഷിക്കാൻ ശ്രമിക്കാതെ കടന്നുകളഞ്ഞതിനും പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിനുമാണ് മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്.

Continue Reading

Trending